കൊച്ചി: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ ജീവനോപാധിയായ കാർഷികമേഖലയ്ക്ക് വൻ വെല്ലുവിളിയുയർത്തുന്ന റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർസിഇപി) രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കരാർ ഉടമ്പടിയുടെ ഇതിനോടകം നടന്ന 17-ാം റൗണ്ട് ചർച്ചകളുടെയും വിശദാംശങ്ങൾ സർക്കാർ രഹസ്യമാക്കിവെച്ചിരിക്കുന്നത് അപലപനീയമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

ഇന്ത്യയും ചൈനയുമുൾപ്പെടെ 16 രാജ്യങ്ങളുടെ നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ ഇറക്കുമതിയാണ് കരാറിന്റെ മുഖ്യലക്ഷ്യം. വ്യാപാര സേവന നിക്ഷേപമേഖലകളും കരാറിന്റെ ഭാഗമായിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 253 പ്രകാരം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരമുൾപ്പെടെയുള്ള കരാറുകളിലേർപ്പെടുന്നതിന് പാർലമെന്റിന് അധികാരമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിൽ കാർഷികമേഖലയെ ബാധിക്കുന്ന രാജ്യാന്തരകരാറുകളായതുകൊണ്ടും കൃഷി സംസ്ഥാന വിഷയമായതുകൊണ്ടും സംസ്ഥാനങ്ങളുമായി ചർച്ചചെയ്യേണ്ടതും നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതുമാണ്. ഇതിന് തുനിയാതെ കേന്ദ്രസർക്കാർ കരാർ വിശദാംശങ്ങൾ അതീവ രഹസ്യമാക്കിവെച്ചിരിക്കുന്നതിൽ ദുരൂഹതകളുണ്ട്.

ആർസിഇപി കരാറിന്റെ 2017 ജൂലൈയിൽ നടക്കുന്ന അവസാനഘട്ടചർച്ചകൾക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഹൈദരാബാദിലാണ് ഉന്നതതലചർച്ച. കേന്ദ്രസർക്കാർ ഇന്ത്യയെ ആഗോളകാർഷിക വിപണിക്കായി തുറന്നുകൊടുക്കുവാൻ ശ്രമിക്കുമ്പോൾ കാർഷികമേഖല രാജ്യാന്തര കോർപ്പറേറ്റുകളുടെ കൈകളിലേയ്ക്ക് മാറുകയും ചെറുകിടകർഷകർ വൻജീവിതപ്രതിസന്ധിയിലാകുകയും ചെയ്യും. ഇൻഫാമിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ കർഷകപ്രസ്ഥാനങ്ങളുമായി സഹകരിച്ച് ഹൈദരാബാദിൽ ജൂലൈയിൽ ആർസിഇപി കരാറിനെതിരെ കർഷകപ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിസി സെബാസ്റ്റ്യൻ പറഞ്ഞു.