കോട്ടയം: മുൻ യുപിഎ സർക്കാർ ഏർപ്പെട്ട അന്താരാഷ്ട്ര കരാറുകളെ സൗകര്യപൂർവ്വം വിസ്മരിച്ച് റബർ ഇറക്കുമതിക്ക് ഉടൻ നിയന്ത്രണമുണ്ടാക്കുമെന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രസ്താവനകൾ കർഷകരിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും തായ്‌ലണ്ടിലെ പട്ടാളഭരണം നടത്തുന്ന സർക്കാർ റബർ സംഭരണത്തിനും കർഷകസംഭരണത്തിനും നടത്തുന്ന പദ്ധതികൾ കേന്ദ്രസർക്കാരും ജനനേതാക്കളും കണ്ടുപഠിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പ്രസ്താവിച്ചു.

1990 കളിലെ ആഗോളവൽക്കരണവും 1995 ലെ ലോകവ്യാപാരക്കരാറും 2004 ലെ ആസിയാൻ കരാറും 2009 ൽ ചരക്കുകടത്തുനിയന്ത്രണം എടുത്തുമാറ്റിയതും ഇന്ത്യയിലെ കർഷകരുടെ നടുവൊടിച്ചു. ഈ കരാറുകളിൽ എഴുതിവച്ചിരിക്കുന്നതെന്തെന്ന് പഠിക്കുവാൻ രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും തയ്യാറാകണം. ഈ കരാറുകൾക്ക് കുടപിടിച്ചവരും കൂട്ടുനിന്നവരും ഇതിന്റെ മറവിൽ കീശവീർപ്പിച്ചവരും ഇപ്പോൾ കർഷകരുടെ സംരക്ഷകരാകാൻ ശ്രമിക്കുന്നത് വിരോധാഭാസമാണ്.

റബറിനെ കാർഷികോല്പന്നമാക്കണമെന്ന് കാലങ്ങളായി പറഞ്ഞിട്ട് എന്തു ഫലമുണ്ടായി? ആന്റി ഡമ്പിങ് ഡ്യൂട്ടി ചുമത്തുവാനും സെയ്ഫ് ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തുവാനും സാധിച്ചിട്ടില്ല. ഇതിനെല്ലാം അവസരമുണ്ടായിരുന്നത് 2015 ഡിസംബർ 15 മുതൽ 19 വരെ നെയ്‌റോബിയിൽ നടന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രിതലസമ്മേളനത്തിലായിരുന്നു. ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ വസ്തുതകൾ വിസ്മരിച്ചുകൊണ്ട് റബർ ഇറക്കുമതി നിരോധിക്കണമെന്നാശ്യപ്പെട്ട് ജനപ്രതിനിധികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദുഃഖകരമാണെന്ന് വിസി സെബാസ്റ്റ്യൻ പറഞ്ഞു.
 
ഇന്ത്യയിലെ വൻ റബർ വ്യവസായികൾ വിദേശരാജ്യങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് റബർ കൃഷിനടത്തുന്നുണ്ട്. ലാവോസിൽ 2010 മുതൽ 10,000 ഹെക്ടർ സ്ഥലത്താണ് ഒരു പ്രമുഖ ടയർ കമ്പനിക്ക് റബർ കൃഷി. ടാപ്പിംഗിനാകട്ടെ 300 റബർ മരത്തിന് ഒരു ഡോളർ ചെലവും. ശ്രീലങ്കയിലിത് 125 രൂപ മാത്രം. കംബോഡിയയിലും വിയറ്റ്‌നാമിലും മലേഷ്യയിലും തായ്‌ലണ്ടിലും ഇന്ത്യൻ കമ്പനികൾ സ്ഥലം പാട്ടത്തിനെടുത്ത് റബർകൃഷി നടത്തുമ്പോൾ ഈ രാജ്യങ്ങളിൽ നിന്നുള്ള ബ്ലോക്ക് റബർ ഇറക്കുമതി നിരോധിക്കുവാൻ കേന്ദ്രസർക്കാർ ആത്മാർത്ഥമായി തയ്യാറാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന വിലയ്ക്ക് കർഷകരിൽ നിന്ന് റബർ സംഭരിക്കുവാനും വിലസ്ഥിരതാഫണ്ടിൽ നിന്ന് കർഷകർക്ക് സഹായധനം നൽകുവാനുമുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രസർക്കാർ മുഖംതിരിഞ്ഞുനിൽക്കുന്ന നിഷേധനിലപാട് തിരുത്തണമെന്നും 2011-12 ൽ ഒരു ഹെക്ടറിന് 100 രൂപയായിരുന്ന ഭൂനികുതി 2015-16ൽ 800 രൂപയായി വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും വിസി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.