- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതിരഹിത ഇറക്കുമതി രാജ്യാന്തരക്കരാർ കാർഷിക മേഖലയെ തീറെഴുതും: ഇൻഫാം
കൊച്ചി: ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമുൾപ്പെടെ 16 രാജ്യങ്ങൾ ചേർന്നുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിൽ നികുതിരഹിത ഇറക്കുമതിയെ അനുകൂലിച്ച് കേന്ദ്രസർക്കാർ, ഇന്നലെ (05-08-2016) ലാവോസിൽ ചേർന്ന മന്ത്രിതലസമ്മേളനത്തിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഇന്ത്യയുടെ കാർഷികമേഖലയെ തകർക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. അഞ്ചുവർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ ബജറ്റിലും ഉൽപാദനച്ചെലവിന്റെ 50 ശതമാനം ലാഭം ഉറപ്പുവരുത്തിക്കൊണ്ട് കാർഷികോല്പന്നങ്ങൾക്ക് അടിസ്ഥാനവില നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പ്രഖ്യാപിച്ചവർ കർഷകനെ നടുവൊടിച്ച് വിദേശശക്തികൾക്ക് തീറെഴുതാൻ ശ്രമിക്കുന്നത് ദുഃഖകരമാണ്. രാജ്യാന്തര മന്ത്രിതലസമ്മേളനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കർഷകനിലനിൽപിന് വൻ ഭീഷണിയാണ്. ഒന്നാമതായി, സ്വതന്ത്ര വ്യാപാരക്കരാറുള്ള ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള ഇറക്കുമതിച്ചുങ്കത്തിന്റെ 80 ശതമാനം വെട്ടിക്കുറയ്ക്കുന്നതാണ്. ഇതിൽ 65
കൊച്ചി: ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമുൾപ്പെടെ 16 രാജ്യങ്ങൾ ചേർന്നുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിൽ നികുതിരഹിത ഇറക്കുമതിയെ അനുകൂലിച്ച് കേന്ദ്രസർക്കാർ, ഇന്നലെ (05-08-2016) ലാവോസിൽ ചേർന്ന മന്ത്രിതലസമ്മേളനത്തിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഇന്ത്യയുടെ കാർഷികമേഖലയെ തകർക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
അഞ്ചുവർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ ബജറ്റിലും ഉൽപാദനച്ചെലവിന്റെ 50 ശതമാനം ലാഭം ഉറപ്പുവരുത്തിക്കൊണ്ട് കാർഷികോല്പന്നങ്ങൾക്ക് അടിസ്ഥാനവില നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പ്രഖ്യാപിച്ചവർ കർഷകനെ നടുവൊടിച്ച് വിദേശശക്തികൾക്ക് തീറെഴുതാൻ ശ്രമിക്കുന്നത് ദുഃഖകരമാണ്.
രാജ്യാന്തര മന്ത്രിതലസമ്മേളനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കർഷകനിലനിൽപിന് വൻ ഭീഷണിയാണ്. ഒന്നാമതായി, സ്വതന്ത്ര വ്യാപാരക്കരാറുള്ള ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള ഇറക്കുമതിച്ചുങ്കത്തിന്റെ 80 ശതമാനം വെട്ടിക്കുറയ്ക്കുന്നതാണ്. ഇതിൽ 65 ശതമാനം കരാർ ഒപ്പിടുന്ന ദിവസം മുതലും ബാക്കി 15 ശതമാനം 10 വർഷത്തിനിടയിലും. ഉദാഹരണമായി ഇപ്പോൾ റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമാണ്. സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പിട്ടുകഴിയുമ്പോഴിത് 8.75 ശതമാനമായി കുറയ്ക്കും. 10 വർഷത്തിനുള്ളിൽ 5 ശതമാനവും തുടർന്ന് ചുങ്കമില്ലാത്ത ഇറക്കുമതിയും.
രണ്ടാമത്, തെക്കൻ കൊറിയയും ജപ്പാനുമായി ഇപ്പോൾതന്നെ ഇന്ത്യയ്ക്ക് സ്വതന്ത്രവ്യാപാരക്കരാറുണ്ട്. പുത്തൻ കരാറിൽ നിലവിലുള്ളതിന്റെ 65ശതമാനം ചുങ്കം കുറയ്ക്കാമെന്ന് നിർദ്ദേശം ഇന്ത്യ മുന്നോട്ടുവെയ്ക്കുമ്പോൾ ഈ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 80 ശതമാനം നികുതി നിരക്ക് കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനവിഷയം ഇന്ത്യയിൽ നിന്ന് തെക്കൻ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വളരെ കുറവാണ്. അതേസമയം ഈ രാജ്യങ്ങൾക്ക് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതിയിലൂടെ വൻ നേട്ടവുമുണ്ടാകും.
മൂന്നാമത്, ചൈന, ആസ്‌ത്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായി നിലവിലുള്ള ഇറക്കുമതിച്ചുങ്കത്തിന്റെ 42.5ശതമാനം കുറയ്ക്കാമെന്നാണ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നത്. ചൈന 42.5 ശതമാനമെന്ന ഇന്ത്യയുടെ നിർദ്ദേശം സമ്മതിക്കുന്ന സാഹചര്യമാണുള്ളത്. മലേഷ്യയുമായുള്ള ഉഭയകക്ഷി കരാറിലൂടെ നികുതിയില്ലാതെ ഉല്പന്നങ്ങൾ ജൂലൈ 1 മുതൽ ഇറക്കുമതിയാരംഭിച്ചത് ലാറ്റക്‌സ് മേഖലയിൽ വൻവിലയിടിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉരുക്ക് വ്യവസായികളെ രക്ഷിക്കാൻ ഉരുക്ക് ഇറക്കുമതിക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടിയും അടിസ്ഥാന ഇറക്കുമതിവിലയും പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അനിയന്ത്രിതമായ റബർ ഇറക്കുമതിയിലൂടെ വൻതകർച്ച നേരിടുന്ന റബർകർഷകരെ രണ്ടാംതരം പൗരന്മാരായിക്കണ്ട് നീതിനിഷേധിക്കുകയാണ്. ഗാട്ട്, ആസിയാൻ കരാറുകൾക്കുശേഷം കാർഷികമേഖലയുടെ മരണമണിമുഴക്കുന്ന സംയോജിത സാമ്പത്തിക പങ്കാളിത്തക്കരാറിനെക്കുറിച്ച് പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും രാഷ്ട്രീയനേതൃത്വങ്ങളും കർഷകപ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.