കോട്ടയം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവർദ്ധനവിനും പെൻഷനുമായി 2015-16 ലെ ബജറ്റിലെ നികുതിവരുമാനമായ 45,428 കോടി രൂപയ്ക്കു പുറമെ 13,000 കോടിയോളം രൂപ കണ്ടെത്തേണ്ടിവരികയും അതേസമയം ലോട്ടറി ലോട്ടറിയേതര വരുമാനം, കേന്ദ്രനികുതി വരുമാനം, കേന്ദ്ര പ്ലാൻ ഫണ്ട്, ധനകാര്യകമ്മീഷൻ വരവ് ഉൾപ്പെടെ റവന്യൂ വരുമാനമായ 77,427 കോടിരൂപയുടെ 80 ശതമാനവും ശമ്പളവും പെൻഷനും നൽകുവാൻ വേണ്ടിമാത്രമായുള്ള സാമ്പത്തിക കെടുകാര്യസ്ഥതയിൽ സംസ്ഥാന ഭരണം ജനാധിപത്യഭരണസംവിധാനത്തിന് അപമാനമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.  

സംഘടിത ജീവനക്കാർക്കുമുമ്പിൽ മുട്ടുമടക്കി കടക്കെണിയിൽ മുങ്ങിത്താഴുകയാണ് സംസ്ഥാന ഭരണം. കേരളത്തിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ മടിക്കുന്നതിൽ ദുരൂഹതയുണ്ട്. 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തിന്റെ പൊതുക്കടം 82,486 കോടിയായിരുന്നു. 2015 ൽ ഇത് 1,35,548 കോടിയായി. 2016 മാർച്ച് 31 ന് 1,60,000 കോടിയിലേറെയാകുവാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അഞ്ചുവർഷംകൊണ്ട് പൊതുക്കടം ഇരട്ടിയായി ഉയർന്നിരിക്കുമ്പോൾ ഇതിന്റെ ബാധ്യത പേറുന്നത് പൊതുസമൂഹമൊന്നാകെയാണ്. വികസനവും ജനക്ഷേമവും ബഹുഭൂരിപക്ഷമായ കർഷകരെയും മറന്ന് വിവാദങ്ങളുമായി ഉദ്യോഗസ്ഥ തീരുമാനങ്ങൾക്കു മുമ്പിൽ ജനപ്രതിനിധികൾ ഓച്ഛാനിച്ചുനിൽക്കുന്ന ദുരവസ്ഥ ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ. വേതനം വർദ്ധിപ്പിച്ചപ്പോൾ ശമ്പളപരിഷ്‌ക്കരണ കമ്മീഷൻ രണ്ടാംഭാഗമായി സമർപ്പിച്ച സേവനങ്ങൾ മെച്ചപ്പെടുത്തേണ്ട നിർദ്ദേശങ്ങളിൽ സർക്കാർ മൗനംപാലിച്ച് നീട്ടിവച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.