കോട്ടയം: കർഷകർക്ക് സംരക്ഷണവും ഉല്പന്നങ്ങൾക്ക് ന്യായവിലയും സമയബന്ധിത സംഭരണങ്ങളുമില്ലാതെ നിരന്തരം പ്രഖ്യാപനങ്ങൾ നടത്തി കർഷകരെ വിഢികളാക്കുന്ന സംസ്ഥാന കൃഷിവകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

സമയബന്ധിതമായി കർഷകരിൽനിന്ന് നെല്ല് സംഭരിക്കാനോ, സംഭരിച്ച നെല്ലിന്റെ വില കൃത്യമായി നൽകുവാനോ നിലവിലുള്ള നെൽകർഷകരെ സംരക്ഷിക്കുവാനോ സാധിക്കാതെ സ്വന്തം കർഷകരുടെ നെല്ല് പാടത്ത് നശിച്ചുവീഴുമ്പോൾ സംസ്ഥാനത്ത് വിതരണം ചെയ്യുവാൻ ആന്ധ്രയിൽ നിന്ന് അരിവാങ്ങുന്ന സർക്കാർ കോടികളുടെ ഉദ്യോഗസ്ഥ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്.

വൻ അരിമില്ലുടമകളുടെ ഏജന്റുമാരായി ഭക്ഷ്യകൃഷിവകുപ്പുകൾ മാറിയിരിക്കുന്നത് കർഷകസമൂഹത്തിന് അപമാനകരമാണ്. മെത്രാൻകായലിൽ വിത്തെറിഞ്ഞ് നെൽകൃഷി വ്യാപിപ്പിക്കുവാൻ നടത്തുന്ന പ്രചരണം വിരോധാഭാസമാണ്. മെത്രാൻകായൽ കൃഷിയിൽ നിന്ന് സാമ്പത്തികമായി എന്തുനേട്ടമുണ്ടായെന്ന് പൊതുസമൂഹത്തെ കൃഷിവകുപ്പ് അറിയിക്കണം. ഉല്പാദനക്ഷമതയുള്ള വിത്ത് കൃത്യമായി കർഷകർക്ക് നൽകുന്നതിലും കൃഷിവകുപ്പ് പരാജയപ്പെട്ടു.

സാമ്പത്തികത്തകർച്ചമൂലം കൃഷിചെയ്യാതെ കിടക്കുന്ന തരിശുഭൂമി സർക്കാർ ഏറ്റെടുത്ത് പാട്ടത്തിനു നൽകുമെന്നു പറയുന്ന കൃഷിമന്ത്രി കൃഷിചെയ്ത കർഷകന്റെ നെല്ല് സംഭരിക്കാനും സർക്കാർ പ്രഖ്യാപിച്ച വില നൽകാനും പരാജയപ്പെട്ടിരിക്കുന്നത് ദുഃഖകരമാണ്. വിളഇൻഷ്വറൻസ് പദ്ധതിയുടെ വീതംപറ്റുന്നവരായി കൃഷിഉദ്യോഗസ്ഥർ മാറിയിരിക്കുന്നു. വിള ഇൻഷ്വറൻസ് പദ്ധതിയിൽ തുക അടയ്ക്കാത്തവർക്ക് സർക്കാരിന്റെ വിവിധ നഷ്ടപരിഹാരത്തുകകൾ ലഭിക്കില്ലെന്നുള്ള കൃഷിവകുപ്പ് നടത്തുന്ന പ്രചരണത്തിന് നീതികരണമില്ല. സർക്കാർ വിവിധ കാർഷിക ഗവേഷണങ്ങൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ ഇതുമൂലം ആഭ്യന്തര കാർഷികവളർച്ചയ്ക്ക് എന്തുനേട്ടമുണ്ടായിയെന്ന് വിലയിരുത്തപ്പെടണം. നിലവിലുള്ള 1100 രൂപ കർഷകപെൻഷൻ എല്ലാമാസവും നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുമ്പോൾ കർഷക പെൻഷൻ 10,000 രൂപയാക്കണമെന്ന കാർഷികവികസന നയശുപാർശ നടപ്പിലാക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കാൻ മാത്രം വിഢികളല്ല കർഷകരെന്ന് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.

ചെറുകിട കർഷകർക്ക് റബർ വിലത്തകർച്ചയിൽ ആശ്വാസമായ സംസ്ഥാന സർക്കാരിന്റെ റബർ ഉത്തേജകപദ്ധതി മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. മെയ് മുതലുള്ള പണം കർഷകർക്ക് ലഭിച്ചിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ബാക്കിയായ 23.76 കോടി രൂപ ഇതുവരെയും കർഷകർക്ക് വിതരണം ചെയ്തിട്ടില്ല. സബ്സിഡിക്കുതടസ്സം നേരിട്ടിരിക്കുമ്പോൾ ചെറുകിട കർഷകർ വൻ നഷ്ടംമൂലം റബർകൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. കൂടാതെ ആഭ്യന്തരവിപണിയിൽ വിലത്തകർച്ച തുടരുകയുമാണ്. ആഭ്യന്തര ഉല്പാദനം തകർത്ത് ഇറക്കുമതിക്കുള്ള അവസരം സൃഷ്ടിക്കാനുള്ള വ്യവസായലോബികളുടെ നീക്കങ്ങൾക്ക് കൃഷിവകുപ്പ് ഒത്താശചെയ്യുന്നത് നീതികേടാണ്. കഴിഞ്ഞ 5 മാസങ്ങളിലെ റബർ ഉത്തേജകപദ്ധതി വിഹിതം കർഷകർക്ക് ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും തുടർന്നും കർഷകർക്ക് പണം ലഭിക്കുവാനുള്ള കാലതാമസം ഒഴിവാക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു