കാഞ്ഞിരപ്പള്ളി: ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ കാർഷികോല്പന്നങ്ങൾക്കും നാണ്യവിളകൾക്കും ആഗോളവിപണികൾ കണ്ടെത്തി മുന്നേറുവാൻ വരും നാളുകളിൽ കേരളത്തിലെ കർഷകർക്കാകണമെന്നും കാർഷികോല്പന്നങ്ങൾക്ക് ഇടനിലക്കാരില്ലാതെയുള്ള വിപണനശൃംഖലകൾ കർഷകകൂട്ടായ്മയിലൂടെയും സംരംഭങ്ങളിലൂടെയും ഭാരതത്തിലുടനീളം വ്യാപകമാക്കണമെന്നും ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ.

ഇൻഫാമിന്റെ നേതൃത്വത്തിൽ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ പ്രതിനിധികൾക്കായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജ് റിസർച്ച് സ്‌ക്വയറിൽ നടന്ന കാർഷികവിപണന ശൃംഖല സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ.  കർഷകർ സംഘടിച്ച് കൂട്ടായ്മകൾ ശക്തിപ്പെടുത്തണം.  ഉല്പന്നങ്ങളുടെ വിലയിടിയുമ്പോൾ നിരന്തരം വിലപിച്ചിട്ടുകാര്യമില്ല.  തളരാതെ പുതിയ വിപണന സംവിധാനങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.  കാർഷികോല്പന്നങ്ങളൊഴിച്ച് പൊതുവിപണിയിലെ ഏതൊരു ഉല്പന്നത്തിന്റെയും വിലനിശ്ചയിക്കുന്നത് ഉല്പാദകരാണ്.  എന്നാൽ കാർഷികോല്പന്നങ്ങൾക്കും നാണ്യവിളകൾക്കും വിലയിടുന്നത് വ്യാപാരികളും ഇടനിലക്കാരുമാണ്.  ഈ സ്ഥിതിവിശേഷം കർഷകചൂഷണത്തിന് കളമൊരുക്കുന്നു.  ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം.  അത്തരമൊരു ചിന്തയിൽ നിന്നാണ് കർഷകഉല്പാദക കമ്പനികൾ കർഷകകൂട്ടായ്മകളിലൂടെ രൂപപ്പെട്ടുവരുന്നത്.  ആഗോളവൽക്കരണത്തിന്റെ സാഹചര്യങ്ങളിൽ നിന്ന് കർഷകർക്ക് മാറിനിൽക്കാനാവില്ല.  മാറിനിന്നാൽ ഒറ്റപ്പെട്ടുപോകും.  ഉല്പാദനവർദ്ധനവിലൂടെയും പുത്തൻവിപണനശൃംഖലകളിലൂടെയും ആഗോളസാന്നിധ്യമാകുവാനാണ് കേരളത്തിലെ കർഷകസമൂഹം ശ്രമിക്കേണ്ടതെന്നും മാർ അറയ്ക്കൽ സൂചിപ്പിച്ചു.

ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. തമിഴ്‌നാട് കർഷക ഉല്പാദക സംഘം കോർഡിനേറ്ററും അഗ്രി സിസ്റ്റം ഫൗണ്ടേഷൻ ചെയർമാനുമായ ഡോ.ഇ.വടിവേൽ, ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്.ജയചന്ദ്രൻ (ഈറോഡ്), കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കർഷകഉല്പാദക പ്രസ്ഥാനങ്ങളുടെ സ്‌കീം പ്രോജക്ട് കോർഡിനേറ്റർ ആർ.യുവസെന്തിൽകുമാർ, ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ബോർഡ് മെമ്പർ ജെയിംസ് വടക്കൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ.ഡോ.മാത്യു പായിക്കാട്ട് മോഡറേറ്ററായിരുന്നു.