കോട്ടയം: വിലയിടിവുമൂലം റബർ മേഖല തകർന്നടിഞ്ഞിരിക്കുമ്പോൾ സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കുവാൻ ശ്രമിച്ച വിലസ്ഥിരതാപദ്ധതിയും കർഷകർക്ക് ഗുണം ലഭിക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രീയത്തിനതീതമായി 'മൂന്നാർ മോഡൽ' സമരവുമായി കർഷകർ സംഘടിച്ചില്ലെങ്കിൽ അധികാരകേന്ദ്രങ്ങളുടെ കണ്ണുതുറക്കില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ റബർ കർഷകരോടുള്ള നിഷേധനിലപാടുകൾ തുടരുന്നത് നിരാശയുണർത്തുന്നു. സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ വാഗ്ദാനങ്ങൾ കേട്ട് 300 കോടിയുടെ സഹായധനപദ്ധതിയിൽ 2.5 ലക്ഷത്തോളം കർഷകർ രജിസ്റ്റർ ചെയ്തു. 1.5 ലക്ഷം അപേക്ഷകൾ വിവിധ ആർപിഎസ്സുകളിൽ കെട്ടിക്കിടക്കുന്നു. ലാറ്റക്‌സ് ഉല്പാദകരുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച് നിബന്ധനകളിൽ ഇതുവരെയും വ്യക്തതയുമില്ല. മാർച്ച് 13ന് പ്രഖ്യാപിച്ച് ജൂലൈ 13ന് നടപ്പിലാക്കാൻ തുടങ്ങി ഓഗസ്റ്റ് 26ന് ഉദ്ഘാടനം ചെയ്തിട്ടും പണം ലഭിക്കാത്ത ഈ പദ്ധതിയിലുള്ള വിശ്വാസം കർഷകർക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

വിലയിടിവും മഴയും മൂലം മുന്നോട്ടുപോകുവാൻ നിവൃത്തിയില്ലാതെ തോട്ടങ്ങളിൽ ടാപ്പിങ് നിലച്ചു.  മാസങ്ങളായി തുടർന്ന കർഷകസമരങ്ങളെയും പ്രതിഷേധങ്ങളെയും നിർജീവമാക്കുവാൻ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായി മുൻകാലങ്ങളിൽ പ്രഖ്യാപിച്ച റബർ സംഭരണം പോലെ വിലസ്ഥിരതാ സഹായധനപദ്ധതിയും മാറിയിരിക്കുന്നു. സഹായധനം ലഭിക്കുന്നതിനുള്ള  രജിസ്‌ട്രേഷനുവേണ്ടി കർഷകർ മുൻകാല പ്രാബല്യത്തോടെ ഖജനാവിലേയ്ക്കടച്ച വർദ്ധിപ്പിച്ച ഭൂനികുതി മടക്കിത്തരുവാനുള്ള ബാധ്യതയും സർക്കാരിനുണ്ട്.  അടിയന്തര നടപടികൾ സ്വീകരിക്കാതെ കർഷകരെ ഒന്നടങ്കം വിഢികളാക്കി അനങ്ങാപ്പാറനയം സർക്കാർ തുടരുകയാണെങ്കിൽ കർഷകപ്രക്ഷോഭം ശക്തമാക്കുമെന്നും വരാൻപോകുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതിഷേധം പ്രതിഫലിക്കുമെന്നും വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.