കാഞ്ഞിരപ്പള്ളി: കർഷക പ്രസ്ഥാനങ്ങളുടെ ബാഹുല്യവും കൂട്ടായ പ്രവർത്തനങ്ങളുടെ അഭാവവും ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ മുതലെടുക്കുകയാണെന്നും ഇൻഫാമിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ കർഷകപ്രസ്ഥാനങ്ങളുടെ ഐക്യനിര പടുത്തുയർത്തുമെന്നും ഇൻഫാം രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ ചേർന്ന ഇൻഫാം ദേശീയസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ.

ഒട്ടേറെ കർഷക സംഘടനകൾ ഓരോ പ്രാദേശിക കാർഷിക വിഷയങ്ങളുടെ പശ്ചാത്തലത്തിൽ കർഷകസമൂഹത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. കർഷകരുടെ സംഘടിതശക്തി അധികാര കേന്ദ്രങ്ങൾക്ക് ബോധ്യം വരണമെങ്കിൽ കൂട്ടായതും സംഘടിതവുമായ ശ്രമങ്ങൾ ഉണ്ടാകണം. കർഷകസമൂഹത്തെ വിഘടിപ്പിച്ചുനിർത്തുന്നതിൽ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ വിജയിച്ചിരിക്കുന്നുവെന്നത് നാം തിരിച്ചറിയണം. ഇൻഫാമിന്റെ നേതൃത്വത്തിൽ കേരളത്തിലെയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെയും കർഷകപ്രസ്ഥാനങ്ങളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു.

ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.സി.സിറിയക്, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്ജ്, ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ജോയി തെങ്ങുംകുടിയിൽ എന്നിവർ സംസാരിച്ചു. ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ.ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്. മാത്യു മാമ്പറമ്പിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.