കോട്ടയം: റബറിന്റെ ആഭ്യന്തരവിപണിയിലെ വിലയിടിവ്, സർക്കാർ നേരിട്ടുള്ള റബർ സംഭരണം, ആവർത്തനകൃഷി സബ്സിഡി, അടിസ്ഥാനവില പ്രഖ്യാപിക്കൽ, റബർ ആക്ട് റദ്ദാക്കൽ തുടങ്ങിയ അടിയന്തിരപ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകളോ വ്യക്തമായ നിർദ്ദേശങ്ങളോ തീരുമാനങ്ങളോ ഇല്ലാതെ റബർബോർഡ് കർഷകരുടെ പേരിൽ വിളിച്ചുചേർത്ത പ്രതിനിധി സമ്മേളനം പ്രഹസനവും റബർകർഷകരെ അപമാനിക്കുന്നതു മായി പ്പോയെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

റബർമേഖലയിലെ വിഷയങ്ങളിൽ കാലങ്ങളായി സജീവമായി ഇടപെടുന്ന കർഷക സംഘടനകളെയോ യഥാർത്ഥകർഷകരെയോ ഉൾപ്പെടുത്താതെ റബർബോർഡ് ഉന്നതരുടെ സ്ഥിരം പ്രതിനിധികളും ആർപിഎസിലെ സ്ഥിരം ക്ഷണിതാക്കളുമായ ഏതാനുംപേർ ചേർന്നുള്ള ഒത്തുചേരൽ കർഷകപ്രതിനിധികളുമായിട്ടുള്ള ചർച്ചയായി കൊട്ടി ഘോഷിക്കുന്നത് ആക്ഷേപകരമാണ്. റബർ ബോർഡിലെ ജീവനക്കാരുടെ പ്രശ്നങ്ങളും അവരെ പുനർവിന്യസിപ്പിക്കുന്നതും ബോർഡിന്റെ ആഭ്യന്തരപ്രശ്നങ്ങളാണ്; കർഷകരുമായി ചർച്ചചെയ്യപ്പെടേണ്ടതല്ല.

സാമ്പത്തികപ്രതിസന്ധിയിലായി അടച്ചുപൂട്ടാനൊരുങ്ങുന്ന സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയവ നിർത്തലാക്കുന്നതും ലയിപ്പിക്കുന്നതും സ്വാഭാവികമാണ്. ഈ നില തുടർന്നാൽ വരുംനാളുകളിൽ കൂടുതൽ ജീവനക്കാരെ റബർബോർഡ് പിരിച്ചുവിട്ടാലും അത്ഭുതപ്പെടാനില്ല. ഇപ്പോഴുള്ള റബർ പ്രതിസന്ധി ഇനിയും അതിരൂക്ഷമാകും. ജിഎസ്ടി വരുമ്പോൾ സെസ് ഒഴിവാക്കുന്നതുകൊണ്ട് നേട്ടമുണ്ടാകുന്നത് വ്യവസായികൾക്കാണ്; കർഷകർക്കല്ല. സെസ് എടുത്തുകളയുമ്പോൾ ബോർഡിനും നഷ്ടമുണ്ടാകും.

സംസ്ഥാനസർക്കാരിന്റെ റബർ ഉത്തേജകപദ്ധതിയിലെ ചെറുകിട കർഷകർക്കുള്ള വിഹിതം കൈമാറ്റം ചെയ്യുന്നതിന്റെ ഓഫീസ് ജോലി മാത്രമേ ബോർഡ് കർഷകർക്കായി ഇപ്പോൾ ഫലത്തിൽ ചെയ്യുന്നുള്ളൂ. ആഭ്യന്തര റബർ വിലത്തകർച്ചയെ നേരിടുവാൻ വാണിജ്യമന്ത്രാലയത്തിൽ ശക്തമായ ഇടപെടലുകളും സമ്മർദ്ദവും ചെലുത്തി പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുന്നതിൽ റബർബോർഡ് പരാജയപ്പെട്ടതാണ് കർഷകർ ഇന്നും ഈ പ്രതിസന്ധിയിൽ തുടരുന്നതിനു കാരണം.

ജൂൺ മാസത്തിൽ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ കാർഷിക നാണ്യവിള ബോർഡുകളുടെ സമ്മേളനം ഡൽഹിയിൽ വിളിച്ചുചേർത്തിട്ടുണ്ട്. 2017 ജൂലൈയിൽ ഇന്ത്യ ആഥിധേയത്വം വഹിക്കുന്ന ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിന്റെ 19-ാം റൗണ്ട് ചർച്ചകളുടെ മുന്നോടിയായിട്ടാണിത്. 2017 അവസാനം ആർസിഇപി കരാറിൽ ഇന്ത്യ ഒപ്പുവെയ്ക്കുമ്പോൾ 15 രാജ്യങ്ങളിൽ നിന്ന് കാർഷികോല്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതി ആരംഭിക്കും. രാജ്യാന്തരവിപണിക്കായി ഇന്ത്യയെ തുറന്നുകൊടുക്കുമ്പോൾ ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത് കേരളത്തിലെ റബർ കർഷകരും റബറിന്റെ ആഭ്യന്തരവിപണിയുമാണ്. റബർ ബോർഡിന്റെ നിലനിൽപ്തന്നെ ചോദ്യംചെയ്യപ്പെടും. ഇതിന് ബദൽസംവിധാനമൊരുക്കുവാനുള്ള ശക്തമായ പദ്ധതികളും സമീപനവുമാണ് റബർബോർഡ് ഇപ്പോൾ സ്വീകരിക്കേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.