കട്ടപ്പന: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളുടെ നിർണ്ണയം സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും, ജനപ്രതിനിധികളും, ജനകീയ പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോൾ, കപടപരിസ്ഥിതി സംഘടനകളും പരിസ്ഥിതി മൗലികവാദികളും ചേർന്ന് വിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുവാൻ നടത്തുന്ന ഗൂഢശ്രമങ്ങൾ അപലപനീയമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2013 നവംബർ 13ന് സംസ്ഥാനത്തെ 123 വില്ലേജുകൾ ഉൾപ്പെടെ പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകൾ ഇഎസ്എ ആയി പരിഗണിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി. ഇതിനെതിരെ ജനങ്ങളുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടിവന്നതാണ്. തുടർന്ന് 2014 മാർച്ച് 10ന് പുറപ്പെടുവിച്ച ഒന്നാം കരടുവിജ്ഞാപനത്തിലും 2015 സെപ്റ്റംബർ നാലിലെ രണ്ടാം കരടുവിജ്ഞാപനത്തിലും കേരളത്തിലെ 123 വില്ലേജുകളും ഇഎസ്എ ആയി കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കരടുവിജ്ഞാപനമിറക്കിയതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലിരിക്കുന്നതുമായ പരിസ്ഥിതിലോലവിഷയത്തിൽ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ നിയമപരമായി പ്രദേശങ്ങൾ പരിസ്ഥിതിലോലമാകുകയുള്ളൂവെന്നത് വ്യക്തമാണ്. അതിന്റെപേരിൽ ഹരിതട്രിബ്യൂണലിന്റെ പരാമർശത്തിന് പ്രസക്തിയില്ല.

എന്നാൽ അന്തിമവിജ്ഞാപനത്തിൽ ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കണമെന്നും ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നുമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുൾപ്പെടെയുള്ള കർഷകജനകീയ പ്രസ്ഥാനങ്ങൾ നാലരവർഷക്കാലമായി പരസ്യമായി ആവശ്യപ്പെടുന്നത്.  സർക്കാർ തലത്തിൽ തീരുമാനങ്ങളും അന്തിമവിജ്ഞാപനവും വരാനിരിക്കെ പ്രശ്‌നങ്ങൾ ഹരിതട്രിബ്യൂണലിലേക്കും സുപ്രീംകോടതിയിലേക്കും വീണ്ടും വലിച്ചിഴച്ച് കോടതിവിധിയിലൂടെ സങ്കീർണ്ണത സൃഷ്ടിക്കുവാൻ വിദേശസാമ്പത്തിക ഏജൻസികളുടെ സഹായത്തോടെ പരിസ്ഥിതി മൗലികവാദികൾ ശ്രമിക്കുന്നതിനെ ശക്തമായി നേരിടേണ്ടിവരും. പശ്ചിമഘട്ടത്തിലുള്ളവരെയെല്ലാം ഭൂമാഫിയകളും കയ്യേറ്റക്കാരുമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ചില കേന്ദ്രങ്ങൾ നടത്തുന്ന ബോധപൂർവ്വവും ആസൂത്രിതവുമായ ശ്രമങ്ങൾ പശ്ചിമഘട്ടജനത തിരിച്ചറിയുന്നുവെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.