- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക പ്രതിസന്ധിയിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടേത് നിഷേധനിലപാട്; കർഷകപ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ ആഹ്വാനവുമായി ഇൻഫാം
കൊച്ചി: കാർഷികമേഖലയിൽ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖംതിരിഞ്ഞു നിൽക്കുകയാണെന്നും കർഷകർ വിഘടിച്ചുനിൽക്കാതെ സംഘടിതരായി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നില്ലെങ്കിൽ നിലനിൽപ്പുതന്നെ വെല്ലുവിളിയാകുമെന്ന ആഹ്വാനവുമായി ഇൻഫാം ദേശീയ സമിതി. കൊച്ചി പാലാരി
കൊച്ചി: കാർഷികമേഖലയിൽ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖംതിരിഞ്ഞു നിൽക്കുകയാണെന്നും കർഷകർ വിഘടിച്ചുനിൽക്കാതെ സംഘടിതരായി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നില്ലെങ്കിൽ നിലനിൽപ്പുതന്നെ വെല്ലുവിളിയാകുമെന്ന ആഹ്വാനവുമായി ഇൻഫാം ദേശീയ സമിതി.
കൊച്ചി പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചേർന്ന ഇൻഫാം ദേശീയ സമിതിയിൽ ദേശീയ വൈസ്‌ചെയർമാൻ കെ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളനം മൂവാറ്റുപുഴ ബിഷപ്പ് എബ്രഹാം മാർ ജൂലിയസ് ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിലുള്ള മാറ്റങ്ങൾക്കനുസരിച്ച് കാർഷികമേഖലയുടെ ഉല്പാദനവിപണനരംഗത്ത് കൂടുതൽ അവസരങ്ങൾ കണ്ടെത്തുവാൻ കർഷകർ മുന്നോട്ടുവരണമെന്ന് ബിഷപ്പ് എബ്രഹാം മാർ ജൂലിയസ് ആഹ്വാനം ചെയ്തു.
കാർഷികമേഖലയിലെ ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ച് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ വിഷയാവതരണവും, കാർഷിക പ്രതിസന്ധിയിലെ ബദൽ സംവിധാനങ്ങളെക്കുറിച്ച് നാളികേര ബോർഡ് ചെയർമാൻ ടികെ ജോസ് ഐഎഎസ് മുഖ്യപ്രഭാഷണവും നടത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട്, സംസ്ഥാന കൺസ്യൂമർ ഫോറം മെമ്പർ അഡ്വ. ജോസ് വിതയത്തിൽ, പിസി സിറിയക്, ഡോ. എംസി ജോർജ്, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ് പൊട്ടയ്ക്കൽ, ഫാ. പോൾ ചെറുപിള്ളി, ഫാ. മാത്യു പൊന്നാമ്പേൽ, ജോയി തെങ്ങുംകുടി, ജോസ് എടപ്പാട്ട്, ജോസ് പോൾ, ജോയി പള്ളിവാതുക്കൽ, സണ്ണി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
ജനുവരി 15 ന് ഇൻഫാം കർഷകദിനമായി ആചരിക്കുന്നതാണ്. ഇതിനു മുന്നോടിയായി കെസിബിസി പ്രത്യേക സർക്കുലർ ജനുവരി 10 ന് പുറപ്പെടുവിക്കും. കാർഷിക പ്രശ്‌നങ്ങളിൽ മുഖംതിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ മുഖം തിരിഞ്ഞുനടന്ന് ജനുവരി 15 ന് കർഷകർ പ്രതിഷേധം പ്രകടിപ്പിക്കും. കർഷകദിനത്തിന്റെ സംസ്ഥാനതല പ്രതിഷേധപ്രകടനവും സമ്മേളനവും മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളത്ത് നടക്കും.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കേരളയാത്രകൾ ജനജീവിതം സ്തംഭിപ്പിക്കുന്ന ജനദ്രോഹ നടപടിയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിമൂലം കർഷകർ ആത്മഹത്യ ചെയ്യുന്ന അതിദാരുണമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നതിനെ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ നിസാരവൽക്കരിച്ചുകാണുന്നതിൽ ദേശീയ സമിതി ഉൽക്കണ്ട രേഖപ്പെടുത്തി. കാർഷിക പ്രതിസന്ധി അതിരൂക്ഷമാണെങ്കിലും ആത്മഹത്യയിൽ നിന്ന് കർഷകർ പിന്തിരിയണം. കടക്കെണിയിലായി ജപ്തിഭീഷണി നേരിടുന്ന കർഷകർ ഇൻഫാമുമായി ബന്ധപ്പെടണമെന്നും നിയമസഹായമുൾപ്പെടെ തുടർക്രമീകരണങ്ങൾ ഇൻഫാം ചെയ്യുമെന്നും ദേശീയസമിതി പ്രഖ്യാപിച്ചു.
റബറിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും റബർ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുവാൻ സർക്കാർ ഇടപെടൽ നടത്താത്തതിൽ ദുരൂഹതയുണ്ടെന്നും കർഷക സമരങ്ങളെ അട്ടിമറിക്കുവാൻ ചില രാഷ്ട്രീയ നേതൃത്വങ്ങൾ വ്യവസായികളുമായി ഒത്തുചേർന്ന് വഞ്ചനാപരമായ ഇടപാടുകൾ നടത്തുന്നതായി സംശയിക്കുന്നുവെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
വാഗ്ദാനങ്ങൾ നൽകി കർഷകരെ വഞ്ചിക്കുന്ന ഭരണനേതൃത്വങ്ങളുടെ സ്ഥിരം അടവുനയങ്ങൾ കർഷകർ തിരിച്ചറിയണം. പശ്ചിമഘട്ട ഗാഡ്ഗിൽ കസ്തൂരിരംഗൻ വിഷയങ്ങളിൽ കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിനു മുമ്പ് കരടുവിജ്ഞാപനമിറക്കി എല്ലാ പ്രശ്‌നങ്ങളും തീർന്നുവെന്ന് മുഖ്യമന്ത്രി പലതവണ പ്രഖ്യാപനം നടത്തി. പ്രശ്‌നങ്ങൾ അതീവഗുരുതരമായി ഇപ്പോഴും തുടരുന്നു. കരടുവിജ്ഞാപനം സംബന്ധിച്ച് കേന്ദ്രസർക്കാരിൽ വിശദാംശങ്ങൾ നൽകുവാൻ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുവാൻപോലും ഭരണനേതൃത്വത്തിനാകാത്തതിന്റെ പിന്നിൽ വൻ ഗൂഢാലോചനകളുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിനു മുമ്പ് 2015 മാർച്ച് 13 ന് ബജറ്റിൽ പ്രഖ്യാപിച്ച 300 കോടിയുടെ റബർ സഹായധനപദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു മാത്രമല്ല ഇതിന്റെ മറവിൽ മുൻകാല പ്രാബല്യത്തോടെ ഹെക്ടറിന് 800 രൂപയായി വർദ്ധിപ്പിച്ച ഭൂനികുതി കർഷകരെക്കൊണ്ട് ഖജനാവിലേയ്ക്കടപ്പിച്ച ക്രൂരസമീപനമുണ്ടായി. വരാൻപോകുന്ന നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പ് റബർ സംഭരണ പ്രഖ്യാപനവുമായി കർഷകരെ പാട്ടിലാക്കുവാനുള്ള അടവുനയശ്രമങ്ങളുണ്ടാകുമെന്ന് കർഷകർ തിരിച്ചറിയണമെന്നും വോട്ടുചെയ്യുവാൻ മാത്രമുള്ള ഉപകരണങ്ങളായി കർഷകർ അധഃപതിക്കരുതെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
കാർഷികോല്പന്നങ്ങളുടെ വിലയിടിവിനെത്തുടർന്ന് ഭൂമിയുടെ മൂല്യത്തിനും ഇടിവുണ്ടായിട്ടുണ്ട്. ഇതിന്റെ മറവിൽ രാഷ്ട്രീയ നേതൃത്വങ്ങളുടെയും സർക്കാർ ബാങ്ക് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ റിയൽ എസ്റ്റേറ്റ് മാഫിയകൾ രംഗത്തുവന്നിരിക്കുമ്പോൾ സംഘടിച്ചുനീങ്ങുവാനും പ്രതികരിക്കുവാനും കർഷകർ മുന്നോട്ടുവരണമെന്നും സമ്മേളനം അഭ്യർത്ഥിച്ചു.