കോട്ടയം: റബറിന്റെ വിലത്തകർച്ചയിൽ ഇതിനോടകം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൂന്നു സംഭരണങ്ങളും പരാജയപ്പെട്ടിരിക്കുമ്പോൾ റബറിന് 150 രൂപ തറവില നിശ്ചയിക്കുമെന്നും 20000 ടൺ റബർ സംഭരിക്കുമെന്നുമുള്ള ബജറ്റ് പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും വാഗ്ദാനം നൽകി കർഷകരെ നിരന്തരം വഞ്ചിച്ച് വിഢികളാക്കുന്ന സർക്കാരിന്റെ സ്ഥിരം പല്ലവി വിലപ്പോവില്ലെന്നും ബജറ്റിലെ റബർ സംഭരണ പ്രഖ്യാപനങ്ങൾ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്നും  ഇൻഫാം ദേശീയസമിതി ചൂണ്ടിക്കാട്ടി.

പ്രഖ്യാപനങ്ങൾ പലതുകേട്ട് മനംമടുത്തവരാണ് റബർ കർഷകർ.  റബറിന് 148 രൂപ വിലയുണ്ടായിരുന്നപ്പോൾ 2 രൂപ അധികം നൽകുമെന്ന് പ്രഖ്യാപിച്ചു.  110 രൂപ വിലയായപ്പോൾ 5 രൂപ അധികം നൽകി സംഭരിക്കുമെന്ന് പ്രഖ്യാപിച്ചു.  പിന്നീട് സെസ് ഒഴിവാക്കി 131.50 രൂപയ്ക്ക് സംഭരണം ഏർപ്പെടുത്തി.  140 രൂപ റബർ ബോർഡ് പ്രഖ്യാപിച്ചപ്പോഴും 107 രൂപയ്ക്കുമാത്രമാണ് കർഷകർക്ക് റബർ വിൽക്കാനായത്.  ഇക്കാലമത്രയും സർക്കാർ സംവിധാനത്തിലൂടെ വിവിധ ഏജൻസികൾവഴി കർഷകരിൽ നിന്ന് 500 ടൺ പോലും ശേഖരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ 20000 ടൺ സംഭരിക്കുമെന്നുള്ള പ്രഖ്യാപനം വിശ്വസയമല്ല. ഒന്നരവർഷമായി റബർ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും അപ്രായോഗിക വാഗ്ദാനങ്ങൾ നൽകി സർക്കാർ നിരന്തരം കബളിപ്പിക്കുന്നത് കർഷകർ തിരിച്ചറിയുന്നു.

ഇതിനോടകം നടത്തിയിരിക്കുന്ന സംഭരണ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഫലപ്രദമായി പാലിക്കപ്പെട്ടിരുന്നുവെങ്കിൽ കർഷകർ ബജറ്റ് പ്രഖ്യാപനങ്ങൾ വിശ്വസിക്കുമായിരുന്നു.  കഴിഞ്ഞ മാസം 1196 കോടിരൂപ 3 ലക്ഷത്തോളം  സർക്കാർ ജീവനക്കാർക്ക് വർഷംതോറും അധിക ക്ഷാമബദ്ധയായി പ്രഖ്യാപിച്ചവർ 300 കോടിരൂപ 12 ലക്ഷത്തിലേറെ റബർ കർഷകർക്കായി മാറ്റിവച്ചത് വലിയ കാര്യമല്ല.  ലാറ്റക്‌സ് വിൽക്കുന്ന ഗണ്യമായ റബർ കർഷകവിഭാഗത്തെക്കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമില്ലാത്തതും ദുഃഖകരമാണ്.