കോട്ടയം: വിലത്തകർച്ച അതിരൂക്ഷമായി തുടരുന്ന കാർഷികമേഖലയ്ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളും, റബർ പ്രതിസന്ധിയുടെ പരിഹാരത്തിനായി പ്രത്യേക സംഭരണ സഹായധന പാക്കേജുകളും കേന്ദ്രബജറ്റിൽ പ്രഖ്യാപിക്കണമെന്നും അടിയന്തര തുടർനടപടികളുണ്ടാകണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
    
റബർ പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ ഇതിനോടകം പ്രഖ്യാപിച്ച പല നടപടികളും വിലത്തകർച്ച പിടിച്ചുനിർത്താൻ ഉപകരിച്ചില്ല. വരാൻപോകുന്ന നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കർഷകരുടെ കണ്ണിൽ പൊടിയിട്ട് രക്ഷകരാകാൻ രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തുന്ന വഴിപാടുസമരങ്ങൾ കർഷകരുടെയടുക്കൽ വിലപ്പോവില്ല. റബർവില 240 രൂപയിൽ നിന്ന് 90 രൂപയിൽ താഴെയായി കുത്തനെ ഇടിഞ്ഞിരിക്കുമ്പോൾ കർഷകർക്കിനി ആകെ പ്രതീക്ഷയുള്ളത് കേന്ദ്രബജറ്റിലും തുടർനടപടികളിലുമാണെന്ന് വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

റബർ നയം പ്രഖ്യാപിച്ച് റബർബോർഡ് പുനഃസംഘടിപ്പിച്ചാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രചരണം മുഖവിലയ്‌ക്കെടുക്കാനാവില്ല. നാഷണൽ റബർ ട്രേഡിങ് കോർപ്പറേഷൻ രൂപീകരിച്ച് കേന്ദ്രസർക്കാർ നേരിട്ട് റബർ സംഭരിക്കണം. അതോടൊപ്പം വിലസ്ഥിരതാപദ്ധതിയിലൂടെ കർഷകർക്ക് അക്കൗണ്ടിലൂടെ സഹായധനവും അനുവദിക്കണം. ഇതര റബർ ഉൽപ്പാദക രാജ്യങ്ങൾ സമാന പ്രതിസന്ധിയിൽ റബർ സംഭരണവും കർഷകസഹായധനവും നൽകി റബർ മേഖലയെ സംരക്ഷിക്കുന്നത് കേന്ദ്രസർക്കാർ മാനദണ്ഡവും മാതൃകയുമാക്കണമെന്ന് വിസി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.