കോട്ടയം: റബർ മേഖലയിലെ അതിരൂക്ഷമായ പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി തുടരുമ്പോഴും   സർക്കാർവക പ്രഖ്യാപനങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുമ്പോൾ പ്രതിസന്ധി പരിഹരിക്കാൻ പഠനങ്ങൾക്കും നിർദേശങ്ങൾക്കുമായി സർക്കാർ വക പുതിയ സമിതിയെ രൂപീകരിച്ചിരിക്കുന്നത് മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും കർഷകരെ വിഢികളാക്കുന്ന മറ്റൊരു പുതിയ തട്ടിപ്പും അടവുനയവുമാണിതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ ആരോപിച്ചു.

പ്രഖ്യാപിച്ചിരിക്കുന്ന സമിതിയിലെ അംഗങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും സർക്കാരിന്റെയും പ്രതിനിധികളും മുൻ റബർ ബോർഡ് ഉദ്യോഗസ്ഥരുമാണ്.  കാർഷികമേഖലയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന രാഷ്ട്രീയേതര കർഷക പ്രസ്ഥാനങ്ങളുടെയോ യഥാർത്ഥ കർഷകരുടെയോ പ്രതിനിധികൾ സർക്കാർ രൂപീകരിച്ചിരിക്കുന്ന ഈ സമിതിയിലില്ലാത്തത് കർഷകരെ അവഹേളിക്കുന്നതാണ്.  യഥാർത്ഥ കർഷകരെ ഒഴിവാക്കി രാഷ്ട്രീയ നിയമനം നടത്തിയിരിക്കുന്നതിന്റെ പിന്നിൽ സർക്കാർ അജണ്ടകൾ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുവാനുള്ള ഗൂഢതന്ത്രമാണെന്ന് സംശയിക്കപ്പെടുന്നു.  കഴിഞ്ഞ നാളുകളിൽ റബർബോർഡിൽ അംഗങ്ങളായിരുന്ന ഈ സമിതിയംഗങ്ങളിൽ ചിലരുടെ കർഷക വിരുദ്ധനിലപാടുകളും റബർ മേഖലയെക്കുറിച്ച് അറിവോ പഠനമോ ഇല്ലാത്തതുമാണ് അനിയന്ത്രിതമായ റബർ ഇറക്കുമതിയിലൂടെ ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാനകാരണമെന്നത് കർഷകർ തിരിച്ചറിയണം.  കർഷക രക്ഷയ്‌ക്കെന്നപേരിൽ രൂപീകരിച്ച ഈ സമിതിയുടെ മറവിൽ സർക്കാരിന്റെ മുഖം രക്ഷിച്ച് കർഷകരെ കുരുതികൊടുക്കുവാനും പ്രഖ്യാപിച്ച കോടികൾ അട്ടിമറിക്കുവാനും സാധ്യതയേറുന്നുവെന്ന് വിസി സെബാസ്റ്റ്യൻ പറഞ്ഞു.

കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ റബർ കർഷകർക്കായി ചെറുവിരലനക്കാതെ വിരുദ്ധനിലപാടു സ്വീകരിച്ചവർ വരാൻപോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇപ്പോൾ നടത്തുന്ന കപടപ്രഖ്യാപനങ്ങളും പുത്തൻ സമിതി രൂപീകരണവും അനവസരത്തിലുള്ളതും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടി കർഷകരെ ആക്ഷേപിക്കലുമാണ്. വിലത്തകർച്ചയിൽ ഒട്ടേറെ കർഷകർ ടാപ്പിങ് നിർത്തിയതും തുടർച്ചയായ മഴമൂലം പലർക്കും ടാപ്പിങ് നടത്താനാവാത്ത സാഹചര്യത്തിലുമാണ് റബർ വില ഈ നിലയിലെങ്കിലും തുടരുന്നത്.  കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തിയതിന്റെയും അഡ്വാൻസ് ലൈസൻസിങ് ആറുമാസമായി കുറച്ചതിന്റെയും പ്രതിഫലനം ഇതുവരെയും വിപണിയിലുണ്ടായിട്ടില്ല.  യുപിഎ സർക്കാരിന്റെ കാലത്ത് അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ വൻ റബർ സ്റ്റോക്ക് വ്യവസായികളുടെ പക്കലുണ്ട്.  വസ്തുതകൾ ഇതായിരിക്കെ വീണ്ടും കർഷകരെ കബളിപ്പിക്കുവാൻ ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കും.

 2015 മാർച്ച് 13ന് സംസ്ഥാന ബഡ്ജറ്റിൽ റബർ പ്രതിസന്ധി പരിഹരിക്കുവാൻ 300 കോടി രൂപ ധനമന്ത്രി പ്രഖ്യാപിച്ചത് നടപ്പിലാക്കാൻ കാലതാമസമേറുമ്പോൾ ഖജനാവിൽ പണമില്ലാതെ നടത്തിയ അധരവ്യായാമമായിരുന്നുവെന്ന് കർഷകർക്കിപ്പോൾ ബോധ്യമാകുന്നു.  300 കോടി രൂപ നെൽകർഷകർക്കായി ബജറ്റിൽ പ്രഖ്യാപനം നടത്തിയവർ മാർച്ച് 26നു ശേഷം സംഭരിച്ച നെല്ലിനു പണംനൽകാതെ കർഷകപ്രക്ഷോഭം ശക്തമായപ്പോൾ 225 കോടിരൂപ സഹകരണബാങ്കുകളിൽ നിന്ന് കടമെടുക്കുന്നുവെന്ന് പറഞ്ഞ് ഉത്തരവിറക്കിയത് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും, ബഡ്ജറ്റിനെക്കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതുമാണെന്ന് വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.