ബെർലിൻ: 2000-ത്തിനു ശേഷം രാജ്യത്ത് സാമ്പത്തിക അസമത്വം ഏറെ വർധിച്ചതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു. രാജ്യം സമ്പദ് പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും കുറഞ്ഞ വരുമാനമുള്ളവർക്ക് അവരുടെ സമ്പാദ്യം ഏറെ കുറവാണെന്നു തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 15 വർഷം മുമ്പുള്ളതിനെക്കാൾ കൂടുതലാണ് ഇപ്പോൾ സമ്പത്തിന്റെ കാര്യത്തിൽ രാജ്യത്ത് നിലനിൽക്കുന്ന അസമത്വം.

രാജ്യം സമൃദ്ധി പ്രാപിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങൾ ജനങ്ങളിലേക്ക് പ്രവഹിക്കുന്നത് എത്രത്തോളം തുല്യത ഉണ്ടെന്ന കാര്യം ഇതു വെളിവാക്കുന്നു. 2000-ൽ ലോകത്ത് സാമ്പത്തിക അസമത്വം ഏറ്റവും കുറവുള്ള രാജ്യമായിരുന്നു ജർമനി. എന്നാൽ ഇന്ന് ഇക്കാര്യത്തിൽ ജർമനിയുടെ സ്ഥാനം ചെക്ക് റിപ്പബ്ലിക്കിനും സ്വീഡനും ഡെന്മാർക്കിനും പിന്നിലാണ്.

2000-ലെ കണക്കനുസരിച്ച് മേൽത്തട്ടിലുള്ള 20 ശതമാനം ആൾക്കാരും താഴ്‌ത്തട്ടിലുള്ള 20 ശതമാനം പേരുടെതിനേക്കാൾ 3.5 ഇരട്ടി വരുമാനം കൈവരിക്കുന്നതായാണ് തെളിഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇത് അഞ്ചിരട്ടിയായി വർധിച്ചു കഴിഞ്ഞു. രാജ്യത്ത് മേൽത്തട്ടിലുള്ളവരുടെ സമ്പാദ്യം 39 ശതമാനം വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

സാമ്പത്തിക അസമത്വം ഉണ്ടാകാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത് ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകളാണ്. 62 ശതമാനം ജർമൻകാരുടേയും പ്രധാന വരുമാനം ശമ്പളമാണ്. 23 ശതമാനം പേർക്കും പ്രധാനവരുമാനം വെൽഫെയർ, പെൻഷൻ തുടങ്ങിയവയാണ്. പത്തു ശതമാനം പേർക്കാകട്ടെ തങ്ങളുടെ ആസ്തിയിൽ നിന്നുള്ള വരുമാനവും.