കോട്ടയം: ആസിയാൻ രാജ്യങ്ങളുമായി മാറിമാറി കേന്ദ്രം ഭരിച്ച സർക്കാരുകൾ ഏർപ്പെട്ട സ്വതന്ത്ര വ്യാപാരക്കരാറുകളെത്തുടർന്നുള്ള കാർഷികോല്പന്നങ്ങളുടെ നികുതിരഹിതവും നിയന്ത്രണവുമില്ലാത്ത ഇറക്കുമതി ശക്തമായിരിക്കുന്നത് ആഭ്യന്തര കാർഷികമേഖലയെ തകർക്കുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ ആരോപിച്ചു.

ആസിയാൻ കരാറുപ്രകാരം 2017 ജനുവരി 1 മുതൽ ഒട്ടേറെ ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞിരിക്കുന്നത് പ്രധാനമായും ബാധിച്ചിരിക്കുന്നത് കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയെയാണ്. കുരുമുളക്, തേയില, കാപ്പി എന്നീ വിളകളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് 2019-നോടുകൂടി ചുങ്കമില്ലാത്ത ഇറക്കുമതിക്ക് കമ്പോളം തുറന്നുകൊടുത്തിരിക്കുന്നത് ആഭ്യന്തരവിപണിയിൽ വൻവിലയിടിവിന് ഇടനൽകും. പാമോയിലിന്റെ നികുതിരഹിത ഇറക്കുമതി കുതിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് നാളികേര കർഷകരാണ്. ലോകത്തിലെ 82 ശതമാനവും സ്വാഭാവിക റബറുല്പാദിപ്പിക്കുന്നത് ആസിയാൻ രാജ്യങ്ങളിലാണ്. ഇതിനോടകം ആസിയാൻ കരാറുപ്രകാരം വിവിധ റബറുല്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ പരിപൂർണ്ണമായും നീക്കം എടുത്തുകളഞ്ഞിരിക്കുന്നു. കൂടാതെ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കം ലോകവ്യാപാരസംഘടന അംഗീകരിച്ച 25 ശതമാനത്തിൽ നിന്ന് കുറയ്ക്കുവാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത് തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന റബർമേഖലയ്ക്ക് ഇരുട്ടടിയാണ്.

2019 നോടുകൂടി മലേഷ്യ, തായ്ലന്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് നികുതിരഹിത പ്രകൃതിദത്ത റബർ ഇറക്കുമതി നടപ്പിലാകുമ്പോൾ ആഭ്യന്തര റബർ വിപണി വീണ്ടും കടുത്ത പ്രതിസന്ധിയിലാകും. 2009 ഓഗസ്റ്റ് 13ന് ഒപ്പുവെച്ചതും 2010 ജനുവരി 1 മുതൽ നടപ്പിലാക്കിത്തുടങ്ങിയതുമായ ആസിയാൻ വ്യാപാര കരാറിന്റെ പ്രത്യാഘാതങ്ങളാണ് കർഷകരിപ്പോൾ നേരിടുന്ന കാർഷിക നാണ്യവിലത്തകർച്ച. 2014 നവംബർ 12ന് കേന്ദ്രസർക്കാർ ഒപ്പിട്ട ആസിയാൻ നിക്ഷേപ സേവന കരാറുകൾ 2015 ജൂലൈ 1 മുതൽ നടപ്പിലാക്കിത്തുടങ്ങിയതിന്റെ പ്രതിഫലനങ്ങൾ വരും നാളുകളിൽ വൻ ദ്രോഹമായി കർഷകനറിയുമെന്നും കർഷകസമൂഹത്തിന്റെ സംരക്ഷണത്തിനും നിലനിൽപ്പിനുമായി രാഷ്ട്രീയ നേതൃത്വങ്ങളും കർഷക പ്രസ്ഥാനങ്ങളും അടിയന്തര ഇടപെടലുകൾ നടത്തി ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് കടന്നുവരുന്നില്ലെങ്കിൽ കാർഷികമേഖലയുടെ മരണമണി മുഴങ്ങുന്ന ദിനങ്ങൾ വിദൂരമല്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.