ഭരണങ്ങാനം: കാർഷികമേഖലയിലെ പ്രതിസന്ധികളെ അതിജീവിക്കാനും കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നു കർഷകരെ സംരക്ഷിക്കാനുമായി കർഷകവിപണികൾ സംസ്ഥാനത്തുടനീളം വ്യാപകമാക്കുവാൻ ഭരണങ്ങാനം മാതൃഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന ഇൻഫാം മധ്യമേഖലാ നേതൃസമ്മേളനം പദ്ധതികൾ ആവിഷ്‌ക്കരിച്ചു.

തീരദേശ മലയോര മേഖലകളും നഗര ഗ്രാമീണ കാർഷിക മേഖലയും ബന്ധിപ്പിച്ചുള്ള കർഷകവിപണികളും സംരംഭങ്ങളും കാർഷികമേഖലയിൽ വരുംനാളുകളിൽ വൻചലനങ്ങൾ സൃഷ്ടിക്കുമെന്ന് നേതൃസമ്മേളനം വിലയിരുത്തി. ആഗോളകരാറുകൾ അനിയന്ത്രിതമായ കാർഷികോല്പന്ന ഇറക്കുമതിക്ക് ഇന്ത്യൻ വിപണിയെ തുറന്നുകൊടുത്തിരിക്കുമ്പോൾ നിലനില്പിനായി കർഷകർ ബദൽസംവിധാനമൊരുക്കേണ്ടത് അടിയന്തരമാണ്. രാഷ്ട്രീയനേതൃത്വങ്ങളും ഭരണസംവിധാനങ്ങളും കാർഷികവിഷയങ്ങളിൽ മുഖംതിരിഞ്ഞുനിൽക്കുകയും ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്യുമ്പോൾ അതിജീവനത്തിനുള്ള പോരാട്ടത്തിനൊപ്പം മൂല്യവർദ്ധിത ഉല്പന്നങ്ങളും സംരംഭങ്ങളും സജീവമാക്കുവാൻ കർഷകർ മുന്നോട്ടുവരണമെന്നും കാർഷിക പ്രശ്നങ്ങളിൽ വിഘടിച്ചുനിൽക്കാതെ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ചുനീങ്ങണമെന്നും പൊതുതെരഞ്ഞെടുപ്പുകളിൽ കർഷകർ രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും സമ്മേളനം അഭ്യർത്ഥിച്ചു.

സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ പാലാ രൂപതാ വികാരിജനറാൾ മോൺ.എബ്രാഹം കൊല്ലിത്താനത്തുമലയിൽ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിലെ പ്രതിസന്ധികളും പ്രതിവിധിയും എന്ന വിഷയത്തിൽ ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യനും , ഇൻഫാമിന്റെ പ്രസക്തിയും ആവശ്യകതയും സംബന്ധിച്ച് റവ.ഡോ.ഷാജി പുത്താനത്തുകുന്നേലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.എം.സി.ജോർജ്, കോട്ടയം റീജിയണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എസ്.മാത്യു, എറണാകുളം സഹൃദയ ഡയറക്ടർ ഫാ.പോൾ ചെറുപള്ളിൽ എന്നിവർ സംസാരിച്ചു. വിവിധ ജില്ലാ രൂപതാ പ്രതിനിധികൾ പ്രവർത്തനറിപ്പോർട്ടുകളും ഭാവിപരിപാടികളും അവതരിപ്പിച്ചു.

ഡിസംബർ 5ന് ഇൻഫാം വടക്കന്മേഖലാ സമ്മേളനം കോഴിക്കോട് സ്റ്റാർട്ട് ഓഡിറ്റോറിയത്തിലും തെക്കൻ മേഖലാ സമ്മേളനം ഡിസംബർ 10ന് കൊല്ലം ജില്ലയിലെ അഞ്ചലിലും ചേരും. തുടർന്ന് ജനുവരി 10 വരെ കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഏർപ്പെടാനൊരുങ്ങുന്ന കർഷകവിരുദ്ധ രാജ്യാന്തര കരാറുകൾക്കെതിരെയും സർക്കാരുകളുടെ കർഷകവിരുദ്ധ നിപാടുകൾക്കെതിരെയും വിവിധ കർഷകസംഘടനകളുമായി സഹകരിച്ചുള്ള സമ്മേളനങ്ങൾ ചേരുമെന്ന് സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ, കൺവീനർ ജോസ് എടപ്പാട്ട് എന്നിവർ അറിയിച്ചു.

കാർഷിക പ്രമേയം
കാർഷിക മേഖല വൻ പ്രതിസന്ധിയിലൂടെയാണ് നാളുകളായി കടന്നുപോകുന്നത്. ഭരണനേതൃത്വങ്ങളുടെ കർഷകവിരുദ്ധ നിലപാടുകൾ വൻ തകർച്ചയിലേയ്ക്ക് നമ്മെ എത്തിച്ചിരിക്കുന്നു. കർഷകർക്കുവേണ്ടി ശബ്ദിക്കുവാനും വാദിക്കുവാനും ഉത്തരവാദിത്വപ്പെട്ടവരും, രാഷ്ട്രീയനേതൃത്വങ്ങളും, ജനപ്രതിനിധികളും തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം കാണിക്കുന്ന കർഷകസ്നേഹത്തിന്റെ കാപഠ്യം നാം തിരിച്ചറിയുന്നു. സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയും, അപ്രായോഗികവുമായ കാർഷിക സാമ്പത്തികനയങ്ങളും, അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോല്പന്ന ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന രാജ്യാന്തര കരാറുകളും, നീതിനിഷേധിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വവും കർഷകർക്ക് അംഗീകരിക്കാനാവില്ലെന്ന് ഈ സമ്മേളനം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.

1990-കളിലെ ഉദാരവൽക്കരണവും തുടർന്ന് ആഗോളവിപണിയായി രാജ്യത്തെ തുറന്നുകൊടുത്തതും 1995 ൽ ഗാട്ട് കരാറിനെത്തുടർന്ന് ലോകവ്യാപാരസംഘടനയുടെ നിബന്ധനകൾക്ക് വിധേയമായതും ഏറ്റവും വെല്ലുവിളിയുയർത്തിയത് കാർഷികമേഖലയ്ക്കാണ്. 2004 ലെ ആസിയാൻ കരാറും 2009 ൽ ആസിയാൻ രാജ്യങ്ങളുമായുള്ള ചരക്കു ഗതാഗത നിയന്ത്രണം എടുത്തുകളഞ്ഞ് സ്വതന്ത്രവ്യാപാരത്തിലേർപ്പെട്ടതും ഇന്ത്യൻ കാർഷികവിപണിയുടെ തകർച്ചയ്ക്കിടയാക്കി. ഇപ്പോഴിതാ ആർസിഇപി കരാറിലൂടെ ഇന്ത്യൻ കാർഷികമേഖലയെ ആഗോളവിപണിക്കായി തുറന്നുകൊടുക്കുന്ന ഇന്ത്യയുൾപ്പെടെ പതിനാറ് രാജ്യങ്ങളുടെ വ്യാപാരക്കൂട്ടായ്മയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകാൻ ഒരുങ്ങുന്നു. കർഷകരെ കേൾക്കാതെയും കാർഷികമേഖലയെ അവഗണിച്ചും ഇത്തരം രാജ്യാന്തര കരാറുകളുടെ അനന്തരഫലമാണ് നാമിന്ന് അനുഭവിക്കുന്ന കാർഷികപ്രതിസന്ധിയുടെ മുഖ്യകാരണം. നികുതിരഹിത ഇറക്കുമതിയാണ് ഈ ഉടമ്പടികളുടെ പ്രധാനലക്ഷ്യം. വാണിജ്യതാല്പര്യങ്ങൾ സംരക്ഷിക്കുവാൻ കർഷകനേയും കാർഷികമേഖലയേയും ബലികൊടുക്കുന്ന തീരുമാനങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഇൻഫാം ആവശ്യപ്പെടുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്ന വിള നാണ്യ ഇൻഷ്വറൻസിനോടൊപ്പം ജീവനോപാധിക്കായി കർഷക ഇൻഷ്വറൻസും ഏർപ്പെടുത്തണം. കാർഷികോല്പന്നങ്ങൾക്ക് ന്യായവിലപ്രഖ്യാപിക്കുവാനും ഈ വില കർഷകർക്ക് കൃത്യമായി നൽകുവാനും ആധുനിക ആഗോള സാങ്കേതികവിദ്യകൾ ലഭ്യമാക്കുവാനും നിയമനിർമ്മാണത്തിലൂടെയും തുടർനടപടികളിലൂടെയും സർക്കാരുകൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ബാങ്ക് ലോണുകളിന്മേൽ വൻകിട വ്യവസായികൾക്ക് കുറഞ്ഞ പലിശയും കർഷകർക്ക് ഉയർന്ന പലിശയും ഈടാക്കുന്ന ബാങ്കുകളുടെ കർഷകചൂഷണത്തിനെ ഈ സമ്മേളനം ശക്തമായി പ്രതിഷേധിക്കുന്നു. കോർപ്പറേറ്റുകളുടെ കിട്ടാക്കടങ്ങൾ എഴുതിത്ത്തള്ളുന്നവർ കർഷകരുടെ തുച്ഛമായ ബാങ്ക്ലോണുകളുടെ തിരിച്ചടവ് വൈകുമ്പോൾ കർഷകരെ പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന സ്ഥിതിവിശേഷം ഗൗരവമായി കാണണമെന്നും ബാങ്കുകളുടെ നീതിനിഷേധത്തിനെതിരെ കർഷകർ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഇൻഫാം നേതൃസമ്മേളനം ആഹ്വാനം ചെയ്യുന്നു.

പശ്ചിമഘട്ട പരിസ്ഥിതിലോലപ്രശ്നത്തിൽ ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി സംരക്ഷിതവനഭൂമി മാത്രമേ ഇഎസ്എയിൽ ഉൾപ്പെടുത്താവൂ. മണ്ണിൽ പണിയെടുക്കുന്നതും മണ്ണ് സംരക്ഷിക്കുന്നവരും മരങ്ങൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷിക്കുന്നവരും കർഷകരാണ്. അതിനാൽ കാർബൺഫണ്ട് കർഷകർക്ക് അവകാശപ്പെട്ടതാണ്. ഇന്ന് ഈ ഫണ്ട് കൈവശപ്പെടുത്തുന്നത് പരിസ്ഥിതിമൗലികവാദികളാണ്. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വിദേശബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്ന് ഇൻഫാം ആവശ്യപ്പെടുന്നു.

പതിറ്റാണ്ടുകൾക്ക്മുമ്പ് പണം മുടക്കി ആധാരമെഴുതി പോക്കുവരവ് നടത്തി കരമടച്ച് കൈവശംവച്ചനുഭവിച്ച് സംരക്ഷിക്കുന്ന കൃഷിഭൂമിയുടെ നികുതി അടയ്ക്കുന്നത് നിഷേധിക്കുന്നതും പോക്ക്വരവ് നടത്തുവാനും നികുതി സ്വീകരിക്കുവാനും വിസമ്മതിക്കുന്നതുമായ റവന്യൂ അധികൃതരുടെ ധാർഷ്ഠ്യത്തിനെതിരെ നിയമനടപടികളും കർഷകപ്രക്ഷോഭവുമാരംഭിക്കുവാൻ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ചു മുന്നോട്ടുവരണമെന്ന് ഈ സമ്മേളനം കർഷകരെ ആഹ്വാനം ചെയ്യുന്നു.

സർക്കാർ പദ്ധതികളുടെ ഭാഗമായി മലയോരമേഖലകളിലേയ്ക്ക് കാർഷിക ആവശ്യങ്ങൾക്കായി കുടിയേറിയ കർഷകർക്ക് പട്ടയം നൽകാതെ നിരന്തരം തടസ്സവാദങ്ങളുന്നയിക്കുന്നതും കർഷകരെ ഒന്നടങ്കം കൈയേറ്റക്കാരായി ചിത്രീകരിക്കുന്നതും നീതീകരിക്കാനാവില്ല. പട്ടയ ഉപാധികൾ ലഘൂകരിച്ചത് സ്വാഗതാർഹമാണെങ്കിലും അർഹതപ്പെട്ട എല്ലാ കർഷകരുടെയും കൈവശഭൂമിക്ക് പട്ടയം അടിയന്തരമായി നൽകണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

സ്വന്തം ഭൂമിയിൽ എന്തു കൃഷി ചെയ്യണമെന്നത് കർഷകന്റെ അവകാശമാണ്. ഇതിനെ നിയമനിർമ്മാണങ്ങളിലൂടെ കൂച്ചുവിലങ്ങിടുന്നത് അംഗീകരിക്കില്ല. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും കർഷകനിലനിൽപ്പിനും കൃഷികളിലും കൃഷിരീതികളിലും മാറ്റങ്ങൾ അനിവാര്യമാണ്. എങ്കിൽ മാത്രമേ കാർഷികമേഖലയ്ക്ക് വരുംനാളുകളിൽ നിലനിൽക്കാനാവൂ. ഇതിന് പ്രോത്സാഹനവും പിന്തുണയും കേന്ദ്ര സംസ്ഥാന സർക്കാരൂകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

നെല്ല്, തെങ്ങ്, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി വിവിധ ഭക്ഷ്യവിളകളുടെ ഉല്പാദനവർദ്ധനവിനുവേണ്ടി ഭൂമി ലഭ്യമാക്കുവാൻ പ്ലാന്റേഷൻ നിയമങ്ങളിൽ ഭേദഗതിവരുത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

റബറിന് കിലോഗ്രാമിന് 200 രൂപ അടിസ്ഥാനവില നിശ്ചയിച്ച് സംഭരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. അഞ്ച് മാസക്കാലമായി മുടങ്ങിക്കിടക്കുന്ന റബർ ഉത്തേജകപദ്ധതി പുനർജീവിപ്പിക്കണം. സർക്കാർ കർഷക പങ്കാളിത്തത്തോടെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന റബറധിഷ്ഠിത വ്യവസായ സംരംഭങ്ങൾ കാലതാമസം വരുത്താതെ നടപ്പിലാക്കണം. നാളികേര സംഭരണം പുനരാരംഭിക്കണം. നെല്ലുസംഭരണം സുതാര്യമാക്കണം. സംഭരണവില ഉയർത്തണം. നെല്ലു സംഭരണത്തിനുശേഷം പണം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. സംഭരിക്കുന്ന നെല്ലിന്റെ വിലനൽകാൻ സംസ്ഥാന ബജറ്റിൽ 500 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് ഏർപ്പെടുത്തണമെന്നും ഇൻഫാം ആവശ്യപ്പെടുന്നു.

ഭരണഘടനയേയും നിയമങ്ങളേയും ദുർവ്യാഖ്യാനംചെയ്ത് കൃഷിക്കാരെ കോടതി വ്യവഹാരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന സർക്കാർ ഉദ്യോഗസ്ഥ അജണ്ടകൾ കർഷകർ തിരിച്ചറിയണം.

വൻകിട വ്യവസായികളുടെ ആദായനികുതി 30 ശതമാനമായിരിക്കുമ്പോൾ തോട്ടം മേഖലയുടെ ആദായനികുതി 50 ശതമാനമായിരിക്കുന്നത് കടുത്ത ദ്രോഹമാണ്. ഈ നടപടി സംസ്ഥാന സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണം.

ഭൂമിയിടപാടുകളിൽ വിലയുടെ കാര്യത്തിൽ സുതാര്യതയും കൃത്യതയും കൈവരിക്കുവാൻ രജിസ്ട്രേഷൻ ഫീസ് ഒരു ശതമാനമാക്കുകയും കുടുംബങ്ങളിലെ ഭാഗഉടമ്പടി, ധനനിശ്ചയാധാരം, ഇഷ്ടദാനം എന്നിവയിൽ നാണയവിനിമയമില്ലാത്തതുകൊണ്ട് 1000 രൂപയായി പുനഃസ്ഥാപിക്കുകയും ചെയ്യണം.

2000 ലെ ഋഎഘ ഓർഡിനൻസുവഴി ഭൂമി നഷ്ടപ്പെട്ട കർഷകരുടെ കൃഷിഭൂമികൾ വ്യവസ്ഥയില്ലാതെ വിട്ടുകൊടുക്കുക മാത്രമല്ല ഋഎഘ നിയമം പിൻവലിക്കണമെന്നും മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി തീർന്നിരിക്കുന്ന വന്യമൃഗങ്ങളുടെ ഉപദ്രവങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുകയും ജനങ്ങൾക്കുണ്ടാകുന്ന നാശങ്ങൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു.

കർഷകനെന്ന അസംഘടിത വർഗ്ഗത്തെ അടിമകളേപ്പോലെ കരുതി വിലപറഞ്ഞ് വിറ്റ് രാഷ്ട്രീയ നേതൃത്വങ്ങളുൾപ്പെടെ പലരും നേട്ടങ്ങളുണ്ടാക്കുന്നത് കർഷകർ തിരിച്ചറിയണം. കർഷകപ്രസ്ഥാനങ്ങൾ വിഘടിച്ചുനിന്ന് പോരാടാതെ കാർഷികവിഷയങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ മുന്നോട്ടുവരണമെന്നും സംഘടിച്ചുള്ള രാഷ്ട്രീയ തീരുമാനങ്ങളെടുക്കുവാൻ തയ്യാറാകണമെന്നും ഈ സമ്മേളനം കർഷകജനതയോട് അഭ്യർത്ഥിക്കുന്നു.