കൊച്ചി: തീരദേശ ഇടനാട് മലയോര പ്രദേശങ്ങളിലെ കാർഷിക ജനകീയ പ്രശ്‌നങ്ങൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ കർഷക നേതൃസമ്മേളനങ്ങൾ കേരളത്തിലെ 10 മേഖലകളിലായി സംഘടിപ്പിക്കുന്നു. കർഷകർ നേരിടുന്ന വിവിധ വിഷയങ്ങളും സർക്കാർ സംവിധാനങ്ങളുടെ നിലപാടുകളും ചർച്ചചെയ്യുന്നതിനോടൊപ്പം കാർഷിക പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനുള്ള ബദൽ സംവിധാനങ്ങളെക്കുറിച്ച് കർഷകർ മേഖലാ നേതൃസമ്മേളനങ്ങളിൽ പങ്കുവയ്ക്കലുകൾ നടത്തും. നൂതന കൃഷിരീതികൾ, കർഷക ബാങ്ക്, ഇടനിലക്കാരില്ലാത്ത കർഷകവിപണികൾ, കർഷക ഉൽപാദക കമ്പനികൾ, മൂല്യവർദ്ധിത ഉൽപന്ന യുണിറ്റുകൾ എന്നിവയും വിവിധ കർഷകപ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയുള്ള പദ്ധതികളുടെ രൂപീകരണവും മേഖലാസമ്മേളനങ്ങളിൽ നടക്കും.
 
പ്രഥമ മേഖലാ കർഷകപ്രതിനിധി സമ്മേളനം ഡിസംബർ 1 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാല ബിഷപ്‌സ് ഹൗസിൽ ചേരും. പാല രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാല രൂപത വികാരി ജനറൽ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, കോട്ടയം രൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ ആശംസകൾ നേരും. ഇൻഫാം ദേശീയ സെക്രട്ടി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ വിഷയാവതരണവും റീജിയണൽ ഡയറക്ടർ ഫാ. േജോസ് തറപ്പേൽ ആമുഖപ്രഭാഷണവും നടത്തും.  

ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി, സംസ്ഥാന കൺവീനർ ജോസ് ഇടപ്പാട്ട്, ദേശീയ വൈസ്‌ചെയർമാൻ കെ മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ, ഇൻഫാം രൂപതാ ഡയറക്ടർമാരായ ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ (കോതമംഗലം), ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര (ഇടുക്കി), ഫാ. തോമസ് മറ്റമുണ്ടയിൽ (കാഞ്ഞിരപ്പള്ളി), ഫാ. ജോസഫ് കളരിക്കൽ (ചങ്ങനാശ്ശേരി), ഫാ. ബിൻസ് ചേത്തലിൽ (കോട്ടയം) എന്നിവർ പ്രവർത്തന റിപ്പോർട്ടുകളും തുടർപദ്ധതികളും അവതരിപ്പിക്കുന്നതാണ്. ഇൻഫാം ജില്ലാ സെക്രട്ടറി ബേബി പന്തപ്പള്ളിൽ, സണ്ണി മുത്തോലപുരം, ഔസേപ്പച്ചൻ വെള്ളിമൂഴയിൽ, ജെയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവർ നേതൃത്വം നൽകും.
 
2016 ജനുവരി 6 ന് ഇൻഫാം സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്തുചേർന്ന് കാർഷിക നയരേഖ പ്രഖ്യാപിക്കും. ജനുവരി 15 ന് ഇൻഫാം കർഷകദിനമായി ആചരിക്കും.