- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ പ്രതിസന്ധി: രാഷ്ട്രീയ നേതൃത്വങ്ങളുടെ വഴിപാടു സമരങ്ങളെ കർഷകർ പുച്ഛിച്ചു തള്ളും: ഇൻഫാം
കോട്ടയം: അധികാരത്തിലിരുന്നിട്ടും ക്രിയാത്മക ഇടപെടലുകൾ നടത്തി കർഷകരെ സഹായിക്കാതെ മുഖംതിരിഞ്ഞു നിൽക്കുന്നവർ വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് നടത്തുന്ന വഴിപാടു സമരങ്ങളെയും പ്രഖ്യാപനങ്ങളെയും കർഷകർ പുച്ഛിച്ചു തള്ളുമെന്നും റബർ വില കുത്തനെ ഇടിഞ്ഞ് നിസഹായാവസ്ഥയിൽ നിൽക്കുമ്പോൾ ഇനിയും കർഷകനെ മറക്കുന്ന രാഷ്ട്രീയ നേതൃ
കോട്ടയം: അധികാരത്തിലിരുന്നിട്ടും ക്രിയാത്മക ഇടപെടലുകൾ നടത്തി കർഷകരെ സഹായിക്കാതെ മുഖംതിരിഞ്ഞു നിൽക്കുന്നവർ വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് നടത്തുന്ന വഴിപാടു സമരങ്ങളെയും പ്രഖ്യാപനങ്ങളെയും കർഷകർ പുച്ഛിച്ചു തള്ളുമെന്നും റബർ വില കുത്തനെ ഇടിഞ്ഞ് നിസഹായാവസ്ഥയിൽ നിൽക്കുമ്പോൾ ഇനിയും കർഷകനെ മറക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കുവേണ്ടി വിഡ്ഢിവേഷം കെട്ടാൻ ആത്മാഭിമാനമുള്ളവരെ കിട്ടില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പറഞ്ഞു.
യുപിഎ സർക്കാരിന്റെ അന്താരാഷ്ട്ര കരാറുകളുടെയും കർഷക ദ്രോഹത്തിന്റെയും ബാക്കിപത്രമാണ് റബർ മേഖലയിൽ കർഷകർ ഇന്നു നേരിടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. റബറിന്റെ ഇറക്കുമതിച്ചുങ്കം പരമാവധി 25 ശതമാനമെന്ന് കരാറുണ്ടാക്കിയവരും അതിന് കൂട്ടുനിന്നവരും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുവാൻ നടത്തുന്ന സമരം വിരോധാഭാസമാണ്. റബറിനെ കാർഷികോത്പന്നമാക്കുവാൻ ശ്രമിക്കാതിരുന്നവരുടെ കാപട്യം കർഷകർ തിരിച്ചറിയണം. റബർ കർഷകർക്കായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളെല്ലാം പരാജയപ്പെടുമ്പോൾ സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിഷേധ നിലപാടാണ് വെളിവാകുന്നത്. സർക്കാർ പ്രഖ്യാപനങ്ങളിൽ കർഷകർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. കേന്ദ്ര സർക്കാരും റബർ പ്രശ്‌നത്തിൽ വിരുദ്ധ നിലപാട് തുടരുന്നത് പ്രതിഷേധകരമാണെന്ന് വി സി സെബാസ്റ്റ്യൻ പറഞ്ഞു.
നിരന്തരം ആവർത്തിക്കുന്ന പ്രഖ്യാപനങ്ങളുമായി കർഷകനെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം പല്ലവി വിലപ്പോകില്ല. റബറിന് അടിസ്ഥാന വിലയായി 150 രൂപ പ്രഖ്യാപിച്ച സർക്കാരിന് ആ വിലയ്ക്ക് റബർ കർഷകരിൽ നിന്ന് സംഭരിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഭരണ നേതൃത്വങ്ങളുടെ ഒളിച്ചോട്ടത്തിന്റെ അനന്തര ഫലം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കർഷകർക്കായി ശക്തമായ ഇടപെടലുകൾ നടത്തുന്നതിന് കാർഷിക മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളും പരാജയപ്പെട്ടിരിക്കുന്നത് ഏറെ ദുഃഖകരമാണ്.
അധികാരം നഷ്ടപ്പെട്ടവരുടെ സമര കുതന്ത്രങ്ങളല്ല, അധികാരത്തിലിരിക്കുന്നവരുടെ അടിയന്തര നടപടിയാണ് കർഷകർക്കു വേണ്ടത്. കർഷകരിൽ നിന്ന് മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ച ഭൂനികുതിയായി ഖജനാവിലേക്ക് പിരിച്ചെടുത്ത തുക പോലും സംസ്ഥാന സർക്കാരിന്റെ റബർ സഹായധന പദ്ധതിയിലൂടെ കർഷകർക്ക് ലഭിച്ചിട്ടില്ല. പട്ടാള ഭരണം നടക്കുന്ന തായ്‌ലന്റിൽ സമാന പ്രശ്‌നം നിലനിൽക്കുമ്പോൾ കർഷകന് എങ്ങനെ സംരക്ഷണം നൽകുന്നുവെന്ന് ജനാധിപത്യ ഭരണം നടത്തുന്ന ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടു പഠിക്കണമെന്ന് വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.