കോട്ടയം: റബർ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും കേന്ദ്രസർക്കാർ വൻ റബർ ഇറക്കുമതിക്ക് ഒത്താശ ചെയ്യുന്നത് കർഷകദ്രോഹമാണെന്നും ഇറക്കുമതിയിന്മേൽ ഏർപ്പെടുത്തിയ തുറമുഖ നിയന്ത്രണം പ്രഹസനമായി മാറിയെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

തായ്‌ലണ്ട് സർക്കാരിന്റെ പ്രതിനിധികൾ ഡൽഹിയിൽവച്ച് ഇന്ത്യയിലെ റബർ വ്യവസായികളുമായി നടത്തിയ ചർച്ചയിൽ തായ്‌ലണ്ടിൽ നിന്നുള്ള റബർ ഇറക്കുമതി രണ്ടുലക്ഷം ടണ്ണിൽ നിന്ന് നാലുലക്ഷം ടണ്ണായി വർദ്ധിപ്പിക്കുവാൻ സാധ്യതയേറി. റബർ വിലയിടിവിൽ കർഷകരിൽ നിന്ന് ഇരട്ടിവിലയ്ക്ക് ഗവൺമെന്റ് സംഭരിച്ച വൻ റബർ സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമായി ആഗോളവിപണിയിലേയ്ക്ക് തായ്‌ലണ്ട് സർക്കാർ നേരിട്ടിറങ്ങിയിരിക്കുന്നത് തകർച്ച നേരിടുന്ന ഇന്ത്യയിലെ റബർ മേഖലയ്ക്ക് വീണ്ടും വെല്ലുവിളിയുയർത്തുന്നു. ഈ വൻ ഇറക്കുമതിക്ക് റബർ കർഷകരെ മറന്ന് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിക്കുന്നത് വഞ്ചനാപരമാണെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
അഡ്വാൻസ് ഓതറൈസേഷൻ സ്‌കീമിലൂടെ നികുതിയില്ലാതെ നടക്കുന്ന ഇറക്കുമതി ഒരു വർഷത്തേക്കെങ്കിലും തുടർച്ചയായി നിരോധിക്കുവാൻ കേന്ദ്രസർക്കാർ അടിയന്തരമായി തയ്യാറായെങ്കിൽ മാത്രമേ വിപണിയിലെ ഇന്നത്തെ നിലയെങ്കിലും തുടരാനാവൂ. ഇതിന് അന്താരാഷ്ട്ര കരാറുകൾ തടസ്സമാകുന്നതല്ല. റബർ ബോർഡിന്റെ ആഴ്ചയിൽ ഒരു ടാപ്പിങ് എന്ന പുതിയ പദ്ധതി പ്രായോഗികത മനസിലാക്കാതെയുള്ള ഉദ്യോഗസ്ഥ പദ്ധതിയാണ്.

യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുവാനുള്ള റബർ ബോർഡിന്റെ പരസ്യപദ്ധതി എന്നതിനപ്പുറം കർഷകർക്ക് ഗുണം ചെയ്യില്ല. ഉല്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചിരിക്കുമ്പോൾ റബറിന് 200 രൂപ അടിസ്ഥാനവില നിശ്ചയിച്ച് തായ്‌ലണ്ട് സർക്കാരിനെ മാതൃകയാക്കി റബർ സംഭരണത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് റബർബോർഡ് ചെയ്യേണ്ടത്. എത്തഫോൺ ഉത്തേജകമരുന്നിന്റെയും മാസത്തിലൊന്നുവീതം ഓരോ റബർമരത്തിലും ഇത് പുരട്ടേണ്ടതിന്റെയും റെയ്ൻ ഗാർഡ് ഉപയോഗിക്കേണ്ടതിന്റെയും പേരിൽ കർഷകർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത റബർ ബോർഡ് വഹിക്കുവാൻ തയ്യാറാകാതെ പദ്ധതി പ്രഖ്യാപിച്ചിട്ട് കാര്യമില്ല.
പുതിയ സംസ്ഥാന സർക്കാരിന്റെ ഭരണത്തുടക്കം അഭിനന്ദനീയമാണ്. റബറുൾപ്പെടെ കാർഷികമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാരുമായി ചർച്ചയ്ക്കായി ഇൻഫാം പ്രതിനിധിസംഘം ഉടൻ കൂടിക്കാഴ്ച നടത്തുന്നതാണെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.