കൊച്ചി: വിപണിയിലെ വിലവ്യതിയാനങ്ങളെക്കുറിച്ചുള്ള ആശങ്കകളേക്കാളുപരി പുരോഗതിയെക്കുറിച്ചുള്ള ശരിയായ ഉൾക്കാഴ്ചകൾ കർഷകസമൂഹത്തിനുണ്ടാകണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ. പൊന്നുരുന്നി സഹൃദയയിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിപരീത സാഹചര്യങ്ങളിലും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ശരിയായ ആസൂത്രണം നടത്തുന്നതിനും മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിനുമുള്ള അറിവ് നേടാൻ കർഷകർ ശ്രമിക്കണമെന്നും മാർ അറയ്ക്കൽ കൂട്ടിച്ചേർത്തു.  

എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടന്ത്രത്ത് അധ്യക്ഷനായിരുന്നു. സമൂഹത്തിന് ആഹാരം നൽകുന്നവരുടെ ജീവിതം ദൂരിതപൂർണ്ണമാകുന്നത് കുടുംബബന്ധങ്ങളേയും നാടിന്റെ പരമ്പരാഗത കാർഷികസംസ്‌കൃതിയേയും ദോഷകരമായി ബാധിക്കുമെന്ന് സമൂഹവും സർക്കാരും ചിന്തിക്കണമെന്ന് മാർ എടന്ത്രത്ത് ചൂണ്ടിക്കാട്ടി.

ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വിസി സെബാസ്റ്റ്യൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ഇൻഫാം ദേശീയ ചെയർമാൻ പിസി സിറിയക് ഐഎഎസ് (റിട്ട), ദേശീയ സെക്രട്ടറി ഫാ. ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന സെക്രട്ടറി ഫാ. ജോസഫ് മോനിപ്പള്ളി, സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, ജോസ് പോൾ എന്നിവർ സംസാരിച്ചു.