കോട്ടയം: കേന്ദ്രസർക്കാർ പതിനൊന്ന് റൗണ്ട് ചർച്ചകൾ പൂർത്തിയാക്കി ഒപ്പിടാനൊരുങ്ങുന്ന സംയോജിത സാമ്പത്തിക പങ്കാളിത്ത അന്താരാഷ്ട്ര ഉടമ്പടി കാർഷികമേഖലയ്ക്ക് വൻപ്രഹരമേൽപ്പിക്കുമെന്നും നികുതി പരിപൂർണ്ണമായി ഒഴിവാക്കിയുള്ള ഇറക്കുമതിക്ക് അംഗീകാരം നൽകുന്ന സ്വതന്ത്രവ്യാപാരകരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും രാഷ്ട്രീയത്തിനതീതമായി കർഷകപ്രസ്ഥാനങ്ങൾ ഈ കരാറുകൾക്കെതിരെ പ്രക്ഷോഭത്തിനായി മുന്നോട്ടുവരണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

പത്ത് ആസിയാൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ആസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാന്റ്, തെക്കൻകൊറിയ എന്നീ രാഷ്ട്രങ്ങളും ഒരു കുടക്കീഴിൽ അണിചേർന്ന് ഇറക്കുമതി തീരുവ ഒഴിവാക്കിയുള്ള സ്വതന്ത്രവ്യാപാരകരാർ 2016 സെപ്റ്റംബറിൽ ഒപ്പിടുമ്പോൾ കാർഷികമേഖലയിലെ ഇന്നത്തെ പ്രതിസന്ധികൾ വീണ്ടും അതിരൂക്ഷമാകും. ഇതൊടൊപ്പം അമേരിക്കയുടെ നേതൃത്വത്തിൽ ശാന്തസമുദ്രതീരത്തെ പന്ത്രണ്ടു രാഷ്ട്രങ്ങൾ ചേർന്നുള്ള ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് സ്വതന്ത്രവ്യാപാരക്കരാറിലും ഇന്ത്യ പങ്കുചേരുന്നത് കാർഷിക സമ്പദ്ഘടനയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1990 ലെ സാമ്പത്തിക ഉദാരവൽക്കരണ നടപടികളും, 1994 ലെ ഗാട്ടുകരാറും, 1995 ലെ ലോകവ്യാപാര സംഘടനയിൽ അംഗത്വവും, 1996 ലെ ആസിയാൻ റീജണൽ ഫോറത്തിലെ പങ്കാളിത്തവും, 2002 ലെ ഇന്ത്യ ആസിയാൻ ഉച്ചകോടിയും 2003 ലെ ആസിയാൻ സാമ്പത്തിക സഹകരണവും 2004 ലെ ആസിയാൻ അംഗരാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാറും 2009 ലെ ചരക്കുകടത്തുനിയന്ത്രണങ്ങൾ എടുത്തുമാറ്റലും ഉൾപ്പെടെ ഇന്ത്യ ഏർപ്പെട്ട അന്താരാഷ്ട്ര കരാറുകളുടെ വൻവീഴ്ചകൾ അതിരൂക്ഷമായി കാലങ്ങൾക്കുശേഷം കാർഷികമേഖല അനുഭവിക്കുകയാണ്. ഗാട്ട്, ലോകവ്യാപാര സംഘടന, ആസിയാൻ കരാറുകളിൽ ഇന്ത്യയിൽ ഇപ്പോൾ ചെറിയതോതിൽ മാത്രം ഏർപ്പെടുത്തിയിരിക്കുന്ന ഇറക്കുമതി നിയന്ത്രണങ്ങളും ഇറക്കുമതിച്ചുങ്കവും എടുത്തുകളയുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക എന്നതാണ് പുത്തൻ അന്താരാഷ്ട്ര കരാറിന്റെ പ്രധാനലക്ഷ്യം. ഇപ്പോൾ റബറിന്റെ ഇറക്കുമതി തീരുവ 25ശതമാനമാണ്. ഈ കരാറിലൂടെ ഈ തീരുവ അഥവാ നികുതി എടുത്തുമാറ്റപ്പെടാം. നിലവിലുള്ള 25 ശതമാനത്തേക്കാൾ കുറഞ്ഞ നിരക്കിലേയ്ക്ക് തീരുവ മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. നിലവിലുള്ള ഇറക്കുമതിച്ചുങ്കത്തിന്റെ 80 ശതമാനവും വെട്ടിച്ചുരുക്കണമെന്നാണ് ഇതിനോടകം നടന്ന പതിനൊന്ന് റൗണ്ട് ചർച്ചകളിലും പങ്കാളിത്ത രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

അതായത് റബറിന്റെ ഇറക്കുമതിച്ചുങ്കം പുത്തൻകരാറിൽ 5 ശതമാനമായി കുറയാം. പത്തു വർഷത്തിനുള്ളിൽ നികുതിരഹിത ഇറക്കുമതിയും ആർസിഇപി ലക്ഷ്യമിടുന്നു. രാഷ്ട്രീയ നേതൃത്വങ്ങളും കർഷകപ്രസ്ഥാനങ്ങളും പൊതുസമൂഹവും ഈ അന്താരാഷ്ട്ര കരാറുകളെക്കുറിച്ച് വൈകിയവേളയിലെങ്കിലും ചർച്ചകൾക്കും സംവാദത്തിനും മുന്നോട്ടുവരണമെന്നും കേന്ദ്രസർക്കാർ ഈ കരാറുകളുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും ഇൻഫാമിന്റെയും കർഷക ഐക്യവേദിയായ ദ പീപ്പിളിന്റെയും നേതൃത്വത്തിൽ ഈ കരാറുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കുമെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.