കോട്ടയം: പ്രതിസന്ധിയിലായ കാർഷികമേഖലയ്ക്ക് പ്രത്യാശനൽകുന്ന സംസ്ഥാന ബജറ്റിനെ കർഷകസമൂഹം സ്വാഗതം ചെയ്യുന്നുവെന്നും നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ഇഛാശക്തിയും തുടർനടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു. 

കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച എത്ര പദ്ധതികൾ നടപ്പിലാക്കിയെന്ന് വിലയിരുത്തപ്പെടണം. യുഡിഎഫ് സർക്കാർ റബർ വിലസ്ഥിരതാപദ്ധതിയായി പ്രഖ്യാപിച്ച 300 കോടിയുടെ തുടർച്ചയായി 500 കോടി നിർദ്ദേശിച്ചിരിക്കുന്നുവെങ്കിലും റബർ മേഖലയിലെ പ്രശ്‌നത്തിന് പരിഹാരമാകുകയില്ല. റബർ സംഭരണവും റോഡ് റബറൈസേഷൻ തുടങ്ങിയ പദ്ധതികളുമുണ്ടാകണം. നാളികേരവികസനത്തിന് 100 കോടിയും നെൽസംഭരണത്തിന് 385 കോടിയും അഗ്രോപാർക്കുകൾക്ക് 500 കോടിയും ഉചിതമായ നിർദ്ദേശമാണ്. പച്ചക്കറി വിപണനത്തിന് 25 കോടിയും പച്ചക്കറി മേഖലയ്ക്ക് 100 കോടിയും നിർദ്ദേശിച്ച ബജറ്റ് പച്ചക്കറി ഉല്പാദകസംഘങ്ങളും കമ്പനിയും രൂപീകരിക്കുന്നത് പുത്തൻ കാർഷികസംസ്‌കാരത്തിന് തുടക്കവും ഭക്ഷ്യസുരക്ഷയ്ക്ക് പ്രചോദനവുമാകുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.