തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിയിൽ നവജാത ശിശു നിലത്തു വീണതായി ബന്ധുക്കളുടെ പരാതി. നാലു ദിവസം പ്രായമായ ആൺകുഞ്ഞാണ് നിലത്തുവീണത്. സുരേഷ് കുമാർ-ഷീല ദമ്പതികളുടെ കുട്ടിയാണ് നിലത്തുവീണത്. തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമല്ല. കുഞ്ഞിനെ എസ്എടി ആശുപത്രിയിലേക്കു മാറ്റി. നിലവിൽ മറ്റു ശാരീരിക പ്രശ്‌നങ്ങളില്ല.

കുട്ടിയെ ഇന്നു ഡിസ്ചാർജ് ചെയ്യാനിരിക്കുകയായിരുന്നു. ശരീരത്തിൽ മഞ്ഞ നിറം ഉള്ളതിനാൽ പരിശോധനയ്ക്കുശേഷം ഡിസ്ചാർജ് ചെയ്യാമെന്നു ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. കുഞ്ഞിന്റെ അമ്മൂമ്മ പരിശോധനാ സ്ഥലത്ത് എത്തി. നഴ്‌സ് കുഞ്ഞിനെ എടുത്തു വാമറിൽ കിടത്തുന്നതിനിടെയാണ് താഴെ വീണതെന്നു ബന്ധുക്കൾ പറയുന്നു. കുട്ടി വീണ കാര്യം അറിയിച്ചത് താമസിച്ചാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കുട്ടി താഴെ വീണെന്നും എസ്എടിയിലേക്കു കൊണ്ടു പോകണമെന്നും അധികൃതർ പറഞ്ഞതായി കുട്ടിയുടെ അച്ഛൻ സുരേഷ് കുമാർ പറഞ്ഞു. അധികൃതരുടെ കയ്യിൽ നിന്നാണ് അബദ്ധം പറ്റിയത്. രക്തം എടുക്കുന്ന സമയത്ത് ഭാര്യയുടെ അമ്മയോടു മാറിനിൽക്കാൻ പറഞ്ഞു. ആ സമയത്താണ് കുട്ടി വീണതെന്നും സുരേഷ് കുമാർ പറഞ്ഞു.