കോട്ടയം: വിലത്തകർച്ചമൂലം പ്രതിസന്ധി രൂക്ഷമായിട്ടും അന്താരാഷ്ട്ര കരാറുകളുടെ പേരിൽ റബറിന്റെ ഇറക്കുമതി നിരോധിക്കുവാൻ മടിക്കുന്ന കേന്ദ്രസർക്കാർ ഇറക്കുമതി റബറിന് അടിസ്ഥാന ഇറക്കുമതി വില അഥവാ മിനിമം ഇംപോർട്ട് പ്രൈസ് പ്രഖ്യാപിക്കുവാൻ തയ്യാറാകണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

നിശ്ചിത വിലയ്ക്കുമാത്രമേ റബറിന്റെ ഇറക്കുമതി പാടുള്ളൂവെന്ന് വിജ്ഞാപനമിറക്കുവാൻ നിലവിലുള്ള അന്താരാഷ്ട്ര കരാറുകൾ തടസ്സമല്ല. മറിച്ച് കേന്ദ്രസർക്കാരിന്റെ റബർ കർഷകരോടുള്ള സമീപനത്തിൽ മാറ്റംവന്നാൽ മതി. 2006-ലെ തെക്കൻ ഏഷ്യൻ സ്വതന്ത്രവ്യാപാരക്കരാറിലൂടെ അടയ്ക്കായുടെ ഇറക്കുമതിക്ക് കുറഞ്ഞ നികുതി മാത്രമേ ചുമത്തിയിരുന്നുള്ളൂ. ഇറക്കുമതി ശക്തമായപ്പോൾ ആഭ്യന്തരവിപണിയിൽ വിലയിടിഞ്ഞു. 2015 ജൂൺ 3ന് കേന്ദ്രസർക്കാർ വിപണിവിലയായ 110 രൂപയിൽ നിന്ന് അടയ്ക്കായുടെ അടിസ്ഥാന ഇറക്കുമതിവില 162 രൂപയായി പ്രഖ്യാപിച്ച് ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്തി. റബറുൾപ്പെടെ വൻ കാർഷിക ത്തകർച്ച നേരിട്ടപ്പോഴും അടയ്ക്കാ കർഷകർ പിടിച്ചുനിന്നത് കർണ്ണാടക സർക്കാരിന്റെ ഇടപെടലിലൂടെ കേന്ദ്രസർക്കാരിന്റെ ഈ പ്രഖ്യാപനം മൂലമാണ്.
2016 ഫെബ്രുവരി 5ന് കേന്ദ്രഗവൺമെന്റ് ഉരുക്ക് ഇറക്കുമതിക്ക് മിനിമം ഇറക്കുമതി വിലനിശ്ചയിച്ചു. 173 ഉരുക്കുവിഭാഗങ്ങൾക്കാണിത്. ടണ്ണിന് 341 ഡോളർ മുതൽ 752 ഡോളർ വരെയാണിത്. വിദേശത്തുനിന്നും വിലക്കുറവിൽ സ്റ്റീൽ ഇറക്കുമതി ചെയ്യുന്നതുമൂലം ആഭ്യന്തര സ്റ്റീൽ ഉല്പാദന രംഗത്തുണ്ടാകുന്ന തകർച്ച ഒഴിവാക്കി ഉരുക്ക് ഉല്പാദകരെ സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഈ നടപടി.

അടയ്ക്കാ, സ്റ്റീൽ വിപണിയെ സംരക്ഷിക്കുവാൻ ശ്രമിച്ച കേന്ദ്രസർക്കാർ റബർ കർഷകരോടുള്ള ശത്രുതാമനോഭാവം തിരുത്തി റബറിനും അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുവാൻ തയ്യാറാകണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.