കോട്ടയം: റബറിന്റെ വിലയിടിവിലും സാമ്പത്തിക പ്രതിസന്ധിയിലും ചെറുകിട കർഷകർക്ക് ആശ്വാസമേകിയിരുന്ന സംസ്ഥാന സർക്കാരിന്റെ റബർ ഉത്തേജകപദ്ധതി നിർത്തലാക്കരുതെന്നും പദ്ധതിയുടെ മൂന്നാംഘട്ടം സർക്കാർ ഉപേക്ഷിക്കുന്നുവെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ റബർ കർഷകരുടെ പ്രശ്‌നത്തിലുള്ള നിഷേധനിലപാട് തുടരുകയാണ്. റബറിന് അടിസ്ഥാനവില നിശ്ചയിക്കുന്നതിനോ റബർ സംഭരണത്തിനോ കേന്ദ്രം തയ്യാറാകുന്നില്ല. രാജ്യാന്തരവില കുത്തനെ ഇടിഞ്ഞ് 109 രൂപയായി. ഉൽപാദനവർദ്ധനവ് ചൂണ്ടിക്കാട്ടി ആഭ്യന്തരവിപണി അട്ടിമറിക്കാൻ ശ്രമിക്കുന്ന റബർബോർഡ് നിലപാടും കർഷകദ്രോഹമാണ്. ജി.എസ്.ടി.വന്നപ്പോൾ വ്യവസായികൾ സർക്കാരിന് നൽകുന്ന ഒരു കിലോഗ്രാമിന് രണ്ടു രൂപ വെച്ചുള്ള സെസ് എടുത്തുകളഞ്ഞതിന്റെ നേട്ടം കർഷകർക്കല്ല, വ്യവസായികൾക്കാണ്. ജി.എസ്.ടി.മൂലം നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന റബർ ഉല്പാദക സംഘങ്ങളേയും നികുതിവിധേയമാക്കി തകർക്കുകയാണ്. മാസങ്ങൾക്കുമുമ്പ് റബറിന്റെ രാജ്യാന്തര വിലയോടൊപ്പം ആഭ്യന്തരവിലയും ഉയർന്ന് 150 രൂപയിൽ വ്യാപാരം നടന്നിരുന്നു. ഇക്കാലയളവിൽ ഉത്തേജക പദ്ധതിയുടെ ഗുണഫലം കർഷകർക്ക് ലഭിക്കുമായിരുന്നില്ല. എന്നാൽ വീണ്ടും വിലയിടിഞ്ഞിരിക്കുമ്പോൾ പദ്ധതിക്ക് ഗുണഫലം ലഭ്യമാക്കുവാൻ സംസ്ഥാനസർക്കാർ ബാധ്യസ്ഥമാണ്.

ഉത്തേജകപദ്ധതിയുടെ രണ്ടാംഘട്ടം 2017 ജൂൺ 30ന് അവസാനിച്ചു. മൂന്നാം ഘട്ടം ജൂലൈ 1ന് ആരംഭിക്കേണ്ടതാണ്. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് അറിയിപ്പു ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് കർഷകരിൽ നിന്ന് ബില്ലുകൾ സ്വീകരിക്കുന്നില്ല. തുടർച്ചയായ മഴമൂലം ടാപ്പിങ് തടസ്സം നേരിട്ട് ഉല്പാദനം കുറഞ്ഞതുകൊണ്ടാണ് ആഭ്യന്തരവിപണി രാജ്യാന്തരവിപണിയേക്കാൾ ഇപ്പോൾ ഉയർന്നുനിൽക്കുന്നത്. ഇത് അനിയന്ത്രിത ഇറക്കുമതിക്ക് അവസരമൊരുക്കുകയും ആഭ്യന്തര വിപണി വരുംനാളുകളിൽ പിന്നോട്ടടിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച 500 കോടി മൂന്നാം ഘട്ടത്തിലെ സഹായധനവിതരണത്തിനായി സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.