കോട്ടയം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലം സംബന്ധിച്ച് 2013 നവംബർ 13ന് യുപിഎ സർക്കാർ ഇറക്കിയ ഉത്തരവാണ് നിലവിൽ നിലനിൽക്കുന്നതെന്നും ഇതിനോടകം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങൾക്ക് ഈ ഉത്തരവിനെ മറികടക്കാനാവില്ലെന്നും അതിനുവേണ്ടത് വേണ്ടതിരുത്തലുകൾ വരുത്തിയുള്ള അന്തിമവിജ്ഞാപനമാണെന്നും ഇൻഫാം ദേശീയസെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

2013 നവംബർ 13ലെ ഉത്തരവുപ്രകാരം പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകൾ പരിസ്ഥിതി ലോലമാണ്. ഇതിൽ കേരളത്തിലെ 123 വില്ലേജുകളും ഉൾപ്പെടുന്നു. ഉത്തരവിലെ 9-ാം ഖണ്ഡിക പ്രകാരം ഈ വില്ലേജുകളിൽ ക്വാറി, ഖനനങ്ങൾക്ക് നിയന്ത്രണവും നിരോധനവു മേർപ്പെടുത്തിയിട്ടുണ്ട്. കോടതി വ്യവഹാരങ്ങളിൽ പാറമട ലോബികൾ ഇക്കാര്യം മറച്ചുവച്ചപ്പോൾ കേന്ദ്രസർക്കാർ ഉത്തരവ് സംസ്ഥാന സർക്കാർ കോടതികളിൽ ഹാജരാക്കുന്നതിൽ യാതൊരു അപാകതയുമില്ല. മറിച്ച് ഖനന ക്വാറി ലോബികളെ സംരക്ഷിക്കുവാൻ ഒത്താശചെയ്യുന്നവർ ജനങ്ങളിൽ പരിസ്ഥിതിലോലവികാരമുണർത്തി തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത് ശരിയല്ല.

ഈ ഉത്തരവുപ്രകാരം കോട്ടയം ജില്ലയിലെ നാലുവില്ലേജുകൾ നിലവിൽ പരിസ്ഥിതിലോല വില്ലേജുകളാണ്. ഈ വില്ലേജുകളെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കിയെന്നുള്ള തുടർച്ചയായ പ്രചരണങ്ങൾ പച്ചക്കള്ളമാണ്. ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2015 ജൂലൈ 27ന് സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതുപരിഗണിച്ച് ഈ വില്ലേജുകളെ ഒഴിവാക്കി ഉത്തരവിറക്കിയിട്ടില്ല. ആ സ്ഥിതിക്ക് 2013 നവംബർ 13ലെ ഉത്തരവാണ് ഈ പ്രദേശങ്ങളിൽ ഇന്ന് നിലനിൽക്കുന്നത്. മന്ത്രിമാർ പത്രസമ്മേളനം നടത്തിയതുകൊണ്ടോ ജനപ്രതിനിധികൾ പൊതുവേദികളിൽ പ്രസംഗിച്ചതുകൊണ്ടോ സർക്കാർ ഉത്തരവുകൾ തിരുത്തപ്പെടുകയില്ല. ഇതിന് നിലവിലുള്ള ഉത്തരവുകളിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ മറ്റൊരു ഉത്തരവിറക്കണം. കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരോ, നരേന്ദ്ര മോദി സർക്കാരോ അതിന് ഇതുവരെയും ശ്രമിച്ചിട്ടില്ല.

പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി നേടിയെടുക്കുവാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വിദേശ സാമ്പത്തികസഹായം സ്വീകരിക്കുവാനുമായി യുപിഎ സർക്കാർ രൂപീകരിച്ച ഗാഡ്ഗിൽ സമിതിയുടേയും കസ്തൂരിരംഗൻ സമിതിയുടേയും നിർദ്ദേശങ്ങളെത്തുടർന്ന് കേരളത്തിലെ 123 വില്ലേജുകളെയും പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുവാൻ ഒത്താശചെയ്തവരും ഇതിന് കൂട്ടുനിന്നവരും ഇന്ന് ക്വാറി ഖനന ലോബികളുടെ സംരക്ഷകരാകുവാൻ ശ്രമിക്കുന്നത് ദുഃഖകരമാണ്. ഖനനലോബികളെ സംരക്ഷിക്കുവാൻ പശ്ചിമഘട്ടജനതയെ കിട്ടില്ല. അതിനാലാണ് ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതിലോലപ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കാലമത്രയും ജനകീയ സമരങ്ങൾ ഹൈറേഞ്ചുസംരക്ഷണ സമിതിയുടെയും ഇൻഫാമിന്റെയും നേതൃത്വത്തിൽ ഇടുക്കിയിലും കേരളത്തിലെ ഇതര പശ്ചിമഘട്ടമേഖലകളിലും നടത്തിയത്.

ഇതിനനുസരിച്ചുള്ള ഒരു അന്തിമവിജ്ഞാപനത്തിന് എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കാതെ വിഘടിച്ചുനിന്ന് പോർവിളികളും ആക്ഷേപങ്ങളുമായി രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വീണ്ടും വിഷയം ഖനനലോബികളുടെ സംരക്ഷണത്തിനായി തിരിച്ചുവിടുന്നതും കോടതി വ്യവഹാരങ്ങളിലൂടെ കൂടുതൽ സങ്കീർണ്ണമാക്കുന്നതും ജനവഞ്ചനയാണെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു