കോട്ടയം: അഞ്ചാം വയസിൽ തുടങ്ങിയതാണ് ഇന്ദുലേഖയുടെ പോരാട്ടം. അഴിമതിക്കും വോട്ടു ബാങ്കു രാഷ്ട്രീയത്തിനും എതിരെ ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് യുവ അഭിഭാഷകയായ ഇന്ദുലേഖ ജോസഫ്. അതും ചതുഷ്‌കോണ മത്സരം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറിൽ. പിസി ജോർജുൾപ്പെടെയുള്ള അതികായകരെ മറികടന്ന് നിയമസഭയിലെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ദുലേഖ.

സമരപരമ്പരകൾ ഏറെക്കണ്ട പാരമ്പര്യവുമായി ആണ് ഈ യുവസ്ഥാനാർത്ഥിയുടെ വരവ്. അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പ്രഫസറായിരുന്ന അച്ഛൻ നസ്രായനും നാറാണത്ത്ഭ്രാന്തനും എന്ന പുസ്തകമെഴുതിയതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് ഇന്ദുലേഖയെ ശ്രദ്ധേയയാക്കിയത്. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ സർക്കാരിന് ശുപാർശ ചെയ്ത 'ചർച്ച് ആക്ടി'ന്റെ ഹിതപരിശോധന ലക്ഷ്യവുമായാണ് അഡ്വ. ഇന്ദുലേഖ ജോസഫ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് താൻ പൂഞ്ഞാറിൽ മത്സരരംഗത്തിറങ്ങിയിരിക്കുന്നതെന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മത്സരിക്കുന്നതെന്നും ഇന്ദുലേഖ പറയുന്നു.

കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തിന്റെ പിന്തുണയോടെയാണ് ഇന്ദുലേഖ മത്സരിക്കുന്നത്. വിദ്യാർത്ഥിനിയായിരിക്കുമ്പോൾ കോളേജ് അധികൃതരുടെ നീതി നിഷേധത്തിനെതിരെ സുപ്രീംകോടതി വരെ കേസു നടത്തി വിജയം വരിച്ചതിന്റെ ആത്മവിശ്വാസവുമായിട്ടാണ് ഇന്ദുലേഖ മത്സരത്തിനെത്തുന്നത്. പാലാ രൂപതയുടെ കീഴിലുള്ള ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ പഠിക്കുന്ന സമയത്ത് ഇന്ദുലേഖയുടെ പിതാവും ഇതേ കോളേജിലെ അദ്ധ്യാപകനുമായ ജോസഫ് സഭയുടെ പൗരോഹിത്യ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ചുകൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് ഇന്ദുലേഖയെ അധികൃതർ കോളേജിൽ നിന്നും പുറത്താക്കിയത്. ഇതിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തേണ്ടിവന്നു ഇവർക്ക്. തുടർന്ന് കെ.സി.ആർ.എം എന്ന കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തനത്തിലായിരുന്നു ഇന്ദുലേഖയും പിതാവും. അഞ്ചു വയസ്സുള്ളപ്പോൾ അഴിമതിക്കെതിരെ പാർലമെന്റിന്റെ മുമ്പിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ച് മാദ്ധ്യമശ്രദ്ധ നേടിയിരുന്നു ഇന്ദുലേഖ.

കേരളാ ദൂരദർശനിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ചാം വയസിലായിരുന്നു ഇന്ദുലേഖയുടെ ആദ്യ പോരാട്ടം. ശിശുദിനത്തിന് പാർലമെന്റിന് മുന്നിൽനൃത്തം ചവിട്ടി പ്രതിഷേധിച്ച കുരുന്നിനെ അറസ്റ്റ് ചെയ്തത് മാദ്ധ്യമ ശ്രദ്ധനേടിയിരുന്നു. പിന്നീടാണ് ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തിനെതിരെ ഇന്ദുലേഖ രംഗത്തെത്തുന്നത്. കത്തിലിക്കാ സഭയുടെ കോളേജിൽ നിന്ന് ഇതോടെ ഇന്ദുലേഖ പുറത്തായി. പിന്നീട് കോടതിയിടപെടലുകളുമുണ്ടായി. എൽ.എൽ.ബി കഴിഞ്ഞപ്പോഴേക്കും ഇന്ദുലേഖയുടെ പോരാട്ടവീര്യം കൂടി. പൂഞ്ഞാർ മണ്ഡലത്തിലെ സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളിൽ ഇന്ദുലേഖ ഇടപെടുന്നുണ്ട്.

ജയിച്ചാൽ പള്ളിയുടെ സ്വത്തുഭരണം വിശ്വാസികൾക്ക് നൽകണമെന്ന ചർച്ച് ആക്ട് പാസാക്കാൻ നിയമസഭയിൽ സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം അഴിമതിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവക്കും. ഒരാൾ രണ്ടു തവണയിൽ കൂടുതൽ സ്ഥാനാർത്ഥിയാവാൻ പാടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവ് സർക്കാർ ഏറ്റെടുക്കണം ''ഇന്ദു ലേഖ പറയുന്നു. കല്ലിട്ടും കല്യാണമുണ്ടും നടക്കുന്നവരാവരുത് ജനപ്രതിനിധികൾ. എംഎ‍ൽഎ ആയാൽ ഒരു രൂപ പോലും അഴിമതി നടത്തില്ല. മാറ്റത്തിനാണ് പൂഞ്ഞാറുകാർ ആഗ്രഹിക്കുന്നതെന്നും വിജയപ്രതീക്ഷയിലാണെന്നും ഇന്ദുലേഖ പറയുന്നു.