കൊച്ചി: മുൻ വർഷങ്ങളിലെ വിലയിടിവിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച 3,10,000 ടൺ റബർ തായ്ലാന്റ് സർക്കാർ വിറ്റഴിക്കാൻ തുടങ്ങിയിരിക്കുന്നതും രാജ്യത്തെ പ്രധാന റബർ ഉല്പാദനമേഖലയിൽ കാലാവസ്ഥ അനുകൂലമായി ടാപ്പിങ് പുനരാരംഭിച്ചിരിക്കുന്നതും വരുംദിവസങ്ങളിൽ രാജ്യാന്തരവിപണിയിൽ പ്രകൃതിദത്ത റബറിന്റെ വിലത്തകർച്ചയ്ക്ക് സാധ്യതയേറുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

2014 മുതൽ ആഗോള റബർ വിപണിയിലുണ്ടായ വിലത്തകർച്ചയിൽ തായ്ലന്റിലെ പട്ടാളസർക്കാർ വിപണിവിലയുടെ ഇരട്ടിനൽകി കർഷകരിൽ നിന്ന് റബർ ശേഖരിച്ച് സംഭരിക്കുകയുണ്ടായി. 26 സ്റ്റേറ്റ് വെയർഹൗസുകളിലായി സംഭരിച്ചിരുന്ന 3,10,000 ടൺ ബ്ലോക്ക് റബറും പുകച്ച ഷീറ്റുൾപ്പെടുന്ന സ്വാഭാവിക റബറിന്റെ 98,000 ടൺ വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇറക്കി. ഇനി ബാക്കിയുള്ള 2,12,000 ടൺ വരുംദിവസങ്ങളിൽ വിപണിയിലെത്തുവാൻ സാധ്യതയുണ്ട്. തായ്ലന്റിന്റെ ഏറ്റവും വലിയ റബർ ഉല്പാദനപ്രദേശമായ തെക്കൻ പ്രൊവിൻസിൽ വെള്ളപ്പൊക്കവും കനത്തമഴയും മൂലം 45 പേർ കൊല്ലപ്പെടുകയും പരിപൂർണ്ണമായി ഒന്നരമാസത്തോളം ടാപ്പിങ് നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഈയവസരത്തിൽ ചൈന വിപണിയിൽ സജീവമായപ്പോൾ തായ്ലാന്റ് റബർസ്റ്റോക്ക് പുറത്തിറക്കിയിരിക്കുന്നത് ഇനിയുള്ള ദിവസങ്ങളിൽ രാജ്യാന്തരവിപണിയുടെ തകർച്ചയ്ക്ക് ഇടനൽകും. ഇതിനോടകം 206 രൂപ വരെയെത്തിയ രാജ്യാന്തര വില ഇന്നലെ ബാങ്കോക്ക് വിപണിയിൽ 169 രൂപയിലേയ്ക്ക് താഴ്ന്നതിന്റെ പ്രതിഫലനം ആഭ്യന്തരവിപണിയിലുമുണ്ടാകാം.

കേരളത്തിൽ, കാലാവസ്ഥാ വ്യതിയാനവും കൊടുംവരൾച്ചയും മൂലം കർഷകർ ടാപ്പിങ് നിർത്തിവച്ചിട്ടുപോലും ഉല്പാദനം വർദ്ധിച്ചിരിക്കുന്നുവെന്ന റബർബോർഡ് പ്രഖ്യാപനം അടിസ്ഥാനമില്ലാത്തതാണ്. ആഭ്യന്തരവിപണിയിൽ വിലയിടിക്കുന്ന നടപടിയിൽ നിന്ന് റബർബോർഡ് പിന്തിരിയണം. രാജ്യാന്തരവിലയെങ്കിലും കർഷകർക്ക് നേടിയെടുക്കുവാൻ ശ്രമിക്കാതെ കർഷകരെ ചൂഷണം ചെയ്യുന്ന പ്രക്രിയക്ക് ബോർഡ് ഒത്താശചെയ്യുന്നത് അതിക്രൂരമാണ്. ദൗർലഭ്യംമൂലം വ്യവസായികൾ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യുമ്പോൾ റബർബോർഡ് റബർ കയറ്റുമതിചെയ്യുന്നതിന്റെ വൻ കണക്കുകളുമായി വന്നിരിക്കുന്നത് വിരോധാഭാസമാണ്. കർഷകനെ മറന്ന് വ്യവസായികളുടെയും വൻകിട വ്യാപാരികളുടെയും ഏജന്റുമാരായി റബർബോർഡ് അധഃപതിക്കുന്നത് അപമാനകരമാണന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.