കോട്ടയം: റബറിന്റെ രാജ്യാന്തരവില കുതിച്ചുയർന്നിട്ടും ആഭ്യന്തരവിലയിലെ മന്ദിപ്പ് തുടരുന്നതിന്റെ പിന്നിൽ റബർ ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും കർഷകവിരുദ്ധ നിലപാടുകളാണെന്നും ആഭ്യന്തരവിപണി വില നിശ്ചയിക്കേണ്ട മാനദണ്ഡങ്ങൾ റബർബോർഡ് അട്ടിമറിക്കുന്നതായി സംശയിക്കുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

പെറുവിലെ ലാമയിൽ നവംബർ 18ന് ചേർന്ന ഏഷ്യൻ പസഫിക് സാമ്പത്തിക കോർപ്പറേഷന്റെ ഉന്നതതല സമ്മേളനത്തെത്തുടർന്ന് ടയർ ഉൾപ്പെടെ റബറധിഷ്ഠിത ഉല്പന്നങ്ങളുടെ ആഗോളവിപണിയിലെ പങ്കാളിത്തം സജീവമാക്കുവാൻ ചൈന മുന്നോട്ടിറങ്ങിയിരി ക്കുകയാണ്. ഇതിന്റെ ഭാഗമായി ഓട്ടോമൊബൈൽ മേഖലയിൽ ഒട്ടേറെ പ്രോത്സാഹനവും ഇളവുകളും ചൈനസർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആസിയാൻ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളുടെയും ആർസിഇപി കരട് കരാറിന്റെയും അടിസ്ഥാനത്തിൽ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള സ്വാഭാവിക റബറിന്റെ ഇറക്കുമതി ചൈന ഉയർത്തിയിരിക്കുന്നു. ഇങ്ങനെ രാജ്യാന്തരവില ഉയരുമ്പോൾ സ്വാഭാവികമായും ഇന്ത്യയുടെ ആഭ്യന്തരവിപണിയിലും അനുപാതികമായ ഉയർച്ചയുണ്ടാകേണ്ടതാണ്. എന്നാൽ ഇറക്കുമതി നഷ്ടം ഒഴിവാക്കാൻ ആഭ്യന്തരവിപണിയെ തകർക്കുന്ന വ്യവസായികളുടെ നിലപാടിന് കേന്ദ്രസർക്കാരും റബർ ബോർഡും ഒത്താശചെയ്ത് കർഷകരെ ദ്രോഹിക്കുന്നു വെന്നും രാജ്യാന്തരവില കുതിച്ചുയർന്നപ്പോൾ ഇന്ത്യയിലെ ഇറക്കു മതിക്കാർക്കുണ്ടായ വൻനഷ്ടം ഒഴിവാക്കാനാണ് റബർ ബോർഡ് അനുപാതികമായി ആഭ്യന്തരവില ഉയർത്താത്തതെന്നും വി സി.സെബാസ്റ്റ്യൻ ആരോപിച്ചു,.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ആർഎസ്എസ് 4നു തുല്യമായ പ്രകൃതിദത്ത റബറിന്റെ രാജ്യാന്തരവില 106 രൂപയിൽ നിന്ന് 141 രൂപയായി ഉയർന്നു. റബർ ബോർഡ് പ്രഖ്യാപിച്ച ആഭ്യന്തരവിലയാകട്ടെ 116 രൂപയിൽനിന്ന് 130 രൂപയായി മാത്രമാണ് ഉയർന്നത്. എന്നാൽ വ്യാപാരിവിലയാകട്ടെ 127 രൂപയും. ക്രൂഡോയിൽ വിലയിലുള്ള മാറ്റങ്ങളും, പ്രകൃതിദത്ത റബറിന്റെ ബാങ്കോക്ക് മാർക്കറ്റ് അടിസ്ഥാനമാക്കിയ രാജ്യാന്തര വിലയും, ഇറക്കുമതിച്ചുങ്കവും, ആഭ്യന്തര ഉല്പാദനവും വിപണിവില നിശ്ചയിക്കുവാൻ അടിസ്ഥാനഘടകമാണ്. 25 ശതമാനം ഇറക്കുമതിച്ചുങ്കത്തോടൊപ്പം 3% സെൻട്രൽ എക്സൈസ് സെസ്സ്, 3% കസ്റ്റംസ് സെസ്സ്, 4% കൗണ്ടർ വെയ്ലിങ് ഡ്യൂട്ടി ഉൾപ്പെടെ 35% ചുങ്കമടച്ചാൽ മാത്രമേ ഇറക്കുമതി സാധ്യമാകൂ. ബാങ്ക് ചാർജും കടത്തുകൂലിയും വേറെ. ഇവയെല്ലാം പരിഗണിച്ച് ആഭ്യന്തവില 190 രൂപയിലധികമായി പ്രഖ്യാപിക്കുന്നതിനുപകരം നികുതിരഹിത ഇറക്കുമതിക്ക് അവസരമൊരുക്കി ആഭ്യന്തരവിപണി മന്ദീഭവിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെയും റബർബോർഡിന്റെയും നിലപാട് വഞ്ചനാപരമാണ്.

സംസ്ഥാന സർക്കാരിന്റെ റബർ സഹായധനപദ്ധതിയുടെ മറവിൽ കുറഞ്ഞവിലയ്ക്ക് വ്യവസായികൾക്ക് അസംസ്‌കൃത റബർ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരായി റബർബോർഡ് അധഃപതിച്ചിരിക്കുന്നു. സഹായധനപദ്ധതിയിൽ നിന്ന് 2016 ജൂൺ 15 വരെയുള്ള ബില്ലുകളിൽ മാത്രമേ സബ്സിഡി ലഭിച്ചിട്ടുള്ളൂ. നവംബർ വരെയുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സഹായധനം പോലും തികയാതെ വരും. വിലത്തകർച്ച നേരിട്ടിട്ടും രാജ്യാന്തരവില ഉയർന്നിട്ടും ഇടപെടലുകൾ നടത്താതെ കേന്ദ്രസർക്കാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.