കൊച്ചി: നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി സിവിൽ വിഭാഗം ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടി എടുത്തത്.

കെ.എസ്.ആർ.ടി.സി ധനകാര്യപരിശോധന വിഭാഗത്തിന്റെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് ചീഫ് എൻജിനീയർ ആർ.ഇന്ദുവിനെ ഗതാഗതമന്ത്രി ആന്റണി രാജു സസ്‌പെൻഡ് ചെയ്തത്. എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിന്റെ നിർമ്മാണത്തിലെ അപാകതകൾ മൂലം സർക്കാരിനുണ്ടായ 1.39 കോടി രൂപയുടെ ഇന്ദുവിൽ നിന്ന് നികത്തണമെന്ന് പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു.

നിർമ്മാണ രംഗത്തും, സാമ്പത്തിക ഭരണ രംഗത്തും ഗുരുതര ക്രമക്കേടുകൾ നടത്തിയ കെഎസ്ആർടിസി മുൻ ചീഫ് എൻജിനീയറെ സസ്‌പെന്റ് ചെയ്യണമെന്ന് അന്വേഷണ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. ആർ.ഇന്ദുവിനെയാണ് സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ധനകാര്യ പരിശോധനാ വിഭാഗമാണ് ശുപാർശ ചെയ്തത്.

കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിർമ്മാണത്തിൽ ഇന്ദു 1.39 കോടിരൂപയുടെ നഷ്ടം വരുത്തി വെച്ചെന്നാണ് ഒരു കണ്ടെത്തൽ. എറണാകുളം ഡിപ്പോയിലെ അഡ്മനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റേയും 12 ബേ ഗ്യാരേജിന്റെയും അടിത്തറയ്ക്കു ഗുരുതരമായ അപാകത ഉണ്ടെന്നു ആദ്യമേ കണ്ടെത്തി. പക്ഷേ കരാറുകാരന് ആർ. ഇന്ദു തുക അനുവദിച്ചു നൽകി.

ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്കു കൂട്ടുനിൽക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു.

ഉപയോഗശൂന്യമായ കെട്ടിടം നിർമ്മിച്ചതിലൂടെ 1.39 കോടി സർക്കാരിനു പാഴായി. പിഡബ്ല്യൂഡി, കെഎസ്ആർടിസി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെണ്ടറിൽ പങ്കെടുക്കാൻ ചീഫ് എൻജിനീയർ ഇന്ദി അനുവദിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരുപ്പു കേന്ദ്രവും ഗ്യാരേജും നിർമ്മിക്കുന്ന കരാറുകാർക്ക് അനുകൂല നിലപാട് സ്വീകരിച്ചു. ചട്ടങ്ങൾക്കു വിരുദ്ധമായി കരാറുകാരനു പൂർത്തീകരണ കാലാവധി നീട്ടി നൽകി. തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമ്മാണ കാലാവധി 6 മാസമായിരിക്കേ, വീണ്ടും 11 മാസം കൂടി ദീർഘിപ്പിച്ചു നൽകി. കരാർ

കണ്ണൂർ ഡിപ്പോയിൽ ജീവനക്കാരുടെ വിശ്രമമുറിയും ഓഫിസ് മുറിയും നിർമ്മിച്ച കരാറുകാരനെ സഹായിക്കുന്ന തരത്തിൽ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി. മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. സാങ്കേതിക അനുമതി ഇല്ലാതെ പ്രവൃത്തി നടപ്പിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹൗസിങ് ബോർഡിൽ ഡെപ്യൂട്ടേഷനിലാണ് ഇപ്പോൾ ഇന്ദു ജോലി ചെയ്യുന്നത്. കെഎസ്ആർടിസിയിൽ ആരോപണത്തെ തുടർന്ന് അവധിയിൽ പോയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇന്ദു ഹൗസിങ് ബോർഡിൽ ഡെപ്യൂട്ടേഷനിൽ ജോലിക്ക് കയറിയതെന്നും ആരോപണമുയർന്നിരുന്നു. ഇതിനിടയെയാണ് ഗതാഗതമന്ത്രി തന്നെ സസ്‌പെൻഷൻ പ്രഖ്യാപിച്ചത്.

നേരത്തെ ആരോപണങ്ങൾ ഉയർന്നപ്പോൾ, അവധിയിൽ പ്രവേശിക്കാനാണ് കെഎസ്ആർടിസി എംഡി നിർദ്ദേശിച്ചത്. കെഎസ്ആർടിസിയിൽ ബിന്ദുവിനെ തുടർന്ന് കൊണ്ട് പോകാനാകില്ലെന്ന് കർശന നിലപാട് എംഡി എടുത്തു. ഇക്കാര്യം സർക്കാരിനെയും അറിയിച്ചു. ഇതോടെയായിരുന്നു ബിന്ദു അവധിയിൽ പോയത്.