കോട്ടയം: കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോൾ അനുദിനം രൂപപ്പെടുന്ന അഴിമതി ആരോപണങ്ങളുടെയും വിവാദങ്ങളുടെയും മറവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാർഷിക ജനകീയ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പ്രസ്താവിച്ചു.

കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും വില നൽകിയിട്ടില്ല. നെല്ല് സംഭരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പണം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും വാഗ്ദാനം നടപ്പിലാക്കുന്നതിൽ വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രണ്ടാം വിളയിറക്കുന്നതിനും ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കുന്നതിനും സാധിക്കാതെ നെൽകർഷകർ വൻപ്രതിസന്ധിയിലാണിന്ന്.  

റബറിന്റെ വിലത്തകർച്ച തുടരുകയാണ്. തദ്ദേശതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റബർ കർഷക വിലസ്ഥിരതാ ഫണ്ട് ഫലപ്രദമായി നടപ്പാക്കുവാൻ സാധിക്കാതെ ഇഴഞ്ഞുനീങ്ങുന്നു. വിലസ്ഥിരതാ പദ്ധതിയുടെ മറവിൽ കർഷകരിൽ നിന്ന് വർദ്ധിപ്പിച്ച ഭൂനികുതി സർക്കാർ ഖജനാവിലേയ്ക്കടപ്പിച്ച് നേട്ടമുണ്ടാക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുമെന്നുള്ള പ്രഖ്യാപനവും നടപ്പിലാക്കിയിട്ടില്ല. കേന്ദ്രസർക്കാരാകട്ടെ അനിയന്ത്രിതമായ റബർ ഇറക്കുമതിക്ക് ഒത്താശ ചെയ്യുന്നു. കരടുറബർ നയം കർഷകരോട് ചർച്ച ചെയ്യുവാനോ റബർബോർഡ് പുനഃസംഘടിപ്പിക്കുവാനോ തയ്യാറാകാത്ത കേന്ദ്രസർക്കാരിന്റെ റബർ കർഷകനിഷേധനിലപാട് പ്രതിഷേധാർഹമാണെന്നും പട്ടാളഭരണം നടത്തുന്ന തായ്‌ലണ്ട് സർക്കാർ സാമ്പത്തിക തകർച്ചയിൽ റബർ കർഷകർക്കു നൽകുന്ന ആനുകൂല്യവും പ്രോത്സാഹനവും കേന്ദ്രസർക്കാർ കണ്ടുപഠിക്കണമെന്നും വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.  

60,000 കോടിയിലേറെ രൂപയാണ് കേന്ദ്രസർക്കാർ കാർഷിക കടാശ്വാസത്തിന്റെ പേരിൽ മുൻവർഷം എഴുതിത്ത്തള്ളിയത്. ഇതിൽ 55,000 കോടിയും വൻകിട കോർപ്പറേറ്റുകൾ കാർഷിക ആവശ്യങ്ങളുടെ പേരിൽ ബാങ്കുകളിൽ നിന്ന് കടമെടുത്ത തുകയാണ്. ബാങ്കുകളും വൻകിടക്കാരും കർഷകന്റെ മറവിൽ നേട്ടങ്ങളുണ്ടാക്കുമ്പോൾ യഥാർത്ഥ കർഷകർ പീഡിപ്പിക്കപ്പെടുകയാണ്. ഒരു ലക്ഷത്തോളം രൂപ മാത്രം കടക്കാരനായ വയനാട്ടിലെ കർഷകനെ 15 ദിവസത്തോളം ജയിലിലടച്ച് പീഡിപ്പിക്കുവാൻ ഇടയാക്കിയ ബാങ്ക് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നും സർക്കാർ അടിയന്തര അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നും സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.