കോട്ടയം: വൻവിലത്തകർച്ചയിൽ കാർഷിക മേഖല തകർന്നടിഞ്ഞ് കർഷകസമൂഹം ജീവിത നെട്ടോട്ടത്തിലും ആത്മഹത്യയിലുമായിരിക്കുമ്പോൾ രാഷ്ട്രീയനേതൃത്വങ്ങളും ജനപ്രതിനിധികളും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി പരസ്പര വിഴുപ്പലക്കലുകൾ നടത്തി ജനങ്ങളെ അപഹാസ്യരാക്കുന്നത് ദുഃഖകരമാണെന്ന് ഇൻഫാം ദേശീയസമിതി.

കർഷകരെ സംരക്ഷിക്കുവാൻ ഉത്തരവാദിത്വപ്പെട്ടവരുടെ വഞ്ചനാപരമായ നിലപാടുകൾ ഇതിനോടകം ബോധ്യപ്പെട്ടിരിക്കുകയാണ്. കർഷകർക്കായി വഴിപാടുസമരങ്ങൾ നടത്തിയവർ എന്തുനേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം.  നിരന്തരം ആവർത്തിച്ചു നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാകാതെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമായി നിലനിൽക്കുമ്പോൾ കർഷകരുടെ സ്ഥിതി അതീവഗുരുതരമായിരിക്കുന്നു.  നടപടികൾ ഇല്ലാത്ത സർക്കാർ പ്രഖ്യാപനങ്ങളിൽ കർഷകർ ഇനിയും വിശ്വാസമർപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും രാഷ്ട്രീയ അടിമത്വത്തിൽ നിന്നും മോചിതരായി ശക്തമായി പ്രതികരിക്കുവാൻ വിഘടിച്ചുനിൽക്കാതെ കർഷകർ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഇൻഫാം ദേശീയസമിതി ആഹ്വാനം ചെയ്തു.  കേരളത്തിലെ 30 കേന്ദ്രങ്ങളിൽ നടക്കുന്ന കർഷകസമ്മേളനങ്ങളെത്തുടർന്ന് ജൂൺ 12 ന് ഇൻഫാമിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന കർഷകജനകീയ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിൾ നേതൃസമ്മേളനം കർഷക അവകാശരേഖ പ്രഖ്യാപിക്കുന്നതാണ്. 

ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, അഡ്വ. പിഎസ് മൈക്കിൾ, കെ മൈയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.