കോട്ടയം:കാർഷികമേഖലയിലെ വൻ സാമ്പത്തിക തകർച്ചയിൽ ജനജീവിതം വഴിമുട്ടുമ്പോഴും അടിയന്തരനടപടികൾക്കോ ഇടപെടലിനോ ശ്രമിക്കാതെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരിനെതിരെ ജനവികാരം വരുംനാളുകളിൽ രൂക്ഷമാകുമെന്ന് ഇൻഫാം. തീരദേശത്തും ഇടനാട്ടിലും മലയോരങ്ങളിലുമുള്ള ലക്ഷോപലക്ഷം ജനങ്ങൾ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. റബർവിലത്തകർച്ച മൂലമുണ്ടായിരിക്കുന്ന ദയനീയാവസ്ഥ തുടരുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വെല്ലുവിളിയുയർത്തുന്നതാണ് കേന്ദ്രസർക്കാരിന്റെ മത്സ്യബന്ധന നയം. അഴിമതി ആരോപണപ്രത്യാരോപണങ്ങളിൽ മുഴുകി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ മറന്നിരിക്കുകയാണ്. കർഷകജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് ഇൻഫാം നേതൃത്വം കൊടുക്കുമെന്ന് ദേശീയസമിതി ചൂണ്ടിക്കാട്ടി.

വിവിധ കർഷക പ്രസ്ഥാനങ്ങളുടെ ഐക്യനിര സജീവമാക്കുമെന്നും സംസ്ഥാനത്തുടനീളമുള്ള ഒട്ടനവധി കർഷകപ്രസ്ഥാനങ്ങൾ ഈ കൂട്ടായ്മയിലേയ്ക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നുവെന്നും ഇൻഫാം സൂചിപ്പിച്ചു. ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പിസി സിറിയക്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, അഡ്വ. പിഎസ് മൈക്കിൾ, കെ മൈയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.