കോട്ടയം: കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം) ദേശീയസമിതി സെപ്റ്റംബർ 23ന് ചേരുന്നു. ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി, പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി (എം.ഡി.എസ്.) ഹാളിൽ ചേരുന്ന ദേശീയസമിതി റബറുൾപ്പെടെ കാർഷികവിളകളുടെ വിലത്തകർച്ച, വനവിസ്തൃതി വർദ്ധിപ്പിക്കുവാൻ ആരംഭിച്ചിരിക്കുന്ന കർഷക കുടിയിറക്ക്, കാർഷികമേഖലയ്ക്ക് വെല്ലുവിളികളുയർത്തുന്ന അന്താരാഷ്ട്ര കരാറുകൾ, സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള കർമ്മപദ്ധതികൾ എന്നിവ ചർച്ചചെയ്യുന്നതാണ്.

കാർഷികമേഖലയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ കർഷകസംരംഭങ്ങളുടെയും കർഷകനീതിനിഷേധത്തിനെതിരെയുള്ള സമരപരിപാടികളുടെയും രൂപരേഖ തയ്യാറാക്കും. ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും.