- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുരേന്ദ്രന്റെ ജന്മനാട്ടിൽ അദ്ദേഹത്തിനെതിരെ ആസൂത്രിത നീക്കം; മാധ്യമങ്ങൾക്ക് പാർട്ടി വിരുദ്ധ വാർത്തകൾ ചോർത്തി നൽകുന്നു; വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിൽ എം ടി രമേശും കൂട്ടരും; ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണങ്ങളുമായി സുരേന്ദ്രൻ വിഭാഗം
കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ജന്മനാടായ കോഴിക്കോട്ട് അദ്ദേഹത്തിനെതിരെ നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രൻ വിഭാഗം രംഗത്ത്. എം ടി രമേശിന്റെ നേതൃത്വത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ ഉൾപ്പെടെയുള്ളവർ ചേർന്നാണ് കെ സുരേന്ദ്രനെ അപകീർത്തിപ്പെടുത്തുന്നതെന്നും മാധ്യമങ്ങൾക്ക് ഇവരാണ് പാർട്ടി വിരുദ്ധവാർത്തകൾ നൽകുന്നതെന്നും സുരേന്ദ്രൻ അനുകൂലികൾ ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപിച്ചു.
കുറച്ചു കാലങ്ങൾക്ക് ശേഷം ഓൺലൈനിലല്ലാതെ നടന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ കലാശിച്ചത്. വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളും മേഖലാ ഭാരവാഹികളും ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുത്തു.
കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ വിവിധ ജില്ലകളിലെല്ലാം പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട്ട് പ്രതിഷേധങ്ങൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല. വി കെ സജീവന്റെ താത്പര്യമില്ലായ്മയാണ് പ്രതിഷേധങ്ങൾ നടക്കാതിരിക്കാൻ കാരണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കുറ്റപ്പെടുത്തിയത്.
കോഴിക്കോട് ജില്ലയിൽ നടക്കുന്ന ബിജെപിയുടെ പരിപാടികളിൽ പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരെയാണ് പ്രധാനമായും പങ്കെടുപ്പിക്കുന്നത്. ഇവരെയും ഇവരെ അനുകൂലിക്കുന്ന നേതാക്കളെയും പരിപാടികളിൽ പങ്കെടുപ്പിക്കുമ്പോൾ കെ സുരേന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും തഴയപ്പെടുകയാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ജന്മനാടാണെങ്കിലും കോഴിക്കോട്ട് എതിർവിഭാഗത്തിനാണ് കൂടുതൽ സ്വാധീനമുള്ളത്. എം ടി രമേശ് കാര്യങ്ങൾ നിയന്ത്രിക്കുന്ന ജില്ലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പു യോഗങ്ങളും ഇടയ്ക്ക് നടക്കാറുണ്ട്. ഒരു വിഭാഗം നേതാക്കൾ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. മധ്യമേഖലയുടെ ചുമതലയാണ് എം ടി രമേശിനുള്ളത്. എന്നാൽ അദ്ദേഹം കോഴിക്കോട്ട് തന്നെ തുടരുന്നതിൽ സുരേന്ദ്രൻ വിഭാഗത്തിന് കടുത്ത അമർഷമുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.