കൊച്ചി: റബറിന്റെ അന്താരാഷ്ട്രവില കുതിച്ചിട്ടും ആഭ്യന്തരവിപണിയിൽ വില ഉയരാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും കേന്ദ്രസർക്കാർ ഏർപ്പെട്ടിരിക്കുന്ന ചുങ്കരഹിത ഉടമ്പടികളും സ്വതന്ത്രവ്യാപാരക്കരാറുകളും അഡ്വാൻസ് ഓതറൈസേഷൻ സ്‌കീമിലൂടെയുള്ള നികുതിരഹിത ഇറക്കുമതിയും വരുംനാളുകളിൽ റബർ വിപണിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

ആഭ്യന്തരവിപണിയിൽ റബർവില ഇടിയുമ്പോൾ രണ്ടുകാരണങ്ങളാണ് ഇക്കാലമത്രയും സർക്കാരും റബർബോർഡും വ്യവസായികളും കർഷകരോട് പറഞ്ഞിരുന്നത്. ഒന്ന്, അന്താരാഷ്ട്രവിപണിയിലെ വിലക്കുറവ്, രണ്ട്, ക്രൂഡോയിലിന്റെ വിലയിടിവ്. റബറിന് അന്താരാഷ്ട്രമാർക്കറ്റ് അടിസ്ഥാനമാക്കുന്നത് ബാങ്കോക്ക് മാർക്കറ്റാണ്. ബാങ്കോക്ക് മാർക്കറ്റിൽ ഇന്ത്യയിലെ ആർഎസ്എസ് 4 നു തുല്യമായ ആർഎസ്എസ് 3യുടെ വില കഴിഞ്ഞ് 3 ദിവസങ്ങൾക്കുള്ളിൽ കിലോഗ്രാമിന് 12 രൂപ വർദ്ധിച്ചു. ജൂലൈ 1ന് ബാങ്കോക്ക്‌വില ഒരു കിലോഗ്രാം റബറിന് 118 രൂപയായിരുന്നു. 3 ദിവസത്തെ അവധിക്ക് ശേഷം ജൂലൈ 21ന് മാർക്കറ്റ് ആരംഭിച്ചപ്പോൾ 129.5 രൂപയായും 22ന് 131.5 രൂപയായും ഉയർന്നു. സമാനറബറിന് ഇന്ത്യയുടെ ആഭ്യന്തരവിപണിയിൽ ജൂലൈ 1-നുണ്ടായിരുന്ന 142.50 രൂപ ഇന്ന് 143 രൂപയായി തുടരുന്നു. വ്യാപാരിവില കിലോഗ്രാമിന് റബർബോർഡ് വിലയേക്കാളും നാല് രൂപ താഴെ. അന്താരാഷ്ട്ര വിലയ്ക്ക് ആർഎസ്എസ് 4 ഗുണമേന്മയുള്ള റബർ ഇറക്കുമതി ചെയ്യുന്നു വെന്നവകാശപ്പെടുന്ന വ്യവസായികൾക്ക് ചരക്ക് കടത്തുകൂലിയും ബാങ്കുചാർജും നിലവിലുള്ള ഇറക്കുമതിച്ചുങ്കമായ 25 ശതമാനവുമുൾപ്പെടെ ഒരുകിലോ റബർ വെയർഹൗസിലെത്തുമ്പോൾ 180 രൂപയോളമാകു മെന്നിരിക്കെ ആഭ്യന്തരവിലയുയർത്താതെ വിപണിയെ തകർക്കാനുള്ള വ്യവസായികളുടെ ഗൂഢാലോചനകൾക്ക് റബർബോർഡും കേന്ദ്രസർക്കാരും ഒത്താശചെയ്യുകയാണെന്ന് സെബാസ്റ്റ്യൻ ആരോപിച്ചു.

വിലയിടിവും മഴക്കാലവും മൂലം ടാപ്പിങ് നിർത്തിവച്ചിട്ടും ഉല്പാദനം വർദ്ധിച്ചുവെന്ന റബർബോർഡ് കണക്കുകൾ കർഷകർക്ക് മുഖവിലയ്‌ക്കെടുക്കാനാവില്ല. വിലയിടിവുമൂലം ലാറ്റക്‌സ് മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയെ അധികാരികൾ നിസാരവൽക്കരിച്ചി രിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. മലേഷ്യ ഉൾപ്പെടെ ആസിയാൻ രാജ്യങ്ങളിൽ നിന്ന് നികുതിരഹിത ഉല്പന്ന ഇറക്കുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുമ്പോൾ റബറുൾപ്പെടെ കാർഷികമേഖലയിൽ വൻതകർച്ച ഭാവിയിലുണ്ടാകുമെന്നും അഡ്വാൻസ് ഓതറൈസേഷൻ സ്‌കീമിലൂടെയുള്ള പ്രകൃതിദത്ത റബറിന്റെ നികുതിരഹിത ഇറക്കുമതി കേന്ദ്രസർക്കാർ നിരോധിക്കണമെന്നും ലോകവ്യാപാരസംഘടനാക്കരാറുകൾ ഇതിന് തടസ്സമല്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.