കൊച്ചി: മനുഷ്യനെ മാരകമായ രോഗങ്ങളിലെത്തിച്ച് ജീവന് വെല്ലുവിളിയുയർത്തി മരണത്തിലേയ്ക്ക് തള്ളിവിടുന്ന വിഷവും മായവും കലർന്ന ഭക്ഷണസംസ്‌ക്കാരത്തിന് അറുതിവരുത്തുവാൻ പഴമയിലേയ്ക്ക് മടങ്ങിപ്പോയി ആധുനിക കാലഘട്ടത്തിന്റെയും ആഗോള സംവിധാനങ്ങളുടെയും പിൻബലത്തോടെ പുത്തൻ കാർഷികസംസ്‌ക്കാരം രൂപപ്പെടുത്തുവാൻ കർഷകസമൂഹം മുന്നോട്ടു വരണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ആഹ്വാനം ചെയ്തു.

കൊച്ചി പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചേർന്ന ഇൻഫാം ദേശീയ സമിതിയുടെയും റീജണൽ ഡയറക്ടർമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ അറയ്ക്കൽ. 

ഇൻഫാമിന്റെ പ്രവർത്തകർ ജൈവകൃഷിയുടെ പ്രചാരകരാകണം. ജൈവകാർഷികോൽപ്പന്നങ്ങളുടെ വിപണന ശൃംഖലകൾ ശക്തിപ്പെടുത്തുവാനുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകും. ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കർഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകൾ ശക്തിപ്പെടുത്തും. അതിരൂക്ഷമായ കാർഷിക പ്രതിസന്ധിയിൽ വിറങ്ങലിച്ചുനിൽക്കാതെ ഏകവിളയിൽനിന്നു ബഹുവിളയിലേയ്ക്കും ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നൂതനമാർഗ്ഗങ്ങളിലേയ്ക്കും ആഗോളതല വിപണനങ്ങളിലേയ്ക്കും കേരളത്തിലെ കർഷകർ ശ്രദ്ധതിരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും മാർ അറയ്ക്കൽ സൂചിപ്പിച്ചു.

ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ വിഷയാവതരണവും ഇൻഫാമിന്റെ തുടർ പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു. ജൈവഭാരതം നവഭാരതം പദ്ധതി ഇൻഫാം ദേശീയ സമിതി പ്രഖ്യാപിച്ചു. ജൈവകൃഷിയെക്കുറിച്ചുള്ള ബോധവൽക്കരണം പ്രോത്സാഹിപ്പിക്കൽ, സംഭരണം, വിപണനം എന്നിവയും ഈ പദ്ധതിയിൽപ്പെടുന്നു. കേരളത്തിൽ ഇൻഫാമിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 31 റീജണുകളിലും ഡയറക്ടർമാരെ നിയമിച്ചു. ഒക്‌ടോബർ നവംബർ മാസങ്ങളിലായി വിവിധ റീജണുകളിൽ കർഷകസമ്മേളനങ്ങൾ ചേരുന്നതാണ്. ജൈവഭാരതം നവഭാരതം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചരണ പരിപാടികളും ഒക്‌ടോബറിൽ നടക്കും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് ഇതര സംസ്ഥാനങ്ങളിൽ സജീവമായിട്ടുള്ള ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ നടപ്പിലാക്കാനും ദേശീയസമിതി രൂപരേഖ തയ്യാറാക്കി.

ഇൻഫാം കർഷകസംരംഭങ്ങൾക്ക് സംസ്ഥാനതലത്തിൽ നേതൃത്വം നൽകുവാൻ ഫാ. ജോസ് മോനിപ്പള്ളിയെ ഡയറക്ടറായും ജോസ് എടപ്പാട്ടിനെ കൺവീനറായും ദേശീയ സമിതി നിയമിച്ചു. ഇൻഫാം ദേശീയ വൈസ്പ്രസിഡന്റ് കെ മൈതീൻ ഹാജി, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, മാനേജിങ് ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, റീജണൽ ഡയറക്ടർമാരായ ഫാ. ബോവസ് മാത്യു തിരുവനന്തപുരം, ഫാ. മത്തായി മണ്ണപ്പറമ്പിൽ തിരുവല്ല, ഫാ. ജോസഫ് കളരിക്കൽ ചങ്ങനാശേരി, ഫാ. തോമസ് മറ്റമുണ്ടയിൽ കാഞ്ഞിരപ്പള്ളി, ഫാ. ജോസ് തറപ്പേൽ പാല, ഫാ. പോൾ ചെറുപിള്ളി എറണാകുളം, ഫാ. ജിമ്മി കല്ലിംഗക്കുടിയിൽ തൃശൂർ, ജോൺ പെരുവത്ത് മാവേലിക്കര, സംസ്ഥാന ഉപഭോക്തൃഫോറം മെമ്പർ അഡ്വ. ജോസ് വിതയത്തിൽ, മാത്യു മാമ്പറ, അഡ്വ. പിഎസ് മൈക്കിൾ, ജോസഫ് കരിയാങ്കൽ, ബേബി പെരുമാലിൽ, ജെസ്റ്റിൻ ആന്റണി കോഴിക്കോട്, തോമസ് ജോൺ തേവരത്ത് മാവേലിക്കര, ബിന്ദു അഗസ്റ്റിൻ തിരുവനന്തപുരം, ജെയിംസ് കോട്ടൂർ, ജോയി പള്ളിവാതുക്കൽ എന്നിവർ സംസാരിച്ചു.