ചങ്ങനാശ്ശേരി: റബറിന്റെ രാജ്യാന്തരവില 177.56 രൂപയായി കുതിച്ചുയർന്നിട്ടും ആഭ്യന്തരവിപണിയിൽ റബർ ബോർഡുവില 145 രൂപയും വ്യാപാരിവില 142 രൂപയുമായി ഇടിച്ചുതാഴ്‌ത്തി വിപണി അട്ടിമറിക്കുവാൻ ശ്രമിക്കുന്നത് കർഷകദ്രോഹമാണെന്നും കേന്ദ്രസർക്കാരും റബർബോർഡും ഇതിന് ഒത്താശ ചെയ്യുകയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

രാജ്യാന്തര വിപണിവില നൽകി 25 ശതമാനം ഇറക്കുമതിച്ചുങ്കവും 3 ശതമാനം വീതം സെൻട്രൽ കസ്റ്റംസ് സെസ്സുകളും 4 ശതമാനം കൗണ്ടർ വെയിലിങ് ഡ്യൂട്ടിയും നൽകി മാത്രമേ നിയമപരമായ റബർ ഇറക്കുമതി സാധ്യമാകൂ. അങ്ങനെയെങ്കിൽ റബറിന് 240 രൂപ ആഭ്യന്തരവിപണിയിൽ ലഭിക്കേണ്ടതാണ്. ഇത് ഉന്നതകേന്ദ്രങ്ങൾ അട്ടിമറിച്ചിരിക്കുന്നത് കർഷകവഞ്ചനയാണ്. ഊഹക്കച്ചവടം മൂലമാണ് രാജ്യാന്തരവിപണിയിൽ വില ഉയർന്നതെന്നുള്ള റബർ ബോർഡ് വാദം വാസ്തവവിരുദ്ധമാണ്. ചൈനയിലേയ്ക്കുള്ള ഇറക്കുമതി ശക്തമായതും തായ്‌ലണ്ടിലെ റബർ ഉല്പാദനമേഖലയിൽ മഴയും വെള്ളപ്പൊക്കവും മൂലം ഉല്പാദനം കുറഞ്ഞതും ഒരുലക്ഷത്തി അറുപതിനായിരം ഹെക്ടർ സ്ഥലത്തെ പഴയമരങ്ങൾ പുതുകൃഷിക്കായി വെട്ടിമാറ്റിയതും രാജ്യാന്തര ഉല്പാദനത്തിൽ കുറവുവരുത്തിയിട്ടുണ്ട്. ഈ രാജ്യാന്തരവില ഉയർച്ചയുടെ ഗുണഫലം ഇന്ത്യയിലെ കർഷകർക്ക് ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കേന്ദ്രസർക്കാരും റബർബോർഡും ശ്രമിക്കേണ്ടതിനുപകരം ഒളിച്ചോടുന്നത് ശരിയല്ല. കഴിഞ്ഞ വർഷം വിലത്തകർച്ചയിൽ തായ്‌ലണ്ട് സർക്കാർ നേരിട്ട് കർഷകരിൽ നിന്നും സംഭരിച്ച വൻ സ്റ്റോക്ക് ഏതുനിമിഷവും വിപണിയിലിറക്കാം. മഴമാറി കാലാവസ്ഥ അനുകൂലമാകുമ്പോൾ ആസിയാൻ രാജ്യങ്ങളിൽ ഉല്പാദനം കൂടും. ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുമ്പോൾ ആദ്യദിവസങ്ങളിൽത്തന്നെ ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ചൈനയുടെ വിപണിയെ വരുംനാളുകളിൽ ഏറെ സ്വാധീനിക്കും. ഇവയെല്ലാം വിപണി വിലയിരുത്തുമ്പോൾ കേരളത്തിലെ കർഷകരും ചിന്തിക്കണമെന്ന് വി സി.സെബാസ്റ്റ്യൻ ഓർമ്മിപ്പിച്ചു.