കോട്ടയം: ലോക വ്യാപാര സംഘടനയുടെ ഡിസംബർ 19 ന് സമാപിച്ച നെയ്‌റോബി മന്ത്രിതല സമ്മേളനത്തിലെ കാർഷിക സബ്‌സിഡികൾ നിർത്തലാക്കാനുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വികസ്വര രാജ്യങ്ങളുടെ കാർഷിക സമ്പദ്ഘടനയെ തകർക്കുന്നതും ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും പ്രശ്‌നസങ്കീർണമാക്കുന്നതുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വിസി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.

വികസിത രാജ്യങ്ങളുടെ തീരുമാനങ്ങൾക്കു മുമ്പിൽ ഇന്ത്യയുൾപ്പെടെ വികസ്വര രാജ്യങ്ങൾക്കു മുട്ടുമടക്കേണ്ടി വന്നത് കാർഷിക മേഖലയിൽ നാളുകളേറെയായി തുടരുന്ന പ്രതിസന്ധികളുടെ ആക്കം വർധിപ്പിക്കും. വികസ്വര രാജ്യങ്ങളിൽ കാർഷികോത്പന്നങ്ങളുടെ കയറ്റുമതിക്ക് സബ്‌സിഡികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർണമായും എടുത്തുകളയേണ്ടിവരുന്ന അവസ്ഥ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഡിസംബർ 15 മുതൽ 18 വരെയുണ്ടായിരുന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം കാർഷിക സബ്‌സിഡികൾ നിർത്തലാക്കുന്ന വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ധാരണയുണ്ടാക്കുവാനാണ് ഒരുദിവസംകൂടി നീട്ടിയത്. എങ്കിലും സബ്‌സിഡികൾ പിൻവലിക്കണമെന്ന വികസിത രാജ്യങ്ങളുടെ തീരുമാനമാണ് അവസാനം നടപ്പിലായത്.

പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്തുവാനോ റബറിനെ കാർഷികോത്പന്നമായി പ്രഖ്യാപിക്കുവാനോ കേന്ദ്രസർക്കാർ നെയ്‌റോബി മന്ത്രിതല സമ്മേളനത്തിൽ ഒരു ശ്രമവും നടത്തിയില്ലെന്നുള്ളത് റബർ കർഷകരെ നിരാശപ്പെടുത്തുന്നു. ലോക വ്യാപാര സംഘടനയിലെ അംഗരാജ്യമെന്ന നിലയിൽ മുമ്പ് ഇന്ത്യ നിർദേശിച്ചതും മറ്റ് അംഗരാജ്യങ്ങൾ അംഗീകരിച്ചതുമാണ് റബറിന്റെ 25 ശതമാനം ഇറക്കുമതി തീരുവ. ഇത് വർദ്ധിപ്പിക്കണമെങ്കിൽ നെയ്‌റോബി സമ്മേളനത്തിൽ റബർ ഇറക്കുമതിമൂലമുള്ള ആഭ്യന്തര പ്രശ്‌നങ്ങൾ തെളിവുസഹിതം ചൂണ്ടിക്കാട്ടേണ്ടിയിരുന്നു. അതുണ്ടാകാത്ത സ്ഥിതിക്ക് 2017 ഡിസംബറിൽ അടുത്ത ഡബ്യുടിഒ മന്ത്രിതല സമ്മേളനം നടക്കുന്നതുവരെ റബറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാനോ കാർഷികോത്പന്നമായി റബറിനെ മാറ്റുവാനോ സാധിക്കില്ല. അന്താരാഷ്ട്ര കരാറുകൾ ഇതായിരിക്കെ ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നും റബറിനെ കാർഷികോത്പന്നമാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന വഴിപാടു സമരങ്ങളുടെ പൊള്ളത്തരം കർഷകർ തിരിച്ചറിയണമെന്ന് അഡ്വ. വിസി സെബാസ്റ്റ്യൻ പറഞ്ഞു.