കോട്ടയം: റബറിന്റെ ആഭ്യന്തരവിപണിയിലുണ്ടായിരിക്കുന്ന വിലവർദ്ധനവിന്റെ പിന്നിൽ ആസിയാൻ രാജ്യങ്ങളിലെ ഉല്പാദനത്തകർച്ചയും ചൈനയിലേയ്ക്കുള്ള ഇറക്കുമതിയും മാത്രമാണെന്നും കേന്ദ്രസർക്കാരും റബർ ബോർഡും രാഷ്ട്രീയ നേതൃത്വങ്ങളും റബർ കർഷകരോട് നിഷേധനിലപാട് ആവർത്തിക്കുമ്പോഴും താൽക്കാലികമായിട്ടെങ്കിലും ആഗോളവിപണിയിലെ മുന്നേറ്റം കർഷകന് ആശ്വാസമേകുന്നുവെന്നും ഇൻഫാം ദേശീയസെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ആഭ്യന്തര ഉല്പാദനം, കയറ്റുമതി, ഇറക്കുമതി, ഉപഭോഗം എന്നിവ സംബന്ധിച്ച് റബർ ബോർഡ് നൽകുന്ന വിവരണങ്ങൾ കർഷകരെതെറ്റിദ്ധരിപ്പിക്കുന്നതാണ്. കഴിഞ്ഞ എട്ടുമാസം കൊണ്ട് 650 ടൺ റബർ മാത്രം കയറ്റി അയച്ചവർ രണ്ടുമാസം കൊണ്ട് 6000 ടൺ കയറ്റിയയച്ചുവെന്നും ആഭ്യന്തര ഉല്പാദനം മുൻ വർഷങ്ങളിലേതിലും വൻതോതിൽ വർദ്ധിച്ചുവെന്നും കൊട്ടിഘോഷിക്കുന്നത് വിപണിവിലയിടിക്കുവാനുള്ള കുതന്ത്രമാണ്. കേന്ദ്രസർക്കാരോ റബർബോർഡോ കർഷകരിൽ നിന്ന് റബർ വാങ്ങിക്കുകയോ സംഭരിക്കുകയോ ചെയ്തിട്ടില്ല. വ്യാപാരികൾ കർഷകരിൽ നിന്നു വാങ്ങിക്കുന്ന റബർ വ്യവസായികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. 2001 ൽ ഇന്നത്തേതിനു സമാനമായ റബർ പ്രതിസന്ധിയുണ്ടായപ്പോൾ സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷൻ റബർ സംഭരിച്ച് കയറ്റുമതി ചെയ്തിരുന്നു. റബർ സംഭരിക്കാത്തവരും നേരിട്ട് കയറ്റുമതി ചെയ്യാത്തവരും റബർ കയറ്റുമതിയെക്കുറിച്ച് നൽകുന്ന ഊതിവീർപ്പിച്ച കണക്കുകൾ മുഖവിലയ്ക്കെടുക്കാനാവില്ല.

കടുത്തവേനൽ ഉല്പാദനം മൂന്നിലൊന്നായി കുറച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ആഭ്യന്തരവില ഉയർത്താൻപോലും ശ്രമിക്കാതെ മുഖംതിരിഞ്ഞു നിൽക്കുന്ന കേന്ദ്രസർക്കാരിന്റെയും റബർ ബോർഡിന്റെയും കർഷകവിരുദ്ധ മനോഭാവം തിരുത്തണമെന്നും രാജ്യാന്തരമാർക്കറ്റിലെ വിലയായ 183 രൂപയെങ്കിലും കർഷകന് ലഭിക്കുവാനുള്ള സാഹചര്യമൊരുക്കുവാൻ കേന്ദ്രസർക്കാർ വിപണിയിൽ ഇടപെടണമെന്നും ഏതുനിമിഷവും തകർച്ചനേരിടാവുന്ന ആഗോളവിപണിയിലെ അനുദിനമാറ്റങ്ങളെക്കുറിച്ച് കർഷകർ ശ്രദ്ധയോടെ വീക്ഷിക്കുകയും പഠിക്കുകയും ചെയ്യണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.