- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ: കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകൾ വിലത്തകർച്ച രൂക്ഷമാക്കും: ഇൻഫാം
കൊച്ചി: അനിയന്ത്രിതവും നികുതിരഹിതവുമായ റബ്ബർ ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തുടരുന്നപക്ഷം വരുംദിവസങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിലെ ഏറ്റവും വലിയ വിലത്തകർച്ചയെ റബ്ബർ വിപണി നേരിടുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു. ക്രൂഡോയിലിന്റെയും അന്താരാഷ്ട്ര റബർ വിപണിയുടേയും വിലയിടിവാണ് ആഭ്യന്തര വിപണിയുടെ തകർച്ചയുടെ കാരണമെന്നുള്ള സ്ഥിരം ന്യായീകരണം മുഖവിലയ്ക്കെടു ക്കാനാവില്ല. ക്രൂഡോയിലിന്റെ വിലയിടിവ് ആഗോളപ്രതിഭാസമാണ്. ഇതിനെ അതിജീവിക്കാനും കർഷകരക്ഷയ്ക്കുമുള്ള ബദൽ സംവിധാനങ്ങൾ പ്രമുഖ റബ്ബറുൽപാദന രാജ്യങ്ങൾക്കുണ്ട്. കേന്ദ്രസർക്കാർ ഇതിനുശ്രമിക്കാതെ മുഖംതിരിഞ്ഞു നിൽക്കുന്നത് അപലപനീയമാണ്. രാജ്യാന്തര കരാറുകളിലൂടെ പ്രകൃതിദത്ത റബ്ബറിന്റെയും, റബറുൽപന്നങ്ങളുടെയും നികുതിരഹിത ഇറക്കുമതിക്കായി കേന്ദ്രസർക്കാർ ഇന്ത്യൻ വിപണി തുറന്നു കൊടുത്തിരിക്കുന്നത് ഇന്നത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഗാട്ട്, ആസിയാൻ കരാറുകൾക്ക് ശേഷം കേന്ദ്രസർക്കാർ ഒപ്പിട
കൊച്ചി: അനിയന്ത്രിതവും നികുതിരഹിതവുമായ റബ്ബർ ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തുടരുന്നപക്ഷം വരുംദിവസങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിലെ ഏറ്റവും വലിയ വിലത്തകർച്ചയെ റബ്ബർ വിപണി നേരിടുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു.
ക്രൂഡോയിലിന്റെയും അന്താരാഷ്ട്ര റബർ വിപണിയുടേയും വിലയിടിവാണ് ആഭ്യന്തര വിപണിയുടെ തകർച്ചയുടെ കാരണമെന്നുള്ള സ്ഥിരം ന്യായീകരണം മുഖവിലയ്ക്കെടു ക്കാനാവില്ല. ക്രൂഡോയിലിന്റെ വിലയിടിവ് ആഗോളപ്രതിഭാസമാണ്. ഇതിനെ അതിജീവിക്കാനും കർഷകരക്ഷയ്ക്കുമുള്ള ബദൽ സംവിധാനങ്ങൾ പ്രമുഖ റബ്ബറുൽപാദന രാജ്യങ്ങൾക്കുണ്ട്. കേന്ദ്രസർക്കാർ ഇതിനുശ്രമിക്കാതെ മുഖംതിരിഞ്ഞു നിൽക്കുന്നത് അപലപനീയമാണ്.
രാജ്യാന്തര കരാറുകളിലൂടെ പ്രകൃതിദത്ത റബ്ബറിന്റെയും, റബറുൽപന്നങ്ങളുടെയും നികുതിരഹിത ഇറക്കുമതിക്കായി കേന്ദ്രസർക്കാർ ഇന്ത്യൻ വിപണി തുറന്നു കൊടുത്തിരിക്കുന്നത് ഇന്നത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഗാട്ട്, ആസിയാൻ കരാറുകൾക്ക് ശേഷം കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന 16 രാജ്യങ്ങൾ ചേർന്നുള്ള സംയോജിത സാമ്പത്തിക പങ്കാളിത്തം ഈ വർഷം ഉടമ്പടിയാകുമ്പോൾ റബ്ബർ മേഖലയിലെ തകർച്ച പൂർണ്ണമാകും.
ദേശീയ റബ്ബർ നയം വന്നാൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. വിലത്തകർച്ച നേരിടുന്ന കർഷകരുടെ രക്ഷയ്ക്കല്ല, സാമ്പത്തിക ലാഭമുണ്ടാക്കുന്ന വ്യവസായികൾക്കാണ് റബ്ബർ നയം ആത്യന്തികമായി ഗുണം ചെയ്യുന്നത്. പ്രധാന റബ്ബറുൽപാദന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രകൃദിദത്ത റബ്ബർ ഇന്ത്യയിലെ റബ്ബർ വ്യവസായികളുടേതാണെന്നുള്ളത് കർഷകർ തിരിച്ചറിയണം.
ആസിയാൻ അംഗരാജ്യമായ ലാവോസിൽ 2010 മുതൽ 10,000 ഹെക്ടർ സ്ഥലത്താണ് ഇന്ത്യയിലെ ഒരു പ്രമുഖ ടയർ കമ്പനി റബ്ബർ കൃഷി ചെയ്യുന്നത്. ടാപ്പിംഗിനാകട്ടെ 300 റബ്ബർ മരത്തിന് ഒരു ഡോളർ ചെലവും. ശ്രീലങ്കയിലിത് 125 രൂപ മാത്രം. കംബോഡിയയിലും വിയറ്റ്നാമിലും മലേഷ്യയിലും തായ്ലണ്ടിലും സൗത്ത് ആഫ്രിക്കയിലും ഇന്ത്യൻ കമ്പനികൾ സ്ഥലം പാട്ടത്തിനെടുത്ത് റബ്ബർ കൃഷി നടത്തുമ്പോൾ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ വ്യവസായികളുടെ റബ്ബർ ഇറക്കുമതി നിരോധിക്കുവാനോ നിയന്ത്രിക്കുവാനോ കേന്ദ്രസർക്കാർ തയ്യാറാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ വിപണികളിൽ വിറ്റഴിയുന്ന ടയറുൾപ്പെടെ റബ്ബറുൽപന്നങ്ങൾക്ക് ഉപയോഗിക്കുന്ന സ്വാഭാവിക റബ്ബറിന്റെ നിശ്ചിത ശതമാനം ഇന്ത്യയിലെ കർഷകരിൽ നിന്നുതന്നെ റബ്ബർ കമ്പനികൾ സർക്കാർ പ്രഖ്യാപിക്കുന്ന അടിസ്ഥാന വിലയ്ക്ക് വാങ്ങിക്കണമെന്ന് ഉത്തരവിറക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായാൽ ഇന്നത്തെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകും. ആസിയാൻ ഉൾപ്പെടെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള കാർഷിക കുടിയേറ്റത്തെക്കുറിച്ച് കേരളത്തിലെ റബ്ബർ കർഷകർ ഗൗരവമായി ചിന്തിക്കണമെന്ന് വി സി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.