കോട്ടയം: കഴിഞ്ഞ വർഷത്തിലെ ബജറ്റിലെ ഒട്ടേറെ ക്ഷേമപ്രഖ്യാപനങ്ങൾക്കുശേഷവും കാർഷികമേഖല തകർന്നടിഞ്ഞിരിക്കുമ്പോൾ വീണ്ടും നടപടികളില്ലാത്തതും അപ്രായോഗികവുമായ പ്രഖ്യാപനങ്ങൾ ബജറ്റിലൂടെ ആവർത്തിച്ച് കേന്ദ്രസർക്കാർ കർഷകരെ അപമാനിച്ചിരിക്കുകയാണെന്നും കേന്ദ്രബജറ്റിന്മേൽ കർഷകർക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇൻഫാം ദേശീയസെക്രട്ടറി ജനറൽ ഷെവലിയർ വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

അഞ്ചുവർഷം കൊണ്ട് ഇന്ത്യയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ വർഷത്തെ ബജറ്റിൽ ധനമന്ത്രി പറഞ്ഞത് അതേപടി വീണ്ടും ഈ ബജറ്റിലും ആവർത്തിച്ചിരിക്കുന്നത് വിരോധാഭാസമാണ്. കർഷക ആത്മഹത്യകൾ പെരുകിയെന്നും കടക്കെണി കാർഷികമേഖലയെ പ്രതിസന്ധിയിലാക്കിയെന്നുമുള്ള ബജറ്റിലെ കുറ്റസമ്മതം കാർഷികരംഗം പുറകോട്ടടിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണ്. വിവിധ കാർഷികവിളകൾക്ക് അടിസ്ഥാനവില നിശ്ചയിക്കുന്നതിനോ മുമ്പ് നിശ്ചയിച്ചവയ്ക്ക് വില ഉയർത്തുന്നതിനോ ഉല്പന്നസംഭരണത്തിനോ വിലസ്ഥിരതാപദ്ധതിക്കോ ആയുള്ള ക്രിയാത്മകനിർദ്ദേശങ്ങളൊന്നും ബജറ്റിലില്ല. കഴിഞ്ഞവർഷം 9 ലക്ഷംകോടി രൂപയുടെ കാർഷികവായ്പ പ്രഖ്യാപിച്ചത് ഈ വർഷം 10 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. പക്ഷേ ഈ വായ്പാപദ്ധതിയുടെ ഗുണഫലം ഗ്രാമീണകർഷകന് ലഭിക്കുന്നുണ്ടോയെന്ന് ഒരു പഠനവും ഇതുവരെ നടത്തിയിട്ടില്ല.

തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടിരൂപ പ്രഖ്യാപിച്ചിരിക്കുമ്പോൾ ഈ പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തപ്പെടുന്നില്ല. തൊഴിലുറപ്പ് പദ്ധതിമൂലം കാർഷികമേഖലയിൽ തൊഴിലാളികളുടെ ക്ഷാമം വൻപ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. റബർ ബോർഡിനായി പ്രഖ്യാപിച്ച 142.60 കോടിയും കോഫി ബോർഡിന്റെ 140.10 കോടിയും കർഷകർക്കോ കൃഷിവികസനത്തിനോ ഉപകരിക്കില്ല.

ഗ്രാമീണ കാർഷികരംഗത്തിനും വിള ഇൻഷ്വറൻസിനും കാർഷിക ലാബുകൾക്കും തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഉല്പാദനവർദ്ധനവിനെയോ കർഷകന്റെ വരുമാനത്തെയോ സ്വാധീനിക്കുകയില്ല. കർഷകർക്കായി 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ പ്രായോഗികത വിലയിരുത്തേണ്ടതായിട്ടുണ്ട്. നോട്ട് പിൻവലിക്കൽമൂലം ഗ്രാമീണ കാർഷികമേഖലയിൽ സൃഷ്ടിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിക്ക് ക്രിയാത്മകനിർദ്ദേശങ്ങളൊന്നുമില്ലാത്ത കേന്ദ്രബജറ്റ് കർഷകരെ നിരാശപ്പെടുത്തിയിരിക്കുന്നുവെന്നും കാർഷികരംഗത്തെ അടുത്ത സാമ്പത്തികവർഷത്തെ വളർച്ച 4.1 ശതമാനമാകുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്താണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.