കോട്ടയം: റബർ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചചെയ്യുവാനെന്ന പേരിൽ കേന്ദ്രവാണിജ്യ മന്ത്രാലയം 22ന് ഡൽഹിയിൽ വിളിച്ചുചേർത്തിരിക്കുന്ന യോഗം പ്രഹസനമാണെന്നും വരാൻപോകുന്ന സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (ആർ.സി.ഇ.പി.)ഉൾപ്പെടെ രാജ്യാന്തര കരാറുകളിലൂടെ റബറിന്റെ നികുതിരഹിത ഇറക്കുമതിക്ക് റബർമേഖലയിലുള്ളവരുമായി ചർച്ചനടത്തി അഭിപ്രായസമന്വയമുണ്ടാക്കിയെന്ന് വരുത്തിത്തീർക്കുവാനുള്ള രഹസ്യഅജണ്ടയാണ് യോഗമെന്ന് സംശയിക്കുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

റബർകൃഷിയുള്ള സംസ്ഥാനങ്ങളിലെ പാർലമെന്റംഗങ്ങൾ, റബർമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ, റബർബോർഡ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സമ്മേളനത്തിന് ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് 4.30 മുതൽ 5.30 വരെയാണ് യോഗം ചേരുന്നത്. റബർ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന യോഗത്തിന്റെ അറിയിപ്പ് റബർ ബോർഡ് തയ്യാറാക്കിയത് ഓഗസ്റ്റ് 17ന്. തുടർന്നുള്ള ദിവസങ്ങളിലാണ് പലർക്കും അറിയിപ്പ് കിട്ടിയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സർക്കാർ ചെലവിൽ യോഗത്തിൽ പങ്കെടുക്കുമ്പോൾ ചുരുങ്ങിയ സമയനോട്ടീസിനുള്ളിൽ കർഷകരുൾപ്പെടെ ഇതരപ്രതിനിധികൾ സ്വന്തം ചെലവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒരുമണിക്കൂർ യോഗത്തിന് ഡൽഹിയിൽ എത്തിച്ചേരേണ്ട പ്രായോഗികത സംഘാടകർ വിസ്മരിച്ചത് കുറ്റകരമായ അനാസ്ഥയും രഹസ്യഅജണ്ടകളുടെ ഭാഗവുമാണ്. കഴിഞ്ഞ ഒരു മാസക്കാലം ഡൽഹിയിലുണ്ടായിരുന്ന വിവിധ റബറുൽപാദന സംസ്ഥാനങ്ങളിലെ പാർലമെന്റംഗങ്ങൾ ഈ ഒരുമണിക്കൂർ യോഗത്തിനുമാത്രമായി ഡൽഹിയിലെത്തിച്ചേരുമെന്നതിൽ ഉറപ്പില്ല. അനിയന്ത്രിതമായ റബർ ഇറക്കുമതിയിലൂടെ വിലത്തകർച്ച നേരിട്ട് റബർ മേഖല വീർപ്പുമുട്ടുമ്പോൾ ഇത്തരം പ്രഹസനങ്ങളിലൂടെ കർഷകരുൾപ്പെടുന്ന ജനവിഭാഗത്തെ ആക്ഷേപിക്കുകയാണ് റബർബോർഡും കേന്ദ്രസർക്കാരും ചെയ്യുന്നതെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

കേന്ദ്രസർക്കാർ രൂപം നൽകാനുദ്ദേശിക്കുന്ന റബർ നയത്തിൽ നിലവിലെ പ്രതിസന്ധികൾക്ക് ഇതിനോടകം പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടില്ല. റബറിന് അടിസ്ഥാന ഇറക്കുമതി വില പ്രഖ്യാപിക്കുവാനോ, വിപണിയിൽ തറവില നിശ്ചയിക്കാമെന്ന റബർ ആക്ട് 13-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ഇടപെടലുകൾ നടത്താനോ തയ്യാറാകാതെ കേന്ദ്ര വാണിജ്യമന്ത്രി നിഷേധനിലപാടാണ് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിച്ചത്. വിലസ്ഥിരതാഫണ്ടിൽ നിന്നുള്ള തുകപോലും ഈ പ്രതിസന്ധിയിൽ കർഷകർക്കു നൽകാതെ, അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിൽ പ്രകൃതിദത്ത റബറിന്റെയും റബറുല്പന്നങ്ങളുടെയും നികുതിരഹിത ഇറക്കുമതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുന്നത് വരുംനാളുകളിൽ റബർ വിപണിയിൽ വൻവിലത്തകർച്ച സൃഷ്ടിക്കുവാൻ ഇടയാക്കുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.