- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളപരിഷ്ക്കരണം: സർക്കാർ ജനഹിത പരിശോധനയ്ക്ക് തയ്യാറാകണം: ഇൻഫാം ദേശീയസമിതി
കോട്ടയം: സംസ്ഥാന സർക്കാരിനുമുമ്പിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന ശമ്പളപരിഷ്‌ക്കരണ ശുപാർശകളിന്മേൽ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനുമുമ്പ് സർക്കാർ ജനഹിത പരിശോധനയ്ക്ക് തയ്യാറാകണമെന്നും സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കി ധവളപത്രം പൊതുജനസമക്ഷം ചർച്ചയ്ക്കായി സമർപ്പിക്കണമെന്നും ഇൻഫാം ദേശീ
കോട്ടയം: സംസ്ഥാന സർക്കാരിനുമുമ്പിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന ശമ്പളപരിഷ്‌ക്കരണ ശുപാർശകളിന്മേൽ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനുമുമ്പ് സർക്കാർ ജനഹിത പരിശോധനയ്ക്ക് തയ്യാറാകണമെന്നും സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കി ധവളപത്രം പൊതുജനസമക്ഷം ചർച്ചയ്ക്കായി സമർപ്പിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
45,428 കോടി രൂപ ഇക്കൊല്ലം നികുതി വരുമാനം പ്രതീക്ഷിക്കുന്ന സംസ്ഥാനം ജീവനക്കാരുടെ ശമ്പളത്തിനായി ഇതിനോടകം വകയിരുത്തിയിരിക്കുന്നത് 26,667.09 കോടി രൂപയും പെൻഷനുവേണ്ടി 13,171.93 കോടി രൂപയുമാണ്. കഴിഞ്ഞ കാലങ്ങളിൽ കടമെടുത്ത തുകയ്ക്കുള്ള പലിശ 10,952.10 കോടി രൂപയുമുണ്ട്. ശമ്പളവും പെൻഷനും പലിശയുമായി ആകെ 50,791.12 കോടി രൂപയുമാണെന്നിരിക്കെ 5,364 കോടി രൂപ കേന്ദ്രവിഹിതത്തിൽ നിന്നോ നികുതിയേതര മേഖലകളിൽ നിന്നോ കടമായോ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ അവസരത്തിലാണ് 5,11,487 ജീവനക്കാർക്കും 4,59,432 പെൻഷൻകാർക്കുമായി 5,277 കോടി രൂപയുടെ അധിക ശമ്പള പെൻഷൻ പരിഷ്‌ക്കരണ ശുപാർശകൾ 1.5 ലക്ഷം കോടി രൂപയോളം കടബാധ്യതയുള്ള സംസ്ഥാന സർക്കാരിന്റെ മുമ്പിലെത്തിയിരിക്കുന്നത്. ഇതു നടപ്പാക്കുന്നതിൽ നീതീകരണമുണ്ടോയെന്ന് നികുതിദായകരായ ജനങ്ങളുടെ അഭിപ്രായം ഹിതപരിശോധനയിലൂടെ ആരായുവാൻ ജനാധിപത്യ സർക്കാരിന് കടമയും ഉത്തരവാദിത്വവുമുണ്ടെന്നും ത്രിതല പഞ്ചായത്തുകളിലൂടെ അധികാര വികേന്ദ്രീകരണം നടപ്പാക്കിയിട്ടും 30,000-ത്തിലേറെ ജീവനക്കാർ ഇപ്പോഴും അധികമായി സെക്രട്ടറിയേറ്റ് ഡിപ്പാർട്ട്‌മെന്റുകളിൽ കുടിയിരുത്തപ്പെട്ടിരിക്കുന്ന അവസ്ഥയിന്മേൽ നടപടി വേണമെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.
ഇതിനോടകം വൈദ്യുതി നിരക്കു കൂട്ടി. ഭൂമി, വീട് എന്നിവയുടെ കരം പതിന്മടങ്ങായി വർദ്ധിപ്പിച്ചു. കാർഷിക മേഖലയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. 3 ലക്ഷത്തോളം നെൽ കർഷകരുടെ സംഭരിച്ച നെല്ലിന്റെ വില നാലുമാസം കഴിഞ്ഞിട്ടും നൽകുവാൻ പണമില്ലാതെ 225 കോടി രൂപ സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ കടമെടുക്കുകയാണ് ചെയ്തത്. വൻ സാമ്പത്തിക തകർച്ചയിൽ 12 ലക്ഷം റബർ കർഷകർക്കായി പ്രഖ്യാപിച്ചിരിക്കുന്ന 300 കോടി രൂപ നൽകാനുള്ള ശ്രമം വാക്കുകളായി തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ശതമാനം മാത്രമുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും വൻ ശമ്പളവർദ്ധനവിനും ആനുകൂല്യങ്ങൾക്കുമായി 97 ശതമാനം ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും സംഘടിത ന്യൂനപക്ഷ ജീവനക്കാർക്കായി അസംഘടിത ഭൂരിപക്ഷത്തെ ഞെക്കിപ്പിഴിയുവാൻ അനുവദിക്കില്ലെന്നും വിസി സെബാസ്റ്റ്യൻ മുന്നറിയിപ്പ് നൽകി