- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്പീഡോ മീറ്റർ വിച്ഛേദിച്ച് വാഹനം ഓടിക്കുന്നത് കസ്റ്റമറെ ചീറ്റ് ചെയ്യുന്നതിന് തുല്യം; മറ്റൊരു വാഹനത്തിന്റെ ടിസി രജിസ്ട്രേഷൻ ഉപയോഗിച്ച് കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് വിൽക്കാത്ത കാർ കൊണ്ടു പോയത് ഡീലർമാരായ ഇൻഡസ് മോട്ടേഴ്സ്; വിവാദത്തിലാകുന്നത് വഹാബിന്റെ സ്ഥാപനം
ആലപ്പുഴ: കാറിന്റെ സ്പീഡോ മീറ്റർ വിച്ഛേദിച്ചും മറ്റൊരു കാറിന്റെ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ഉപയോഗിച്ചും കോഴിക്കോടു നിന്നും തിരുവനന്തപുരം ഷോറൂമിലേക്ക് കൊണ്ടു പോയത് പ്രമുഖ വാഹന ഡീലർ തന്നെ. ഇൻഡസ് മോട്ടേഴ്‌സിനെതിരെയാണ് നടപടികൾ എടുത്തിരുന്നത്.
ഇൻഡസ് മോട്ടോർസിന്റെ കാർ കായംകുളത്ത് വച്ച് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് മാതൃഭൂമി ചാനലിൽ അടക്കം വാർത്തയായിരുന്നു. എന്നാൽ ഏത് ഡീലറാണ് നടപടി നേരിട്ടതെന്ന് മാതൃഭൂമി ഉൾപ്പെടെ രഹസ്യമാക്കി വച്ചു. കായംകുളം സബ്.ആർ.ടി.ഓഫീസിലെ എ.എം വിഐ ടി.എസ് പ്രജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാർ പിടികൂടിയത്. ഒരുലക്ഷത്തിമൂവായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.
മുസ്ലിം ലീഗ് നേതാവും പ്രമുഖ വ്യവസായിയുമായ അബ്ദുൾ വഹാബിന്റെ സ്ഥാപനമാണ് ഇൻഡസ്. രാജ്യസഭാ അംഗമായ വഹാബ് പ്രധാനപ്പെട്ട പ്രവാസി വ്യവസായികളിലൊരാളാണ്. അത്തരത്തിലൊരാളുടെ സ്ഥാപനത്തിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. നാഷണൽ ഹൈവേയിൽ പതിവു പരിശോധന നടത്തിവരവെയാണ് ടി.സി.ആർ നമ്പർ പതിപ്പിച്ച വാഹനം പ്രജുവും സംഘവും പരിശോധിച്ചത്.
പരിശോധനയിൽ മറ്റൊരു വാഹനത്തിന്റെ ടി.സി.ആർ ഉപയോഗിച്ചാണ് കാർ കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയതെന്ന് കണ്ടെത്തുന്നത്. ഡീലർക്ക് കാർ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ അനുമതി നൽകുന്ന സർട്ടിഫിക്കറ്റാണ് ടി.സി.ആർ അഥവാ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ. ട്രേഡ് സർട്ടിഫിക്കേറ്റ് രജിസ്റ്റർ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോൾ ഒറിജിനൽ ട്രേഡ് സർട്ടിഫിക്കേറ്റ് വാഹനത്തിൽ സൂക്ഷിക്കണമെന്നാണ് നിയമം.
എന്നാൽ ടി.സി.ആറിന്റെ കോപ്പി ഉപയോഗിച്ച് വാഹനം സർവ്വീസ് നടത്തുമ്പോൾ ഒരേ ട്രേഡ് സർട്ടിഫിക്കേറ്റിന്റെ കോപ്പി വെച്ച് പല സ്ഥലങ്ങളിലേക്ക് വാഹനം സർവ്വീസ് നടത്താൻ സാധിക്കും. ഇത് സർക്കാരിന് ലഭിക്കുന്ന നികുതിയെ ബാധിക്കും. മാത്രമല്ല, ഈ വാഹനം അപകടത്തിൽപെട്ടാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ളവ ലഭിക്കില്ല. വാഹനം തുടർന്നു പരിശോധിച്ചപ്പോൾ സ്പീഡോ മീറ്റർ വേർപെടുത്തിയതായി കാണപ്പെട്ടു.
ഇത് വാഹനത്തിന്റെ സ്റ്റിയറിങ് സ്റ്റെബിലിറ്റിയെ ബാധിക്കുകും സ്റ്റിയറിങ് കേടുപാട് സംഭവിക്കുകയും ചെയ്യും. ഇത്തരത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച വാഹനം കസ്റ്റമർക്ക് കിട്ടുമ്പോൾ ഗുരുതര സാങ്കേതിക പ്രശ്നങ്ങൾ കാണും. അതിനാൽ മോട്ടോർ വാഹന നിയമത്തിൽ പുതിയതായി കൂട്ടി ചേർത്ത 182 എ എന്ന നിയമം അനുസരിച്ച് ഒരു ലക്ഷത്തി മൂവായിരം രൂപാ പിഴയിടുകയായിരുന്നു.
സ്പീഡോ മീറ്റർ വിച്ഛേദിച്ച് വാഹനം കിലോമീറ്ററുകളോളം സഞ്ചരിച്ചത് കസ്റ്റമറെ ചീറ്റ് ചെയ്യുന്നതിന് തുല്യമാണ്. കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ 400 കിലോമീറ്ററുകളോളം ദൂരമാണുള്ളത്. ഇത്രയും ദൂരം വാഹനം ഇൻഡസ് മോട്ടോർസിന്റെ ജീവനക്കാരൻ മറ്റൊരു ഷോറൂമിലേക്ക് റോഡ് മാർഗ്ഗം ഓടിച്ചു പോകുകയായിരുന്നു. സാധാരണ വാഹനം വലിയ കണ്ടെയ്നർ ലോറിയിലാണ് ഇത്തരത്തിൽ മാറ്റുന്നത്. എന്നാൽ കണ്ടെയ്നർ ലോറിക്ക് വലിയ തുക കൊടുക്കേണ്ടതിനാൽ റോഡു മാർഗ്ഗം ഓടിച്ചു കൊണ്ടുപോകുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി വാഹനങ്ങൾ ഇൻഡസ് മോട്ടോർസ് വിവധ ഷോറൂമുകളിൽ എത്തിക്കുകയും അത് കസ്റ്റമർ അറിയാതെ വിൽപ്പന നടത്തിയിട്ടുമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
പൊതു ജനങ്ങളെയും സർക്കാരിനെയും കബളിപ്പിക്കുന്ന ഇത്തരം ഡീലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ടി.സി.ആർ പതിച്ചെത്തുന്ന മുഴുവൻ വാഹനങ്ങളും കർശനമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. കൂടാതെ വാഹനം വാങ്ങുന്നവർ കൃത്യമായി നിരീക്ഷണം നടത്തിയ ശേഷം മാത്രമേ വാഹനം വാങ്ങാവൂ. ടയറുകൾ ഇളക്കി മാറ്റി പഴയ ടയർ ഉപയോഗിച്ചാവും ഇത്തരത്തിൽ വാഹനം മറ്റു ഷോറുമുകളിൽ എത്തിക്കുന്നത്. അവിടെ വച്ച് പുതിയ ടയർ വീണ്ടും ഘടിപ്പിക്കും. അതിനാൽ ടയർ നോക്കി വാഹനം ഓടിയിട്ടുണ്ടോ എന്നു കണ്ടു പിടിക്കാൻ പ്രയാസമാണ്. പരിയസമ്പന്നനായ ഒരു ടെക്നീഷ്യനുമായി പോയാൽ ഇത്തരം കബളിപ്പിക്കലുഖളിൽ നിന്നും രക്ഷപെടാനാവുമെന്ന് വിദഗ്ദ്ധർ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.