കൊച്ചി: കാർഷികമേഖലയും കർഷകനും ഗുരുതരപ്രതിസന്ധിയിലാണെന്നും നഷ്ടപരിഹാരമല്ല കർഷക ആത്മഹത്യക്കുള്ള പ്രതിവിധിയാണ് വേണ്ടതെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ സമീപനത്തിനുള്ള താക്കീതാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഉല്പാദനച്ചെലവും അതിന്റെ 50 ശതമാനവും കണക്കാക്കി കാർഷികോല്പന്നങ്ങൾക്ക് അടിസ്ഥാനവില നിശ്ചയിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം കേന്ദ്രം കാറ്റിൽ പറത്തി. 5 വർഷത്തിനുള്ളിൽ കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന കഴിഞ്ഞ രണ്ടുബജറ്റുകളിലും നടത്തിയ പ്രഖ്യാപനം ഇതിനോടകം പാളിപ്പോയി. ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകർച്ചയിലും കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും കർഷക ആത്മഹത്യയുടെ എണ്ണം കുതിച്ചുയർന്നിട്ടും സർക്കാരിന്റെ കണ്ണുതുറക്കാത്തത് കർഷകരോടുള്ള ക്രൂരതയാണ്. അധികാരത്തിലേറി 3 വർഷക്കാലം കഴിഞ്ഞിട്ടും കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തവർ ഒരു വർഷത്തിനുള്ളിൽ എല്ലാം പരിഹരിക്കുമെന്ന് സുപ്രീംകോടതിയിൽ ഉറപ്പുനൽകിയിരിക്കുന്നത് വിരോധാഭാസമാണ്.

130 കോടി ജനങ്ങളിൽ 12 കോടി കർഷകരാണ് ഇന്ത്യയിലുള്ളതെന്ന സർക്കാർവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതിൽ 5.34 കോടി കർഷകർ ക്ഷേമപദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കോടതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനം വ്യക്തമല്ല. വിളഇൻഷ്വറൻസ് വഴി സ്വകാര്യ കമ്പനികളിലൂടെ കേന്ദ്രസർക്കാരിനു ലഭിച്ച 13,500 കോടി കർഷകർക്കു ലഭ്യമാക്കണം.

ചുരുങ്ങിയ കാലങ്ങളിൽ 3000 ലേറെ കർഷകർ ആത്മഹത്യചെയ്തിരിക്കുമ്പോൾ കടലാസുകളിലൊതുങ്ങുന്ന കർഷകപദ്ധതികളിലൂടെ നീതിപീഠങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. കാർഷികോല്പന്നങ്ങൾക്ക് അടിസ്ഥാനവില നിശ്ചയിച്ച് സംഭരണത്തിന് സാഹചര്യമൊരുക്കുകയും കടക്കെണിയിൽനിന്നും വിലത്തകർച്ചയിൽനിന്നും കർഷകനെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.