കാഞ്ഞിരപ്പള്ളി: കാർഷിക മേഖലയും ഹൈറേഞ്ച് ജനതയും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇൻഫാം ദേശീയ രക്ഷാധികാരിയുമായ മാർ മാത്യു അറയ്ക്കൽ.  ഇൻഫാമിന്റെ നേതൃത്വത്തിൽ കട്ടപ്പന സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടന്ന കർഷക നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
    
അസംഘടിതരായ കർഷകരുടെ മേൽ എന്തു ചൂഷണവും ആകാമെന്നും അവരെ എത്ര അവഗണിച്ചാലും ചവിട്ടി മെതിച്ചാലും തങ്ങളുടെ വോട്ടുബാങ്കിന് ഒരു ഇളക്കവും തട്ടില്ലെന്നാണു രാഷ്ട്രീയ നിലപാട്. ഇതിന് മാറ്റമുണ്ടാകണം. തെരഞ്ഞെടുപ്പാകുമ്പോൾ കുറെ വാഗ്ദാനങ്ങളും മുതലക്കണ്ണീരുമുണ്ടെങ്കിൽ കർഷകരെ വശത്താക്കാമെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങൾ വിലയിരുത്തുന്നത്. കർഷക സമൂഹം സടകുടഞ്ഞ് എഴുന്നേറ്റ് ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മാർ അറയ്ക്കൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നതു ഹൈറേഞ്ചിലെ കർഷകരാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഇവിടെ ജീവിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചും വിശ്വാസത്തിലെടുത്തും ഇവരുടെ സഹകരണത്തിലൂടെയുമാണു പദ്ധതികൾ നടപ്പിലാക്കേണ്ടത്. ആവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വന്യമൃഗങ്ങളുടെ കടന്നുകയറ്റം വ്യാപകമാണ്. ഇതു നിയന്ത്രിക്കാൻ നിയമങ്ങളും നടപടികളുമുണ്ടാകണം.
    
മലയോര മേഖലയിൽ ഏറ്റവും നീറുന്ന പ്രശ്‌നം പട്ടയ വിഷയമാണ്. ഒരു ലക്ഷത്തിലധികം കുടുംബങ്ങളാണു പട്ടയത്തിനായി കാത്തുനിൽക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പരിസ്ഥിതി മൗലികവാദികളാണ് ഇത്തരം നീക്കങ്ങൾക്കു പിന്നിൽ. അഞ്ചു വർഷമായിട്ടും യാതൊരു ചലനവും സൃഷ്ടിക്കാതെ ഇടുക്കി പാക്കേജും അട്ടിമറിക്കപ്പെട്ടു. 750 കോടി രൂപയാണ് കാർഷിക കടാശ്വാസത്തിനായി നീക്കിവച്ചത്. ഇതിന്റെ ഫലം കർഷകനു ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അലംഭാവമാണ് പദ്ധതികൾ അട്ടിമറിക്കപ്പെടുവാൻ കാരണം. ഹൈറേഞ്ചിലെ ഇൻഫാമിന്റെ തുടക്കം വലിയ മുന്നേറ്റമുണ്ടാക്കുമെന്നും വരും നാളുകളിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നും ജാതിമത രാഷ്ട്രീയത്തിനതീതമാണ് ഇൻഫാമിന്റെ പ്രവർത്തനമെന്നും മാർ മാത്യു അറയ്ക്കൽ കൂട്ടിച്ചേർത്തു.    
    
സമ്മേളനത്തിൽ രൂപത വികാരി ജനറാൾ റവ.ഡോ.ജോസ് പുളിക്കൽ അധ്യക്ഷതവഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി സി. സെബാസ്റ്റ്യൻ കർഷക സംഘടനകളുടെ ഐക്യം ഇന്നിന്റെ ആവശ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഹൈറേഞ്ച് സംരക്ഷണസമിതി അംഗം സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവർ പ്രസംഗിച്ചു. ഇൻഫാം കാഞ്ഞിരപ്പള്ളി രൂപത കോഓർഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ പെരുനിലം കർമപദ്ധതി വിശദീകരണം നടത്തി. അണക്കര ഫൊറോന വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ സ്വാഗതവും കർഷക പ്രതിനിധി സണ്ണി വെട്ടൂണി നന്ദിയും പറഞ്ഞു. ഹൈറേഞ്ചിലെ വിവിധ ഇടവകകളിൽനിന്നായി ആയിരക്കണക്കിനു കർഷകരാണു സമ്മേളനത്തിൽ പങ്കെടുത്തത്.