കോട്ടയം: കഴിഞ്ഞ മാസങ്ങളിൽ റബറിന്റെ കയറ്റുമതി കുത്തനെ ഉയർന്നുവെന്നും ഉല്പാദനം വർദ്ധിച്ചുവെന്നുമുള്ള റബർ ബോർഡിന്റെ കണക്കുകൾ വിചിത്രമാണെന്നും രാജ്യാന്തരമാർക്കറ്റിനേക്കാൾ കിലോഗ്രാമിന് ശരാശരി 44 രൂപ കുറച്ച് കർഷകരിൽ നിന്ന് റബർ വാങ്ങി കയറ്റുമതി ചെയ്ത് വൻനേട്ടമുണ്ടാക്കിയത് വൻകിട വ്യാപാരികളും കമ്പനികളുമാണെന്നും റബർ കയറ്റുമതി കർഷകന് ഉപകരിച്ചില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

കർഷകനെ മറന്ന് വൻകിട വ്യാപാരികൾക്കും വ്യവസായികൾക്കും ഒത്താശചെയ്യുന്ന ഉപകരണമായി റബർബോർഡ് അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണ്. റബർ ഉല്പാദനം വർദ്ധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാനകാരണം സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാപദ്ധതിയും ടാപ്പിംഗിന് അനുകൂലമായ കാലാവസ്ഥയുമാണ്. ഇതിനോടകം ബോർഡ് പ്രഖ്യാപിച്ച പല പദ്ധതികളും കർഷകർ തള്ളിക്കളഞ്ഞിരിക്കുന്നത് കേന്ദ്രവാണിജ്യ മന്ത്രാലയം ഗൗരവമായി കാണണം. നാളിതുവരെ റബർ കർഷകരുടെ പ്രതിസന്ധിയിൽ സഹായമേകുവാൻ കേന്ദ്രസർക്കാരിനോ, കേന്ദ്രസർക്കാരിൽ നിന്ന് കർഷകർക്കായി എന്തെങ്കിലും നേടിയെടുക്കുവാൻ ബോർഡിനോ സാധിച്ചിട്ടില്ലന്നുള്ളത് യാഥാർത്ഥ്യമാണ്.

ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും നിത്യചെലവിനുമുള്ള 142 കോടിമാത്രമാണ് കഴിഞ്ഞ കേന്ദ്രബജറ്റിൽപോലും പ്രഖ്യാപിച്ചത്. കർഷകർക്ക് ലഭിക്കേണ്ട ആവർത്തനകൃഷി സബ്സിഡി മുടങ്ങിയിട്ട് നാളുകളേറെയായി. 206 രൂപവരെ ഒരു കിലോഗ്രാം റബറിന് രാജ്യാന്തരവില ഉയർന്നിട്ടും പരമാവധി 162 രൂപയ്ക്കു താഴെമാത്രമെ ആഭ്യന്തരവിപണിയിൽ വ്യാപാരം കഴിഞ്ഞ മാസങ്ങളിൽ നടന്നിട്ടുള്ളൂ. രാജ്യാന്തരവിലപോലും കർഷകന് വൻകിട വ്യാപാരികൾ നിഷേധിച്ചതിന്റെ പിന്നിൽ റബർ ബോർഡാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റബറിന്റെ ഉല്പാദം ഉയർത്തിക്കാട്ടി റബർവിലയിടിക്കാനുള്ള ബോർഡിന്റെ തന്ത്രം കർഷകദ്രോഹവും വ്യവസായികൾക്ക് ഒത്താശചെയ്യുന്നതുമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.