കൊച്ചി: കേരളത്തിലെ പ്രമുഖ കർഷക സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ തുടക്കമായി  10-ന് എറണാകുളം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ സംയുക്ത നേതൃസമ്മേളനം ചേരുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഇൻഫാം, ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി, പശ്ചിമഘട്ട ജനസമിതി കോഴിക്കോട്, കുട്ടനാട് വികസന സമിതി ആലപ്പുഴ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം, സനാതനം കർഷകസമിതി കൊല്ലം, കർഷകവേദി കോട്ടയം, പരിയാരം കർഷകസമിതി തൃശ്ശൂർ, ഭാരതീത കർഷക സമാജം പാലക്കാട്, കാഞ്ഞിരപ്പുഴ കർഷകസമിതി മണ്ണാർക്കാട്, വെസ്റ്റേൺ ഘട്ട് പീപ്പിൾസ് പ്രൊട്ടക്ഷൻ കൗൺസിൽ മലപ്പുറം, ദേശീയ കർഷക മുന്നണി എന്നിവയുൾപ്പെടെ വിവിധ കർഷക പ്രസ്ഥാനങ്ങളാണ് പങ്കെടുക്കുന്നത്. ഇതോടൊപ്പം രാഷ്ട്രീയത്തിനതീതമായി തീരദേശ, ഇടനാട്, മലയോര മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

കർഷകർ അസംഘടിതരായിരിക്കുന്നതും പല തട്ടുകളിലായി പ്രവർത്തിക്കുന്നതും വിവിധ ജനകീയ വിഷയങ്ങളിലുള്ള ഇടപെടലുകൾക്കും ഫലപ്രദമായ നടപടികൾക്കും തടസ്സം സൃഷ്ടിക്കുന്നുവെന്നുള്ള തിരിച്ചറിവാണ് ഇത്തരമൊരു സംഘടിതശ്രമത്തിനു പിന്നിൽ. വരും നാളുകളിൽ ഈ നീക്കം കർഷക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരും. ഇൻഫാം ദേശീയ ചെയർമാൻ മാർ മാത്യു അറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.